പകര്‍ച്ചവ്യാധി; പ്രത്യേക സ്‌ക്വാഡ് പരിശോധന ഊര്‍ജിതമാക്കി

raid

പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്നലെ കൊച്ചി ബൈപ്പാസില്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില ഭാഗങ്ങളില്‍ പരിശോധന നടത്തിയ സ്‌ക്വാഡ് അനധികൃതമായും ശുചിത്വമില്ലാതെയും പ്രവര്‍ത്തിച്ചിരുന്ന 25 കടകള്‍ നീക്കം ചെയ്തു. ഇതില്‍ നാലെണ്ണം മത്സ്യവില്‍പ്പന കേന്ദ്രങ്ങളാണ്.

എറണാകുളം ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍. ശ്രീനിവാസനാണ് സ്‌ക്വാഡിനെ നയിച്ചത്. വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് എറണാകുളം കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിലയിരുത്തി.  ബൈപ്പാസില്‍ മൂന്ന് ഹോട്ടലുകളടക്കം 33 കടകളാണ് സ്‌ക്വാഡ് പരിശോധിച്ചത്. ഇതില്‍ കോര്‍പ്പറേഷന്റെ ലൈസന്‍സോ ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെ ഒബ്‌റോണ്‍ മാളിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലിന് രേഖകള്‍ സമര്‍പ്പിക്കാന്‍ സ്‌ക്വാഡ് നോട്ടീസ് നല്‍കി. രേഖകള്‍ ലഭിച്ചില്ലെങ്കില്‍ ഹോട്ടല്‍ അടച്ചുപൂട്ടുമെന്നും ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. പാകം ചെയ്യാത്ത ഇറച്ചിയും ആഹാരസാധനങ്ങളും ഫ്രീസറില്‍ ഒന്നിച്ച് സൂക്ഷിച്ചിരുന്ന ഹോട്ടലുകള്‍ക്കും സ്‌ക്വാഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൈക്കോടതി ജംഗ്ഷന്‍ മുതല്‍ ഗോശ്രീ പാലം വരെയുള്ള ഭാഗത്ത് നടത്തിയ പരിശോധനയിലും 25 കടകള്‍ നീക്കം ചെയ്തിരുന്നു. പരിശോധന ഇന്നും തുടരും.

NO COMMENTS