ഫഹദിനൊപ്പം ഇരിക്കുന്ന ‘തൊണ്ടിമുതലിനെ’ കണ്ടുകിട്ടി !!

- ബിന്ദിയ മുഹമ്മദ്

ഇന്നലെ ഇറങ്ങിയ ദിലീഷ് പോത്തൻ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും വൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ചിത്രത്തിനേക്കാളും ചർച്ച ചെയ്യപ്പെടുന്നത് വൈറ്റില ഗോൾഡ് സൂക്കിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥാപിച്ചിരിക്കുന്ന 3ഡി പോസ്റ്ററാണ്. ഫഹദ് ഫാസിലിന്റെ പോസ്റ്ററായതുകൊണ്ടല്ല ഇത്, മറിച്ച് ഒരു കൊച്ചു മിടുക്കി ഫഹദിനെ അനുകരിച്ച് പോസ്റ്ററിന് ചുവടെ ഇരുന്നതാണ് ഈ 3ഡി ചിത്രത്തെ ഇത്ര ഹിറ്റാക്കിയത്.

ഗോൾഡ് സൂക്കിൽ വെച്ച് ഈ 3ഡി പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അച്ഛൻ ഹരികൃഷ്ണനാണ് കുട്ടിയെ പോസ്റ്റിനരികെ നിർത്തി ഫോട്ടോ എടുക്കാൻ തീരുമാനിച്ചത്. എന്നാൽ അച്ഛനെയും അമ്മ വീണ ഹരിയെയും ഞെട്ടിച്ച് കൊണ്ട് ഹേതൽ എന്ന ഈ കൊച്ചു മിടുക്കി ഫഹദിനെ അനുകരിച്ച് പോസ്റ്ററിന് ചുവടെ വന്നിരുന്നു. അച്ഛന്റെ വക ഒരു ക്ലിക്ക്.

ചിത്രം കണ്ട് കൗതുകം തോന്നിയ അമ്മ വീണ തന്റെ ഫേസ്ബുക്കിൽ അത്‌ പോസ്റ്റ് ചെയ്തു. തൊണ്ടി’മുതലും’ ദൃക്‌സാക്ഷിയും !!’ എന്ന തലക്കെട്ടോടെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

വളരെ യാദൃശ്ചികമായി ചിത്രം കാണാനിടയായ സിനിമയുടെ സംവിധായകൻ ദിലീഷ് പോത്തൻ ഈ ചിത്രം തന്റെ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തതോടെ സംഭവം വൈറൽ.

സംവിധായകന് പിറകേ ചിത്രത്തിലെ മറ്റ് അണിയറപ്രവർക്കരും ചിത്രം ഷെയർ ചെയ്തു. പിന്നീട് നിരവധി ഓൺലൈൻ മാധ്യമങ്ങളും സംഭവം ഏറ്റെടുത്തു. ഇപ്പോൾ ആരാണ് ഈ കുട്ടി എന്ന് തെരഞ്ഞ് നടക്കുകയാണ് സോഷ്യൽ മീഡിയ.

സോഷ്യൽ മീഡിയയിൽ വെറും ഒറ്റ ക്ലിക്കിലൂടെ ഹിറ്റായ ഹേതൽ കൃഷ്ണ ഭവൻസ് സ്‌കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ്. കൊല്ലം സ്വദേശികളായ ഹരികൃഷ്ണന്റേയും, വീണ ഹരിയുടേയും മകളാണ് ഹേതൽ.

FB_IMG_1498919878805

Fahadh fasil 3D poster thondimuthalum driksakshiyum poster

NO COMMENTS