രാംനാഥ് കോവിന്ദ് എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥിയായി രാംനാഥ് കോവിന്ദിന്റെ പേര് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചു. നിലവിൽ ബീഹാർ ഗവർണറാണ് കോവിന്ദ്. രണ്ടുതവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ കൂടിയാണ് അദ്ദേഹം. രാഷ്ട്രപതി സ്ഥാനാർത്ഥിയായി മാധ്യമങ്ങളിൽ എവിടെയും ഉയർന്ന് കേൾക്കാത്ത പേരാണ് രാംനാഥ് കോവിന്ദിന്റേത്.

സുഷമ സ്വരാജിന്റെ പേര് പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നുവെങ്കിലും പട്ടികയിലുള്ള പേരുകളൊന്നും പരിഗണിക്കാതെയാണ് പ്രഖ്യാപനം. ഈ വിവരം പ്രധാനമന്ത്രി നേരിട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. കേന്ദ്രം സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷമാകാം തങ്ങളുടെ അഭിപ്രായ പ്രകടനമെന്ന് സോണിയ വ്യക്തമാക്കിയിരുന്നു.

അതേസമയം സുഷമ സ്വരാജിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്താൽ തങ്ങൾ പിന്തുണയ്ക്കാമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു. ശിവസേന നിർദ്ദേശിച്ച മോഹൻ ഭാഗവതിന്റെയും എം എസ് സ്വാമിനാഥന്റെയും പേരുകൾ ബിജെപി തള്ളിയിരുന്നു.

 

 

 

NO COMMENTS