Advertisement

എയ്ഡഡ് മേഖലയിൽ മൂന്ന് പുതിയ കോളേജുകൾക്ക് അനുമതി

July 5, 2017
Google News 1 minute Read
pinarayi pinarayi vijayan announces 10 lakhs as relief fund okhi cyclone 20 lakhs for those dead in ockhi cyclone disaster ockhi disaster pinarayi vijayan announces 20 lakh for deceased

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലിന്റെ കീഴിലുള്ള സർവ്വിസുകളെ സംബന്ധിച്ച ചുമതലകൾകേരള പബ്ലിക് സർവ്വീസ് കമ്മിഷൻ നിർവ്വഹിക്കുന്നതിന് ഓർഡിനൻസ്ഇറക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ട്രൈബ്യൂണലിന്റെ ഉദ്യോഗസ്ഥരേയും ജീവനക്കാരേയും നേരിട്ട് നിയമിക്കുന്നതിനുള്ള അധികാരം ഇതനുസരിച്ച് പി.എസ്.സിക്ക് ആയിരിക്കും.

നെല്ല് സംഭരണം നടത്തുന്ന മില്ലുടമകൾക്ക് നൽകുന്ന പ്രോസസ്സിംഗ് ചാർജ് ക്വിൻറലിന് 190 രൂയിൽനിന്ന് 214 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.

എയ്ഡഡ് മേഖലയിൽ മൂന്ന് പുതിയ കോളേജുകൾ അനുവദിക്കുന്നതിന് മന്ത്രിസഭ അനുമതി നൽകി. 1. ബിഷപ്പ് യേശുദാസൻ സി.എസ്.ഐ ആർട്‌സ് ആൻറ് സയൻസ് കോളേജ്, മുളയറ, തിരുവനന്തപുരം.
2. കാസർകോട് ബജാമോഡൽ കോളേജ് ഓഫ് ആർട്‌സ് ആൻറ് സയൻസ്.
3. ശബരീശ കോളേജ്, മുരുക്കുംവയൽ, മുണ്ടക്കയം.

2016-17 അദ്ധ്യയന വർഷം ഏറ്റവും കുറഞ്ഞത് 50 വിദ്യാർത്ഥികളില്ലാത്ത 63 ഹയർസെക്കൻററി ബാച്ചുകളിൽ 2017-18 അദ്ധ്യയനവർഷത്തേയ്ക്കുമാത്രമായി വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. ഒരു ബാച്ചിൽ 40 കുട്ടികളെങ്കിലുമില്ലെങ്കിൽ സ്ഥിരം അദ്ധ്യാപകരെ നിയമിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്.

സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ മാനദണ്ഡം പാലിക്കുന്നതിന് തിരുവനന്തപുരം തൃപ്പുണ്ണിത്തുറ, കണ്ണൂർ എന്നീ സർക്കാർ ആയുർവേദ ആശുപത്രികളിൽ 23 മെഡിക്കൽ ഓഫീസർമാരുടെ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

നിലമ്പൂർ, ദേവികുളം ആദിവാസി മേഖലകളിൽ ലഹരി ഉപയോഗം കുറയ്ക്കുന്നതിന് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിൽ 20 തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.

ചെറുകിട നാമമാത്ര കർഷകർക്ക് പെൻഷൻ നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതിവരുത്താൻ തീരുമാനിച്ചു. ഇതനുസരിച്ച് ആയിരം രൂപ കർഷക പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും അർഹതയുണ്ടായിരിക്കും. എന്നാൽ 21.01.2017 മുതൽ പുതുതായി കർഷക പെൻഷന് അർഹരാകുന്നവർക്ക് സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ല.

മഹാകവി ജി. ശങ്കരക്കുറുപ്പിന് സ്മാരകം നിർമ്മിക്കുന്നതിന് കൊച്ചിയിൽ 25 സെൻറ് സ്ഥലം വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കുന്നതിനും തീരുമാനിച്ചു. ഇതു സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യും.

സ്റ്റേറ്റ് ഇൻറസ്ട്രിയൽ സെക്യൂരിറ്റി പോസ്റ്റിൽ 345 തസ്തിക സൃഷ്ടിച്ച് വിവിധ സ്ഥാപനങ്ങളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്താൻ തീരുമാനിച്ചു. ആംഡ് പോലീസ് ബറ്റാലിയനിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ആയിരിക്കും നിയമനം നടത്തുക.

കർഷക ക്ഷേമ വകുപ്പിലെ സീനിയർ അഡീഷണൽ കൃഷി ഡയറക്ടർ പി.ഷീലയ്ക്ക് പ്രമോഷൻ നൽകി കൃഷി (പിപിഎം സെൽ) ഡയറക്ടർ ആയി നിയമിക്കാൻ തീരുമാനിച്ചു.

ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്‌മെൻറ് ആൻറ് ട്രെയിനിംഗ് ഡയറക്ടറായി നിമയിക്കാൻ തീരുമാനിച്ചു. പകരം വയനാട് സബ് കലക്ടർ പ്രേംകുമാറിനെ ദേവികുളം സബ് കലക്ടർ ആയി നിയമിക്കും. പെരിന്തൽമണ്ണ സബ് കലക്ടർ ജാഫർമാലിക്കിനെ ടൂറിസം അഡീഷണൽ ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. പ്ലാനിംഗ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. പട്ടികജാതി വകുപ്പ് ഡയറക്ടർ പുകഴേന്തിയെ മിൽമ എം.ഡി. ആയി നിയമിക്കാൻ തീരുമാനിച്ചു.

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻറ്‌ലൂം ടെക്‌നോളി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു. പുതുതായി രൂപീകൃതമായ ആന്തൂർ നഗരസഭയിൽ എട്ട് തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here