Advertisement

കശുഅണ്ടി വ്യവസായം രക്ഷിക്കാൻ കേരളത്തിന്റെ പുതിയ പദ്ധതി

June 25, 2017
Google News 0 minutes Read
cashew nuts

കേരളത്തിലെ കശുഅണ്ടി വ്യവസായത്തെ രക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 15 ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സമ്മേളനം ജൂൺ 28, 29 തീയതികളിൽ തിരുവനന്തപുരത്ത് ചേരുന്നു. സംസ്ഥാന സർക്കാർ വിളിച്ചു ചേർക്കുന്ന കശുഅണ്ടി സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയത്തിൻറെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിൻറെ ചരിത്രത്തിൽ ഇത്തരമൊരു ഉദ്യമം ആദ്യമാണ്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി ചെയ്യുക, അതു വഴി തൊഴിലാളികൾക്ക് വർഷം ചുരുങ്ങിയത് 300 ദിവസത്തെ ജോലി ഉറപ്പുനൽകുക, പരമാവധി കുറഞ്ഞ വിലയിൽ തോട്ടണ്ടി ലഭ്യമാക്കുക, കേരളത്തിൽ കശുമാവ് കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിന് ആഫ്രിക്കൻ രാജ്യങ്ങളുടെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തുക, ഇന്ത്യയുടെ കശുഅണ്ടി കയറ്റുമതി വരുമാനം 6,000 കോടി രൂപയിൽ നിന്ന് 9,000 കോടി രൂപയായി വർധിപ്പിക്കുക, കശുഅണ്ടി വികസന കോർപറേഷനെയും കാപ്പക്‌സിനെയും ലാഭത്തിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നയതന്ത്ര പ്രതിനിധികളുടെ സമ്മേളനം വിളിക്കുന്നതെന്ന് കശുഅണ്ടി വ്യവസായത്തിൻറെ ചുമതലയുള്ള മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഗുണനിലവാരമുള്ള തോട്ടണ്ടി മുടങ്ങാതെ ലഭിച്ചാലേ വ്യവസായം നിലനിർത്താൻ കഴിയൂ. അതിനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ഭാഗികമായ യന്ത്രവൽക്കരണവും പരിസ്ഥിതി സൗഹൃദമായ സംസ്‌കരണവും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കലും വ്യവസായം അഭിവൃദ്ധിപ്പെടുത്താൻ ആവശ്യമാണ്.

താജ് വിവാന്ത ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. 28ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്യും. ഐവറി കോസ്റ്റ്, ഗിനിയ ബിസ്സു, നൈജീരിയ, ബെനിൻ, ഘാന, ബുർക്കിനോ ഫാസോ, സെനഗൽ, ഗിനിയ, മാലി, ടോഗോ, ഗാംബിയ, ടാൻസാനിയ, മൊസാംബിക്ക്, കെനിയ, മഡഗാസ്‌കർ എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള അംബാസഡർമാരും മറ്റു നയതന്ത്ര പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here