മെട്രോയെ വെറുതെ വിടൂ, പ്ലീസ് !

- ആർ ശ്രീകൺഠൻ നായർ

please leave metro from issues

പ്രധാനമന്ത്രി പങ്കെടുക്കുന്ന മെട്രോ ഉദ്ഘാടനം വിവാദമാക്കാനുള്ള കടുത്ത ശ്രമത്തിലാണ് ചില ആളുകൾ. വേദിയിൽ ആരെയൊക്കെ വിളിക്കുന്നു വിളിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് പുതിയ വിവാദം. എനിക്കൊരു ചെറിയ നിർദ്ദേശമുണ്ട്. മെട്രോയുമായി ബന്ധപ്പെട്ട എല്ലാ അതിഥികളെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരെ വേദിയുടെ ഏറ്റവും മുന്നിലിരുത്തുക. വേദിയിൽ മുഖ്യമന്ത്രിയും, പ്രധാന മന്ത്രിയും, ഗവർണറും മാത്രം മതി. സ്ഥലം എംഎൽഎ ഉൾപ്പെടെ എല്ലാ ആളുകൾക്കും വേദിക്ക് മുന്നിൽ ഇരിക്കാം. എല്ലാ രാഷ്ട്രീയക്കാരും തിക്കി തിരക്കി വേദിയിൽ തന്നെ ഇരുന്ന് ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യണം എന്ന മലയാളിയുടെ നിർബന്ധത്തിന് പിന്നിലെ യുക്തി എനിക്ക് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

ഇത്രയധികം ആളുകൾ തിങ്ങി വേദിയിലേക്ക് കയറിയാൽ അവിടെയുണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും അറിയാവുന്നത് കൊണ്ടാകാം ഒരു പക്ഷേ പ്രധാനമന്ത്രിയുടെ ഓഫീസ് അത് വേണ്ടെന്ന് പറയുന്നത്. ഈ മെട്രോ ഒരു പക്ഷേ കേരളത്തിന്റെ വളർച്ചയുടെ വഴിത്തിരുവിൽ ഒരു വെളിച്ചമാണ്. ഇതിനെ ഇങ്ങനെ വിവാദമാക്കാതെ വെറുതെ വിടൂ. ഉദ്ഘാടനത്തിന് വിളിക്കേണ്ടവരെ മുഴുവൻ മുന്നിൽ കസേരയിൽ മാലയിട്ട് ഇരുത്തിയാലും കുഴപ്പമില്ല. വേദിയിലിരിക്കുന്ന പ്രധാന മന്ത്രിയുടെ സുരക്ഷ നോക്കണം എന്ന് ശ്രീ ഇ ശ്രീധരൻ പറഞ്ഞത് ഓർക്കുമല്ലോ. ശ്രീ ഇ ശ്രീധരന്റെ പിന്നാലെ കൂടി അദ്ദേഹത്തെ കൂടി വിവാദത്തിന്റെ നടുത്തളത്തിലേക്ക് വലിച്ചിടാനുള്ള ശ്രമം ഒട്ടും ആശാസ്യകരമല്ല. ഈ ഉദ്ഘാടനമെങ്കിലും നമുക്ക് വിവാദമില്ലാതെ നടത്തിക്കൂടെ ?

please leave metro from issues

NO COMMENTS