Advertisement

കൊച്ചി മെട്രോ; അറിയാത്ത നായകർ

June 16, 2017
Google News 1 minute Read
kochi metro (1)

എല്ലാ ഗോപുരങ്ങൾക്ക് പിന്നിലും പാടിപ്പുകഴ്ത്താത്ത ആയിരം കൈകളുണ്ടാകും. പലരേയും ആശ്ലേഷിക്കുന്നതിനിടയിൽ അവരുടെ വിയർപ്പിന്റെ ഫലം ആരും കണ്ടില്ലെന്നും വരാം. എന്നാൽ ആ കൈകളൊന്ന് പിഴച്ചിരുന്നെങ്കിൽ ഇളകിയാടിയേനെ ആ ആകാശഗോപുരങ്ങൾ.

കൊച്ചി മെട്രോയ്ക്ക് പിന്നിലുമുണ്ട് ഇത്തരത്തിലുള്ള ആയിരം കൈകൾ. രാവും പകലുമില്ലാതെ അദ്ധ്വാനിച്ചവർ. കൊച്ചി മെട്രോ യാഥാർത്ഥ്യമായതിൽ മാതൃഭൂമിയുടെ മാധ്യമ പ്രവർത്തകൻ പി കെ മണികണ്ഠന്റെ പങ്ക് ചെറുതല്ല. ആഗോള ടെണ്ടർ എന്ന കടമ്പയിൽനിന്ന് ഡിഎംആർസിയുടെ കൈകളിലേക്ക് കൊച്ചി മെട്രോ പദ്ധതി എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു മണികണ്ഠൻ. കൊച്ചി മെട്രോയിൽ അഴിമതി നടന്നേക്കാവുന്ന സാധ്യതകളെ കുറിച്ച്‌ മണികണ്ഠൻ നിരന്തരം വാർത്തകൾ നൽകി. അദ്ദേഹത്തിന്റെ അന്നത്തെ ആ അദ്ധ്വാനത്തെ ഓർക്കുകയാണ് സുഹൃത്തും മാധ്യമപ്രവർത്തകനുമായ  ബി ബാലഗോപാൽ.

ബി ബാലഗോപാൽ എഴുതുന്നു

2012 ന്റെ തുടക്കത്തിൽ ഏതോ ഒരു ദിവസം ആണ് ഈ സംഭവം നടക്കുന്നത്. സ്ഥലം ഡൽഹിയിലെ കേരള ഹൌസ്സ്. ഉച്ച ഊണിന് ശേഷം ഞങ്ങൾ മൂന്ന് പേര് കേരള ഹൌസിന്റെ മെയിൻ ബ്ലോക്കിന് ഉള്ളിൽ ഉള്ള പടിക്കെട്ടിന് സമീപത്ത് നിൽക്കുക ആയിരുന്നു. എന്നോട് ഒപ്പം ഉണ്ടായിരുന്ന ഒരാൾ കേരള കൗമുദി ദിനപത്രത്തിന്റെ ഡൽഹി ബ്യുറോ ചീഫ് Prasoon S Kandath ആയിരുന്നു. മറ്റേ ആൾ ആരായിരുന്നു എന്ന കാര്യത്തിൽ ഒരു ചെറിയ അവ്യക്തത ഉണ്ട്. അത് കൊണ്ട് ആ പേര് ഞാൻ ഇവിടെ പരാമർശിക്കുന്നില്ല.

കെ എം ആർ എൽ ന്റെ അന്നത്തെ മാനേജിങ് ഡയറക്‌ടർ ടോം ജോസ് ഞങ്ങൾക്ക് അടുത്തേക്ക് വന്നു. മാതൃഭൂമിയിലെ മണികണ്ഠൻ ഇവിടെ ഉണ്ടോ എന്ന് ചോദിച്ചു. അൽപ്പം ദേഷ്യത്തോടെ ആയിരുന്നു ആ ചോദ്യം. മണികണ്ഠൻ ഇപ്പോൾ ഇവിടെ ഇല്ലാ എന്ന് പറഞ്ഞപ്പോൾ, ടോം ജോസ് തന്നെ അദ്ദേഹത്തിന്റെ ദേഷ്യത്തിന്റെ കാരണം വെളിപ്പെടുത്തി.

കൊച്ചി മെട്രോയുടെ നിർമ്മാണ കരാർ നൽകുന്നതിന് ആഗോള ടെൻഡർ വിളിക്കുന്നതിന് എതിരെ അക്കാലത്ത് എല്ലാ ദിവസങ്ങളിലും മാതൃഭൂമി ദിനപത്രത്തിൽ മണികണ്ഠന്റെ ബൈലൈൻ വച്ചുള്ള വാർത്തകൾ വരുമായിരുന്നു. ഡി എം ആർ സി യെയും. ഇ. ശ്രീധരനെയും ഒഴിവാക്കുന്നതിന് ആയിരുന്നു ഈ ആഗോള ടെൻഡർ എന്നായിരുന്നു ആ വാർത്തകളുടെ ഒക്കെ പൊതുവായ ലൈൻ. കൊച്ചി മെട്രോയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന ജെയ്‌ക്ക ആഗോള ടെൻഡർ വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്ന വാദത്തെ പൊളിച്ച് അടിക്കിയതും മണികണ്‌ഠന്റെ റിപ്പോർട്ട് കൾ ആയിരുന്നു. മണികണ്ഠന്റെ വാർത്തകൾക്ക് പിന്നിൽ ശ്രീധരനും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ഉണ്ണിയും ആയിരുന്നു എന്നാണ് എന്നോട് ഒരു പ്രമുഖ ഉദ്യോഗസ്ഥൻ പറഞ്ഞത്. അത് സത്യമാണോ അല്ലയോ എന്ന് ഇന്നും എനിക്ക് അറിയില്ല. അറിയാൻ ശ്രമിച്ചിട്ടും ഇല്ല.

ടോം ജോസിന് പുറമെ അന്ന് മന്ത്രിമാർ ആയിരുന്ന ഇബ്രാഹിം കുഞ്ഞ്, കെ എം മാണി, ആര്യാടൻ മുഹമ്മദ് എന്നിവർ ഒക്കെ ആഗോള ടെൻഡർ വിളിക്കണം എന്ന നിലപാടിൽ ആയിരുന്നു. സംസ്ഥാന ബ്യുറോക്രസിയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ, ടോം ജോസ്, കെ എം എബ്രഹാം, ജിജി തോംസൺ, തുടങ്ങിയവർ കൊച്ചി മെട്രോയുടെ നിർമ്മാണ കരാർ ആഗോള ടെൻഡറിലൂടെ കൈമാറണം എന്നാണ് ഫയലിൽ എഴുതിയത്. ഇതിൽ ചില രേഖകൾ ഞാൻ നേരിട്ട് കണ്ടിട്ടും ഉള്ളതാണ്.

വിവാദം മൂർച്ഛിച്ചപ്പോൾ ഈ ഫയൽ നോട്ടിങ്‌സ് ഒക്കെ അവഗണിച്ചാണ് ഉമ്മൻ ചാണ്ടി കൊച്ചി മെട്രോയുടെ നിർമ്മാണ കരാർ ഒരു ടെൻഡറും ഇല്ലാതെ ഡി എം ആർ സി ക്ക് കൈമാറിയത്. ഉമ്മൻ ചാണ്ടിയുടെ ആ ചങ്ക് ഉറപ്പ് സമ്മതിച്ചേ മതിയാകൂ. ഉമ്മൻചാണ്ടിയുടെ ഇടതും വലതും ഇരുന്നവർ ആഗോള ടെണ്ടറിലൂടെ കെട്ടിപൊക്കിയ സ്വപ്‌നങ്ങൾ വലുതായിരുന്നു. ആഗോള ടെൻഡറിലൂടെ വരുന്ന ഏജൻസികളിൽ നിന്ന് കമ്മീഷനോ മറ്റോ കിട്ടുമോ എന്ന് എനിക്ക് അറിയില്ല. ഫിനാൻഷ്യൽ അഡ്മിനിസ്ട്രേഷനും മറ്റും പഠിക്കുമ്പോൾ, ഈ അഴിമതി ഒഴുവാക്കുന്നതിനുള്ള ഒരു സംവിധാനം ആയാണ് ഈ ആഗോള ടെൻഡർ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.

മണികണ്ഠൻ മാത്രം അല്ല, എന്റെ സഹപ്രവർത്തകൻ ആയിരുന്ന Arun ഉൾപ്പടെ കൊച്ചി മെട്രോ വാർത്തകൾ കവർ ചെയ്തിരുന്ന ഡൽഹിയിലെ മലയാളി മാധ്യമ പ്രവർത്തകർ ഒക്കെ ഡി എം ആർ സി യ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടിയിരുന്നു. അക്കാലത്ത് രാജ്യസഭാ അംഗം ആയിരുന്ന പി രാജീവും, ഡി എം ആർ സിയ്ക്ക് വേണ്ടി ശക്തമായ നീക്കം നടത്തിയിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല.

കൊച്ചി മെട്രോയുടെ പിതൃത്വവും, മാതൃത്വവും അവകാശപ്പെട്ട് ഇപ്പോൾ കൊച്ചിയിലെ നിരത്തുകളിൽ ഉയർന്നിരിക്കുന്ന ഫ്ളക്സ് ബോർഡുകളിൽ ഒന്നിൽ പോലും മണികണ്ഠനെ പോലുള്ള Unsung heroes ന്റെ ചിത്രം കാണില്ല. ഒരു പൊതുപ്രവർത്തകൻ അല്ലാത്ത മണിയുടെ ചിത്രം ഒന്നും ഒരേടുത്തും വയ്‌ക്കേണ്ട കാര്യം ഇല്ല. എന്നിരുന്നാലും എന്റെ ഫേസ് ബുക്ക് വാളിൽ നിന്റെ ഒരു ചിത്രവും, ഈ കുറിപ്പും കിടക്കട്ടെ. മണിയുടെ റിപ്പോർട്ടുകൾ ഇല്ലായിരുന്നു എങ്കിൽ ശ്രീധരനും, ഡി എം ആർ സി യും ഒക്കെ എന്നേ കട്ടപ്പുറത്ത് ആയേനെ എന്ന് വിശ്വസിക്കുന്ന അപൂർവം ചില വ്യക്തികളിൽ ഒരാളാണ് ഞാൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here