പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്താൻ കുടുംബശ്രീ സർവ്വേ

street sleep

സ്വന്തമായി ഭവനമില്ലാതെ പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്ന മുഴുവൻ ആളുകളെയും കണ്ടെത്താൻ സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശങ്ങളിലും സർവേ നടത്താൻ ഒരുങ്ങി കുടുംബശ്രീ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 14 നഗരസഭകളിൽ പ്രാരംഭമായി നടത്തിയ സർവേയിൽ ഇരുനൂറ്റി അമ്പതോളം വ്യക്തികളെ കണ്ടെത്തിയതിനെ തുടർന്നാണ് പ്രധാന സർവേ നടത്തുന്നത്. സർവേ ജൂലൈ 15ന് ആരംഭിക്കും.

പുതിയ സർവേ വിജയകരമായി പൂർത്തിയാക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവേയുടെ വിവരങ്ങൾ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വിശദമായ സർവ്വേ പ്ലാൻ തയ്യാറാക്കും. സർവ്വേ ചെയ്യുമ്പോൾ ഉണ്ടാകാവുന്ന പ്രായോഗിക തടസങ്ങളെ തരണം ചെയ്യുന്നതിനു വേണ്ടിയാണിത്. തെരുവിൽ അന്തിയുറങ്ങുന്നവരുടെ മുഴുവൻ വിശദാംശങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പോലീസ് ഉദ്യോഗസ്ഥർ രാത്രികാല തെരുവു കച്ചവടക്കാർ, നൈറ്റ് സർവീസ് ഓട്ടോ ടാക്‌സി ഡ്രൈവർമാർ, നൈറ്റ് വാച്ച്മാൻമാർ തുടങ്ങിയവരുമായും കൂട്ടായ ചർച്ച നടത്തി എല്ലാ ഭവനരഹിതരെയും കണ്ടെത്തും. പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്ന എല്ലാ ഭവനരഹിതരും നഗരത്തിലെ എല്ലാ മേഖലയും സർവേയിൽ ഉൾപ്പെട്ടുവെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം അതത് നഗരസഭാ സെക്രട്ടറിക്കാണ്.

പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന സർവേ ചെറിയ നഗരങ്ങളിൽ പരമാവധി രണ്ടു ദിവസത്തിനുള്ളിലും ഒരു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഏഴു ദിവസം കൊണ്ടും അഞ്ചു ലക്ഷത്തിനു മുകളിൽ ജനസംഖ്യയുളള നഗരങ്ങളിൽ പത്തു ദിവസം കൊണ്ടും പൂർത്തിയാക്കണം. ദേശീയ നഗര ഉപജീവന ദൗത്യം സിറ്റി മിഷൻ മാനേജ്‌മെന്റ് യൂണിറ്റിലെ അംഗങ്ങളും കോർപ്പറേഷൻ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ആരോഗ്യ വിഭാഗം ജീവനക്കാരും പോലീസും ഉൾപ്പെടുന്ന ഒരു ടീമായിരിക്കും സർവേ നടത്തുക. ഒരു ടീമിൽ കുറഞ്ഞത് മൂന്നു പേർ വീതമുണ്ടായിരിക്കും.

ഇപ്രകാരം കണ്ടെത്തുന്നവരുടെ എണ്ണത്തിന് ആനുപാതികമായി എല്ലാ നഗരപ്രദേശങ്ങളിലും സുസ്ഥിര അഭയകേന്ദ്രങ്ങൾ ഒരുക്കും. സുരക്ഷിതത്വം, ശുചിത്വ സൗകര്യങ്ങൾ, ശുദ്ധജലലഭ്യത എന്നിവയോടു കൂടിയതായിരിക്കും പുതിയ പാർപ്പിട സംവിധാനം. കുടുംബശ്രീ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം മുഖേന നഗരസഭകൾ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നഗരപരിധിയിൽ 24 മണിക്കൂറും ഈ അഭയകേന്ദ്രങ്ങൾ പ്രവർത്തിക്കും. നഗരത്തിൽ നിന്നും ജീവനോപാധി കണ്ടെത്തുന്നവർക്ക് തടസം കൂടാതെ ഏതു സമയത്തും ജോലിക്കു പോകുന്നതിനും തിരികെ വരുന്നതിനും സഹായകമാകുന്ന രീതിയിലാണ് ഈ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനരീതി. തുച്ഛമായ വേതനം വാങ്ങി അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത പാർപ്പിടങ്ങളിൽ താമസിക്കുന്നവർക്കും കൂടാതെ മറ്റു സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിരക്ഷ ഇല്ലാതെ ജീവിക്കുന്നവർക്കും പുതിയ പാർപ്പിട പദ്ധതി ഏറെ പ്രയോജനകരമാകും.

NO COMMENTS