കുടുംബശ്രീക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ അവാര്‍ഡ്

ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്ന പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയതിന് കുടുംബശ്രീക്ക് കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ അവാര്‍ഡ്. ശില്‍പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം 19ന് ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ സമ്മാനിക്കും. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന അഥവാ ഡി.ഡി.യു.ജി.കെ.വൈ 2014ലാണ് ആരംഭിച്ചത്. ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്‍കി ക്കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനം ഊര്‍ജിതമാക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഇന്ത്യയിലെ 23 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. കേരളത്തിന്റെ വിജയം അഭിമാനകരമാണ്. പരിശീലനാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മികച്ച രീതിയിലുള്ള അടിസ്ഥാന ഭൗതിക സാഹചര്യങ്ങള്‍, നൂതനവും വൈവിധ്യമുള്ളതുമായ കോഴ്‌സുകള്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള എന്‍.സി.വി.ടി എസ്.എസ്.സി സര്‍ട്ടിഫിക്കറ്റുകള്‍, നടത്തിപ്പിലെ സൂക്ഷ്മത തുടങ്ങി നിരവധി മേഖലകളിലെ മികവ് വിലയിരുത്തിയാണ് അവാര്‍ഡ് നിർണയിച്ചത്.

സാമ്പത്തിക പ്രയാസങ്ങള്‍ കാരണം തൊഴില്‍ പഠനം മുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതിയുടെ രൂപകല്‍പന. പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ ഏറെ പേര്‍ക്കും ടാലി, ബി.പി.ഓ, റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്നീ മേഖലകളിലാണ് ജോലി ലഭിച്ചിട്ടുള്ളത്. വിദേശങ്ങളിൽ നിരവധി പേർക്ക് തൊഴിൽ ലഭിച്ചു കഴിഞ്ഞു. ഇന്‍ഫോസിസ്, ഡെന്‍കെയര്‍, പി.ആര്‍.എസ്, ഏയ്ജീസ്, കിറ്റെക്‌സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചവര്‍ ഏറെയാണ്. ജോലി ലഭിച്ചവർക്ക് തുടര്‍പരിശീലനത്തിനും ഉദ്യോഗക്കയറ്റത്തിനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഗുണഭോക്താക്കളുടെ അഭിരുചിക്കും യോഗ്യതയ്ക്കും അനുസരിച്ചാണ് വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നത്. ഇതോടൊപ്പം വ്യക്തിത്വ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സ്‌പോക്കണ്‍ ഇംഗ്‌ളീഷ് എന്നിവയിലും വിദഗ്ധ പരിശീലനം നല്‍കുന്നുണ്ട്.

award for kudumbashree

NO COMMENTS