Advertisement

“മാടമ്പ്യേട്ടാ..എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത്?പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ”- എന്നാല്‍ കേട്ടോളൂ എടുത്തു

July 4, 2017
Google News 0 minutes Read
preetha

കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഇന്നലെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡോക്ടറേറ്റ് എടുത്ത പ്രീതി മാടമ്പി നടന്നു കയറുന്നത് ഇത്തരം ചോദ്യമെറിഞ്ഞ് പിന്നോട്ട് വലിച്ച നിരവധി പേരുടെ മുന്നിലേക്കാണ്. തലയുയര്‍ത്തി നിവര്‍ന്ന് നില്‍ക്കുമ്പോഴും  ആ നേട്ടം ആഗ്രഹിച്ച, അതിനായി ചോര നീരാക്കി അധ്വാനിച്ച, മുണ്ട് മുറുക്കിയുടുത്ത സ്വന്തം അച്ഛന്‍ കൂടെയില്ലാത്തതിന്റെ വിഷമത്തിലാണ് പ്രീതി.   എന്നാല്‍ മാടമ്പി എന്ന ആ അച്ഛന്‍ ഇന്ന് ലോകത്തിന്റെ മുന്നില്‍ മാടമ്പി തന്നെയാണ്, തന്റെ രണ്ട് പെണ്‍ മക്കളേയും വിദ്യാഭ്യാസം നല്‍കാന്‍ അഹോരാത്രം പണിയെടുത്ത മാടമ്പി!! മകളുടെ വളര്‍ച്ച കണ്ട് അഹോരാത്രം അതിനായി അധ്വാനിച്ച മനുഷ്യന്‍  നാല് വര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞു.

19657493_1417877728306427_9187936215683148525_n

എങ്കിലും പ്രീതി കഴിഞ്ഞ ദിവസമെഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് വായികുന്ന എല്ലാവര്‍ക്കും നാല് വര്‍ഷം മുമ്പ് മറഞ്ഞ ആ കൂലിപ്പണിക്കാരനായ അച്ഛന്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ചൂടറിയാം. ആ വരികളിലൂടെ ആ വിയര്‍പ്പ് കണങ്ങളുടെ ഉപ്പുരസം കണ്ണുകളിലേക്കും പടര്‍ത്തി ആ പോസ്റ്റ് ഇപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

വലതു തോളിൽ കൈക്കോട്ടും ഇടതു കയ്യിൽ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയിൽ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയർത്തു ചെളി പറ്റിയ ചുവന്ന തോർത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടിൽ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യിൽ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യിൽ തന്നിട്ട് പറയും ” കൊണ്ടുപോയി അച്ഛന്റെ പേഴ്സിൽ വെക്ക്” എന്ന്.

പഠിക്കാൻ മിടുക്കികളായിരുന്ന പെണ്മക്കൾ ശൈശവം കഴിഞ്ഞു കൗമാരത്തിലേക് കടന്നപ്പോൾ ചിലവിനെ കുറിച്ചോർത്തു ആധി കൊള്ളുന്ന സമയത്താണ് എനിക്ക് നവോദയ സ്കൂൾ പ്രവേശനം ലഭിക്കുന്നത്. ” പോവാം അല്ലേ മോളെ ..”. ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. ബന്ധുക്കളിൽ ചിലർ അച്ഛനോട് ചോദിച്ചു ” അനക്ക് എന്തിന്റെ കേടാ മാടമ്പ്യേ…..കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ..”.അച്ഛൻ പക്ഷെ പുഞ്ചിരിച്ചു.

പിന്നീടങ്ങോട്ട് ഏഴു വര്ഷം സ്വർഗ്ഗത്തിലെന്ന പോലെ ജീവിച്ചു. ചോറിനു കൂട്ടാൻ ചേമ്പും പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വെച്ചാണ്. ചോറിനും കറികൾക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആർത്തിയോടെ തിന്നു. എല്ലാ മാസവും ക്ലാസ് ടീച്ചർ സഞ്ചയികയിലേക്കുള്ള കാശ്‌ ചോദിക്കുമ്പോൾ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നിൽ നാണം കെടാതിരിക്കാൻ സന്ദർശന ദിനത്തിൽ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛൻ എന്റെ കയ്യിൽ വെച്ച് തരുമായിരുന്നു.

11050248_860835460677326_5885683245765574004_n

വർഷങ്ങൾ കടന്നു പോയി. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേർന്നപ്പോൾ ചുറ്റുമുള്ളവർ വീണ്ടും പരിഹസിച്ചു. ” മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് …പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ …”
ജൂൺ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കോമേഴ്‌സ് ആൻഡ് മാനേജ്‌മന്റ് സ്റ്റഡീസ് സെമിനാർ ഹാളിൽ വെച്ച് എനിക്ക് ഡോക്ടറേറ്റ് അവാർഡ് ചെയ്തിരിക്കുന്നു.
പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here