ജിഎസ്ടി- ആശയും ആശങ്കയും

- ക്രിസ്റ്റീന ചെറിയാൻ

All about GST

ഒരു രാജ്യം, ഒരു നികുതി, ഒരു വിപണി എന്ന ആശയത്തിലേക്ക് രാജ്യം മിഴി തുറക്കുമ്പോള്‍ 17വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഒറ്റ നികുതിയിലേക്ക് എത്തുമ്പോള്‍ നടപടി ക്രമങ്ങള്‍ എളുപ്പമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒാണ്‍ലൈന്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നത് പല തരത്തിലുള്ള അഴിമതികള്‍ ഇല്ലാതാക്കുമെന്നത് മറ്റൊരു നേട്ടമായി കരുതപ്പെടുന്നു.
ജിഎസ്ടി സംവിധാനം നടപ്പാക്കിയ മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങളില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങളും ഉണ്ട്, ഫ്രാന്‍സ്, സിംഗപ്പൂര്‍, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നികുതി നിരക്ക് 20ശതമാനത്തില്‍ താഴ്ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ അത് 28ശതമാനം എന്ന പരിധിയിലാണ്. നികുതി നിരക്കിലെ ഈ വര്‍ദ്ധന തന്നെ ഭാരതത്തില്‍ ഈ സംവിധാനം എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക ഉണര്‍ത്തുന്നു.

ജിഎസ്ടിയില്‍ നിലവിലെ നികുതി നിരക്കിലും കൂടുതലായി ചില വസ്തുക്കള്‍ക്ക് നികുതി വരുമ്പോള്‍ നാണ്യപ്പെരുപ്പം കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 1994 ല്‍ സിംഗപ്പൂരില്‍ ജിഎസ്ടി നടപ്പാക്കിയപ്പോള്‍ വിലക്കയറ്റത്തിന്റെ തിക്ത ഫലങ്ങള്‍ അവര്‍ അനുഭവിക്കേണ്ടി വന്നു എന്നതും ഇന്ത്യ കരുതലായി എടുക്കേണ്ട കാര്യമാണ്. വിലക്കയറ്റം കുറയ്ക്കുക എന്ന അജന്‍ഡയില്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാതെയുള്ള സ്ഥിതി വിശേഷമാണ് രാജ്യത്ത് നിലവിലുള്ളത്. അങ്ങനെ വരുമ്പോള്‍ ജിഎസ്ടി മൂലം ഉണ്ടാകുന്ന നാണ്യപ്പെരുപ്പത്തിന് സമ്പദ് വ്യവസ്ഥ വലിയ വില കൊടുക്കേണ്ടി വരും. നോട്ടസാധുവാക്കലിന്റെ പരിണിത ഫലങ്ങള്‍ക്ക് ശേഷം സുഖം പ്രാപിച്ച് വരുന്ന അവസ്ഥയില്‍ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ചെറിയ തിരയിളങ്ങള്‍ക്കും വമ്പന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനാവും.

ചെറുകിട -ഇടത്തരം സംരംഭങ്ങളേയും വന്‍ വ്യവസായങ്ങളേയും ഒരേ പോലെ തന്നെ കാണുന്ന ചരക്ക് സേവന നികുതി പ്രാബല്യത്തിലാകുമ്പോള്‍ ചെറുകിട ഇടത്തരക്കാര്‍ ഏത് തരത്തില്‍ മത്സരത്തിന് തയ്യാറാകും എന്നതും ചോദ്യമാണ്. അല്ലെങ്കില്‍ അവരെ വന്‍കിട കമ്പനികളുമായി മത്സരിക്കത്തക്ക നിലയിലേക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ എന്ത് പ്രായോഗിക ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്- അല്ലെങ്കില്‍ ചെയ്യാന്‍ പോകുന്നതെന്ന് അറിയേണ്ടിയിരിക്കുന്നു. മലേഷ്യ ജിഎസ്ടി നടപ്പാക്കലില്‍ സമാനമായ സാഹചര്യം നേരിട്ടിരിരുന്നു.  ക്വാലാലംപൂരിലെ ചെറുകിട- ഇടത്തരം വ്യവസായികള്‍ മാസങ്ങളോളം സര്‍ക്കാറിനെതിരെ സമരം ചെയ്തത്  ജിഎസ്ടി നടപ്പാക്കല്‍ അവിടെ ലളിതമല്ലാതാക്കി.

ചരക്ക് സേനൃവന നികുതി നിലവില്‍ വന്ന ഇന്ന് തന്നെ ബിഹാറില്‍ ഒരു വിഭാഗം ആരംഭിച്ച പ്രക്ഷോഭം ഇതിന്റെ ഒരു ചെറിയ അനുകരണനമായി കാണാവുന്നതാണ്. വരും മാസങ്ങളില്‍ പുതിയ നയത്തിനെതിരെ നില്‍ക്കുന്നവരേയും അതിന്റെ നേട്ടങ്ങളിലേക്ക് കൊണ്ടുവരാനായില്ലെങ്കില്‍ 17വര്‍ഷത്തെ അധ്വാനത്തിന്റെ തിളക്കം കുറയാനിടയാക്കും. മൂന്ന് കോടിയിലേറെ ചെറുകിട ഇടത്തരം സംരംഭകരുടെ വെല്ലുവിളികള്‍ പരിഹരിക്കപ്പെടണം.

ജിഎസ്ടി വരുമ്പോള്‍ ഇന്ത്യയില്‍ അത് അത്ര സുഗമമല്ലാതെയാക്കിയതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്- ജിഎസ്ടി റെഡിനസ്‍. എത്രത്തോളം രാജ്യം ചരിത്രപരമായ ഒരു മാറ്റത്തിന് രാജ്യം എത്രത്തോളം സാങ്കേതികമായി തയ്യാറെടുത്തു എന്ന ചോദ്യം ഇപ്പോഴും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. മലേഷ്യ പോലുള്ള രാജ്യങ്ങൾ ഒന്നരവർഷത്തോളം സമയം ഇതിനായി നൽകിയപ്പോൾ ഇന്ത്യയിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് ലഭിച്ച തയ്യാറെടുപ്പ് കാലയളവ് വെറും 9 മാസത്തിലും താഴെയാണ്. ചരക്ക് സേവന നികുതിയിലേക്ക് മാറാൻ രാജ്യത്തെ മിക്ക വ്യവസായ സ്ഥാപനങ്ങൾക്കുമായിട്ടില്ലെന്ന വിമർശനവും ഉയർന്ന് വരുന്നുണ്ട്.

GST, GST office all set gst registration

ജിഎസ്ടി എന്ത് ? എങ്ങനെ നടപ്പിലാക്കും എന്ന ബോധവൽക്കരണം കൃത്യമായി ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞോ എന്നതിനും കൂടുതൽ പേരുടെയും ഉത്തരം ഇല്ലാ എന്ന് തന്നെയാണ്. വ്യാപാരി – വ്യവസായികൾക്കായി നടത്തിയ ചില ക്ലാസുകൾക്ക് ശേഷവും പലരുടെയും മസ്തിഷ്‌കവും ജിഎസ്ടി ശൂന്യമാണെന്ന് പറയുന്നു. താഴേക്കിടയിലുള്ള ജീവനക്കാർ വരെ സംശയങ്ങളുടെ കൂമ്പാരവുമായി നിൽക്കുന്നു. ഇതൊക്കെ തുടക്കത്തിൽ ഉള്ള പ്രശ്‌നമായി വേണം കരുതാൻ. കാലക്രമേണ സംവിധാനവുമായി പരിചയത്തിലാകുമ്പോൾ സംഗതികൾ ലളിതമായേക്കും.

ചരക്ക് സേവന നികുതി കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വരുമാന വർധനയാണ്. കൂടുതൽ പേർ നികുതി പരിധിയിൽ വരുന്നതോടെ സർക്കാരുകൾക്ക് കൂടുതൽ നികുതി ലഭിക്കും. ഇങ്ങനെ വരുന്ന അധിക തുക രാജ്യത്തെ ക്ഷേമ പദ്ധതികൾക്കായി വിനിയോഗിക്കാനാവും.

സേവന നികുതിയിൽ പകുതി ലഭിക്കുമെന്നതിനാൽ കേരളത്തിനും വരുമാന വർദ്ധന പ്രതീക്ഷിക്കുന്നതായി ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞിട്ടുണ്ട്. ജിഎസ്ടി വരുന്നതോടെ നികുതി വെട്ടിച്ചുള്ള വ്യാപാരം അസാധ്യമാകും. അതുവഴി നികുതി ചോർച്ചയും തടയാനാകും. ഇത് മറ്റൊരു നിലയ്ക്ക് ആദായ നികുതിയിലും വർദ്ധനയുണ്ടാക്കും. ഉപഭോക്താക്കൾക്ക് ഏകീകൃത നികുതി എത്രത്തോളം പ്രയോജനകരമാണെന്നറിയാൻ കുറച്ച് ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. അവശ്യ സാധനങ്ങൾ ചെറിയ നികുതി പരിധിയിലാണെന്നത് ആശ്വാസം തന്നെ. എന്നാൽ സാധാരണക്കാർ വ്യാപകമായി ഉപയോഗിക്കുന്ന പല സാധനങ്ങളും വലിയ നികുതി സ്ലാബിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്.

രജിസ്‌ട്രേഷൻ കഴിഞ്ഞാൽ ശരിയായ നികുതി പാത പിന്തുടരുന്നവർക്ക് വീണ്ടും വായ്പ ലഭ്യമാകും. വ്യവസായ ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ വാങ്ങുമ്പോൾ ഇൻപുട്ട് ക്രഡിറ്റിനും അർഹതയുണ്ട്. 20 ലക്ഷം വരെ വാർഷിക വിറ്റുവരവുള്ളവരെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയതിനാൽ ഈ വിഭാഗത്തിലെ വ്യവസായങ്ങൾക്ക് ഉണർവ്വ് പ്രതീക്ഷിക്കാം.

അന്തർ സംസഥാന നികുതികൾ ഇല്ലാതാകുന്നതോടെ പ്രവേശന നികുതിയെന്ന പേരിലുള്ള നൂലാമാലകൾ ഇല്ലാതാകുന്നു. മാർബിൾ, ഗ്രാനൈറ്റ് പോലുളളവയ്ക്ക് ഇതുമൂലം വില കുറയും. ചെക്ക് പോസ്റ്റുകൾ ഇല്ലാതാകുന്നതോടെ ചരക്ക് നീക്കം സുഗമമാകുകയും, ഈ നിലയിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയ്ക്ക് കൂച്ച് വിലങ്ങാകുകയും ചെയ്യും. പഴയപോലെ എക്‌സൈസ് റിട്ടേൺ, വാറ്റ് റിട്ടേൺ, സർവ്വീസ് ടാക്‌സ്, എന്നിവ തയ്യാറാക്കേണ്ടി വരില്ല, ജിഎസ്ടി ബുക്ക് മാത്രം സൂക്ഷിച്ചാൽ മതി.

പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിയിൽ ഉൾപ്പെടുത്താതിരുന്നത് ഈയിനത്തിൽ ഉപഭോക്താവിന് ലഭിക്കാമായിരുന്ന നേട്ടം ഇല്ലാതാക്കി കേന്ദ്ര – സംസ്ഥാന നികുതികൾ ചേർന്ന് 50 ശതമാനത്തിനുമേൽ നികുതി തന്നെ 2 വർഷത്തേക്കെങ്കിലും തുടരും. കാലക്രമേണ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ജിഎസ്ടിയുടെ പരമാവധി നികുതിയായ 28% ത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ പോലും പെട്രോൾ – ഡീസൽ ഇനത്തിൽ വമ്പൻ നേട്ടം ഉപഭോക്താക്കൾക്കുണ്ടായേനെ. ഇവയിലുണ്ടാകുന്ന വിലക്കുറവ് പതുക്കെ മറ്റിനങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുമായിരുന്നു.

സ്വന്തം ആവശ്യത്തിന് ഏത് സംസ്ഥാനത്തുനിന്നും എന്തുസാധനവും കൊണ്ടുവരാനാകും. ആവശ്യം തെളിയിക്കുന്ന രേഖകളും പിൻകോഡും നൽകിയാൽ മതിയാകും. എന്നാൽ ബില്ലിൽ ജിഎസ്ടി നമ്പർ പ്രിന്റ് ചെയ്‌തെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ചെക്ക് പോസ്റ്റുകളിൽ സുഗമമായി നടന്നിരുന്ന കോഴിക്കടത്തിനും പൂട്ടുവീഴും. 14.5 ശതമാനമായിരുന്ന നികുതി പൂജ്യത്തിലേക്കാക്കിയതോടെയാണിത്.

ബാങ്കിംഗ്, ഇൻഷുറൻസ്, ടെലികോം, ഗതാഗതം തുടങ്ങിയ സേവനങ്ങൾക്ക് ചെലവേറും. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷനുകൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങി. മൂന്ന് ശതമാനത്തോളം വർധനയാണുണ്ടാകുക. 14 ശതമാനം സേവന നികുതിയും ഒരു ശതമാനം സെസും ഉൾപ്പെടെ 15 % ഏർപ്പെടുത്തിയിരുന്നിടത്ത് 18 ശതമാനമായി. ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് (പ്രീമിയം), മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഇവയ്ക്കായി ഒരു ലക്ഷം രൂപ ചെലവാക്കുന്ന ഒരാൾക്ക് 3000 രൂപവരെ ചെലവ് കൂടും.

മൊബൈൽ- ടെലിഫോൺ ബില്ലുകളും, കേബിൾ, ഡിടിഎച്ച് സേവനങ്ങളും നാളെ മുതൽ പൊള്ളും. 250 രൂപയിൽ കൂടുതലുള്ള സിനിമാ ടിക്കറ്റുകൾ, ഹോട്ടലുകളിലെ താമസം, ഭക്ഷണം, സോഫ്‌റ്റ്വെയർ സേവനങ്ങൾ, ബിസിനസ്സ് ക്ലാസ് വിമാന ടിക്കറ്റുകൾ, ഗതാഗതം തുടങ്ങി ആയുർവേദ ചികത്സയുടെ ഭാഗമായ കഷായത്തിനും അരിഷ്ടത്തിനുമൊക്കെ വിലകൂടും.

തൊഴിൽ സൃഷ്ടിക്കാനും ജിഎസ്ടിക്ക് കഴിയുമെന്ന് വിലയിരുത്തുന്നുണ്ട്. അക്കൗണ്ട്, ടാക്‌സ്, സോഫ്‌റ്റ്വെയർ മാനേജ്‌മെന്റ് രംഗങ്ങളിൽ ഒരു ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

പുതിയൊരു നികുതിഘടനയിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ആശങ്കൾ തീർത്തും ഒഴിയണമെങ്കിൽ കുറച്ച് കാലം കാക്കേണ്ടി വരും. ജിഎസ്ടിയിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല. ജിഎസ്ടിയുടെ പൂർവ്വികനായ MODVAT 1986 ലെ രാജീവ് ഗാന്ധി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വിപി സിങ്ങ് കൊണ്ടു വന്നിരുന്നു. ജിഎസ്ടി എന്ന ആശയം കൊണ്ടുവന്നത് മൂന്ന് മുന്‍ ആർബിഐ ഗവർണ്ണർമാരായിരുന്നു. ഐഎസ് പട്ടേൽ, ബിമൽ ജലാന്‍, സി രംഗ രാജൻ എന്നീ മൂന്ന് ശിൽപ്പികളാണ് ഏറ്റവും അധികം ആദരവ് അർഹിക്കുന്നത്. അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് നടപ്പാക്കാനൊരുങ്ങിയ വാജ്‌പേയ് മുതൽ യുപിഎ-എൻഡിഎധനമന്ത്രിമാരും രാഷ്ട്രീയ പാർട്ടികളും പൊതു സമൂഹവും ഒറ്റക്കെട്ടായെടുത്ത തീരുമാനമാണിതെന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് മാത്രമായുള്ള കയ്യടി ഒഴിവാക്കുന്നു. 2013 ഒക്ടോബറിൽ വർഷം തോറും 14,000 കോടിയുടെ നഷ്ട സര്‍ക്കാറിനുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജിഎസ്ടി ബില്ലിനെ എതിർന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി തന്നെയാണ് ഇന്ന് പ്രധാന മന്ത്രി പദവിയാൽ അത് നടപ്പാക്കുന്നതെന്നതും കാലം കാത്തുവെച്ച അപൂർവ്വതയായി.

All about GST

NO COMMENTS