സെക്‌സ് എന്ന വാക്ക്‌ എന്തിന് കുട്ടികളിൽനിന്ന് മറച്ച് വയ്ക്കണം ?

sex education

എല്ലാ രക്ഷാകർത്താക്കളും നേരിടുന്ന വെല്ലുവിളികളിലൊന്നാണ് എന്താണ് സെക്‌സ് എന്ന മക്കളുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്നത്. അല്ലെങ്കിൽ വാർത്തകളിൽ നിറയുന്ന റേപ്പ് എന്താണെന്ന അവരുടെ സംശയം. ഉത്തരം മുട്ടിപ്പോകുന്നവരാണ് മിക്ക രക്ഷാകർത്താക്കളും. ചിലപ്പോൾ ചീത്ത പറഞ്ഞ് മക്കളുടെ വായ അടപ്പിക്കുമായിരിക്കും.

എന്നാൽ മക്കൾ ഇതെല്ലാം അറിഞ്ഞും മനസ്സിലാക്കിയും വളരണം. ഒപ്പം പരസ്പരം ബഹുമാനിക്കാനും അവർ പഠിക്കണം. തന്റെ മകന് എന്തെല്ലാം പറഞ്ഞുകൊടുത്താണ് വളർത്തുന്നതെന്ന് പറയുന്നു അധ്യാപികയും അഭിഭാഷകയുമായ സന്ധ്യ റാം. തന്റെ മകനെ വളർത്തുന്നത് സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിച്ചുകൊണ്ടാണെന്നും പറയുന്നു സന്ധ്യ.

അവരുടെ സംശയങ്ങൾ ചെറുതല്ല…
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയിൽനിന്ന് പെൺകുട്ടി ഗർഭിണിയാകുന്നുവെന്ന വാർത്തകൾ നിരന്തരം കേൾക്കുന്ന ഇന്നത്തെ കാലത്ത് എന്താണ് ലോകമെന്ന് അവർ അറിയണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള വകതിരിവ് രക്ഷാകർത്താക്കളിൽനിന്ന്, കുടുംബത്തിൽനിന്ന് അവർക്ക് ലഭിക്കണം.

സന്ധ്യ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…

കഴിഞ്ഞ കൊല്ലം ആണ് എന്റെ സുഹൃത്തും ‘ദി ഹിന്ദു’ ദിനപത്രത്തിന്റെ സീനിയർ റിപോർട്ടറുമായ സുധി എന്നോട് ആ വാർത്തയെ കുറിച്ച് , അല്ല ആ സംഭവത്തെ കുറിച്ച് പറയുന്നത്. കേരളത്തിൽ നടന്ന ഒരു സംഭവം. ഒരു പന്ത്രണ്ടുകാരനു തന്റെ അടുത്ത ബന്ധുവായ ഒരു പതിനാറുകാരിയിൽ ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു.

ആദ്യ ഞെട്ടലിനു ശേഷം അതൊരു വേദനയായി മനസ്സിൽ നിന്നു. ഒരു പത്രപ്രവർത്തകന്റെ വാർത്താ ഔത്സുക്യം അല്ല, മറിച്ചു ഒരു അച്ഛന്റെ , അല്ലെങ്കിൽ സത്യസന്ധമായി കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ഒരുവന്റെ വേദന തന്നെയാണ് ഞാൻ സുധിയിലും കണ്ടത്.

അതോടൊപ്പം തന്നെ നിയമപരമായ ധാരാളം ചോദ്യങ്ങൾ ഉയർത്തുന്ന ഒരു പ്രശ്നം ആണത്. പെൺകുട്ടിക്ക് പതിനെട്ടു വയസ്സാകാത്തതിനാൽ ഇത് ചൈൽഡ് അബ്യുസ് തന്നെയാണ്. പോക്സോ നിയമ പ്രകാരം ശിക്ഷിക്കപ്പെടാവുന്ന ഗുരുതരമായ തെറ്റ്. എന്നാൽ ഇവിടെ ആൺകുട്ടിയും പ്രായപൂർത്തിയാകാത്ത കൊച്ചുകുട്ടിയാണ്. അതിനാൽ ജുവനൈൽ നിയമം പ്രകാരമാകും അവനെതിരെയുള്ള കേസും ശിക്ഷയും. ആ സംഭവത്തിന്റെ തുടർവാർത്തയായി പിന്നീട് കണ്ടു ആ പെൺകുട്ടി പ്രസവിച്ചു എന്നും, ആ കുഞ്ഞിനെ അവളുടെ അച്ഛൻ വളർത്താൻ തീരുമാനിചു എന്നും. ഒരു സുഹൃത്തു പറഞ്ഞറിഞ്ഞതനുസരിച്ചു, ഈ ആൺകുട്ടി വല്ലാത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്, കുഞ്ഞിനെ കാണണോ എന്ന് കോടതിയിൽ ജഡ്ജി ചോദിച്ചപ്പോൾ വേണ്ട എന്നവൻ പറഞ്ഞു അത്രേ.

ആലോചിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും, ഇതിൽ ക്രിമിനൽ ബുദ്ധിയൊന്നുമില്ല. ചെറിയ പ്രായത്തിൽ തോന്നിയ സെക്ഷ്വൽ ഇമ്പൾസ് കൈകാര്യം ചെയ്യാൻ അവനു ആയില്ല. അവൾക്കും. നിയമത്തിന്റെ രീതിക്കു കൃത്യമായി നോക്കിയാൽ, അവന്റെ മേൽ നടന്നിരിക്കുന്നതും അബ്യുസ് തന്നെയാണ്, അവളെയും പോസ്കോ നിയമത്തിനു കീഴിൽ കുറ്റക്കാരിയാക്കാൻ ആകും. വിചിത്രമായ ഒരു നിയമപ്രശ്നം. രണ്ടു പേരും ഇരകൾ, രണ്ടു പേരും കുറ്റക്കാരും.

ഈ പെൺകുട്ടി പ്രസവിച്ച അവസരത്തിൽ ചില പത്രങ്ങളിൽ ഈ വാർത്ത വലിയ തലക്കെട്ടോടെ തന്നെ വന്നു. അലോസരപ്പെടുത്തുന്ന തലക്കെട്ട് തന്നെ, സംശയമില്ല. എന്നാൽ അത് വാർത്തയാണ്, അത് കൊണ്ട് തന്നെ അത് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്. ആരുടേയും പേരോ മറ്റു വിവരങ്ങളോ ഒന്നുമില്ലാത്ത റിപ്പോർട്ടിങ് ആവശ്യമാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

എന്നാൽ ഈ പത്രവാർത്തയോട് പല കൂട്ടുകാരും പ്രതികരിക്കുന്ന രീതി കണ്ടപ്പോൾ കൂടുതൽ വേദന തോന്നി. ഇത്തരം വാർത്തകൾ കുട്ടികളുടെ കണ്ണിൽ പെടും മുമ്പ് പത്രത്തിന്റെ ആ പേജ് തന്നെ നശിപ്പിച്ചു എന്ന് പറയുന്നൊരു സുഹൃത്, അങ്ങനെ പലരും. എല്ലാവരും ഒരു എസ്‌കേപ്സിം മോഡ് ആണ് അവലംബിക്കുന്നത് എന്നെനിക്ക് തോന്നി. ഈ സംഭവത്തിലെ ആണ്കുട്ടിയ്ക്ക് പന്ത്രണ്ടു വയസ്സാണ്. ഈ പ്രായത്തിലെ ഒരു കുട്ടിയുടെ ‘അമ്മ എന്നത് കൊണ്ടാണോ ഞാൻ കൂടുതൽ അസ്വസ്ഥയായതു എന്നറിയില്ല.

പക്ഷെ ഒന്ന് ഞാൻ ശ്രദ്ധിച്ചു, നമ്മുടെ പൊതുബോധത്തിൽ ഇതൊക്കെ മറ്റു വീടുകളിൽ മാത്രം നടക്കുന്ന കാര്യങ്ങൾ ആണ്. നമ്മുടെ വീട്ടിൽ അതിനുള്ള ഒരു സാധ്യതയും നമ്മൾ കാണുന്നില്ല. നല്ലതു തന്നെ. പക്ഷെ ഒന്നോർക്കണം, ഈ സംഭവം ഉണ്ടാകുന്നത് വരെയും, അങ്ങനെയൊരു സാധ്യത ആ വീട്ടിലെ അച്ഛനമ്മമാരും കണ്ടിരുന്നില്ല എന്നത്.

ഞാൻ ഈ വാർത്ത അറിഞ്ഞ ദിവസം വൈകുന്നേരം തന്നെ, വർത്തമാനത്തിനിടയിൽ എന്റെ മോനോട് അതേ കുറിച്ച് ഏറെ കുറെ പറഞ്ഞു. ഞാൻ അവനോട് നേരിട്ട് ചോദിച്ചു ഡൂ യു നോ വാട്ട് ഈസ് മെൻറ് ബൈ ഹവിങ് സെക്സ്. ഇംഗ്ലീഷ് ആയിരുന്നു ഇത് സംസാരിക്കാൻ എനിക്ക് ഒതുങ്ങിയ ഭാഷ. അവൻ ഒന്ന് അതിശയിച്ചതു പോലെ, എന്നിട്ട് പറഞ്ഞു, ഉമ്മ വെയ്ക്കും എന്ന് മാത്രം അറിയാം. ഞാൻ ചോദിച്ചു നിനക്കറിയാണോ അതെന്താണെന്നു, അവൻ വേണ്ട എന്ന് പറഞ്ഞതു കൊണ്ട് ഞാൻ അതെ കുറിച്ചൊന്നും പറഞ്ഞില്ല. എന്നാൽ തുടർന്നു: അങ്ങനെ ചെയ്താലുള്ള ഒരു സാധ്യത പെൺകുട്ടി ഗർഭിണി ആകും എന്നതാണ്. ഗർഭിണി ആകുക എന്ന് വെച്ചാൽ ഒരു കുഞ്ഞു വയറിൽ വളർന്നു തുടങ്ങി പിന്നീടാ കുഞ്ഞു ജനിക്കും എന്നാണർത്ഥം. കുഞ്ഞു ഉണ്ടായാൽ, ആ കുഞ്ഞിന് അമ്മ മാത്രമല്ല ഒരു അച്ഛനും ഉണ്ടാകും. അതാണ് ആ കുട്ടികൾക്ക് സംഭവിച്ചത്. ഇപ്പോൾ ആ ആണ്കുട്ടിക്കെതിരെ ക്രിമിനൽ കേസും ആയി.

പതിനെട്ടു വയസ്സ് തികയാത്ത ഒരു പെൺകുട്ടിയെ അവൾ സമ്മതിച്ചാലും ഇല്ലെങ്കിലും ഇത്തരത്തിൽ തൊടാൻ പാടില്ല, അങ്ങനെയൊന്നും സംസാരിക്കാനോ പടങ്ങൾ കാണിക്കാനോ ഒന്നും പാടില്ല. കാരണം അതൊക്കെ ക്രൈം ആണ്. ജയിലിൽ പോകുന്ന വിധത്തിൽ ശിക്ഷ കിട്ടുന്ന തെറ്റുകൾ ആണ്. പതിനെട്ടു വയസ്സ് കഴിഞ്ഞ പെൺകുട്ടിയെ ആണെങ്കിലും അവളുടെ സമ്മതമില്ലാതെ തൊടാനോ ഒന്നും പാടില്ല. അതും ക്രൈം ആണ്. പതിനെട്ടു വയസ്സാകും മുമ്പ് നീയും ഇങ്ങനൊന്നും ചെയ്യാൻ പാടില്ല. അതെന്റെ റൂൾ.

പിന്നെ മോനിപ്പോ ചെറിയ കുട്ടിയാണ്, മോനെയും ആരെങ്കിലും ഉപദ്രവിക്കാനോ ഇത്തരത്തിൽ പെരുമാറാനോ വന്നാൽ, അമ്മയോട് അല്ലെങ്കിൽ അച്ഛനോട് പറയണം. ഇനി ഹൈ സ്കൂൾ ഒക്കെ ആകുമ്പോൾ ഓരോ സംശയങ്ങൾ ഒക്കെ തോന്നും, അതൊക്കെ സ്വാഭാവികം ആണ്. എന്ത് വേണമെങ്കിലും എപ്പോ വേണമെങ്കിലും അമ്മയോട് ചോദിച്ചാൽ അമ്മ പറഞ്ഞു തരും.

ഒക്കെ കേട്ടിട്ട് അവൻ അമ്മാ ഞാൻ കളിയ്ക്കാൻ പോകുന്നേ എന്ന് പറഞ്ഞു എന്നത്തേയും പോലെ കളിക്കാനായി പോയി. പിന്നീടു അതെ കുറിച്ചൊന്നും ഞാൻ പറഞ്ഞില്ല,

നിർഭയ സംഭവം നടന്ന സമയത്തു, അവൻ ഇതിലും ചെറിയ കുട്ടിയാണ്. അന്നൊക്കെ ടിവിയിൽ റേപ്പ് എന്ന് കേൾക്കുമ്പോൾ അവൻ ചോദിച്ചിട്ടുണ്ട് അതെന്താണ് എന്ന്. പെൺകുട്ടികളെ സെക്ഷ്വലി ഉപദ്രവിക്കുന്നതാണ് എന്ന് അന്ന് ഞാൻ പറഞ്ഞു. സെക്സ് എന്ന വാക്ക് അവനോട് വളരെ കൂൾ ആയി പറയുന്നതാണ് ശെരിയായ രീതിയെന്ന് എനിക്കന്നു തോന്നി. അവനു മനസ്സിലായാലും ഇല്ലെങ്കിലും. അവൻ പിന്നീടൊന്നും ചോദിച്ചില്ല, കൂടുതൽ മനസ്സിലാക്കിക്കാൻ ഞാനും ശ്രമിച്ചില്ല.

ഒന്ന് മാത്രം അന്നും ഇന്നും അവസരം കിട്ടുമ്പോളൊക്കെ ഞാൻ അവനോട് പറയുന്നുണ്ട്, പെൺകുട്ടികളെ ഉപദ്രവിക്കരുത്, ഒരു വിധത്തിലും. നിന്റെ മേൽ അവർ ഏറ്റവും വിശ്വസിക്കണം, ഇഷ്ടപ്പെടണം, അങ്ങനെയാവണം എന്റെ മോൻ.
.
പത്രത്താളുകളിൽ നിന്നും വാർത്തകളിൽ നിന്നും സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമണ വാർത്തകളിൽ നിന്നും അവനെ ഒളിച്ചു വെച്ച് വളർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാം മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ അവൻ വളരട്ടെ എന്നാണെന്റെ പ്രാർത്ഥന.

ഇപ്പോൾ ഇതൊക്കെ ഓർമിക്കാൻ കാരണം ഇന്ന് രാവിലെ കണ്ട പത്ര വാർത്തയാണ്. ഇതും കേരളത്തിൽ നടന്നത് തന്നെ. ഇത്തവണ പന്ത്രണ്ടു വയസ്സുകാരി ഗർഭിണിയാണ്, പതിനാറു വയസ്സായ സ്വന്തം സഹോദരനിൽ നിന്നും. ഗർഭം അലസിക്കാൻ കഴിയാത്ത വിധത്തിൽ കാലം കടന്നു പോയത് കൊണ്ട് ആ കുരുന്നു അമ്മയാകാൻ നിര്ബന്ധിതയായിരിക്കുകയാണ്. ആൺകുട്ടിയെ ‘അമ്മ ജാമ്യത്തിൽ ഇറക്കിയിരുന്നു, കേസ് വഴിയേ നടക്കും, പതിനാറു വയസ്സല്ലേ, അത് കൊണ്ട് തന്നെ എളുപ്പമല്ല കാര്യങ്ങൾ.

ഇതൊക്കെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ആണ്. റിപ്പോർട്ട് ചെയ്യപ്പെടാത്ത എന്തൊക്കെ ഇനിയും ഉണ്ടാകും.

എനിക്കൊന്നേ പറയാനുള്ളൂ. കുട്ടികളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. കഴിവതും നിയമവശം കൂടി പറഞ്ഞു കൊടുക്കുക, പ്രത്യേകിച്ചും ആൺകുട്ടികൾക്ക്. അവർ ചെറുതാണ് മനസ്സിലാകില്ല, എന്നതൊക്കെ ഉള്ള തോന്നൽ വെറും ഒഴിഞ്ഞു മാറലുകൾ ആണ്.

എത്രയെത്ര കേസുകൾ ജഡ്ജിമാർ തന്നെ പറഞ്ഞു കേട്ടിരിക്കുന്നു, പ്ലസ് ടു നു പഠിക്കുന്ന കുട്ടികൾ പ്രേമിക്കുന്നു ഒളിച്ചോടുന്നു ചിലപ്പോൾ പെൺകുട്ടി ഗർഭിണിയാകുന്നു, മറ്റു ചിലപ്പോൾ നിരുപദ്രവമായി കടൽത്തീരത്ത് പോയി കഴുത്തിലൂടെ കൈയ്യിട്ടു തോളത്തു തല ചായ്ച്ചു ചേർന്നിരുന്നു കാറ്റുകൊള്ളുന്നു. ആണ്കുട്ടിയ്ക്കു മേലെ ക്രിമിനൽ നടപടികൾ വരാൻ വേറൊന്നും വേണ്ട. പതിനാറു വയസ്സ് കഴിഞ്ഞാൽ റേപ്പ് ചാർജ് ആണ് ചുമത്തുന്നതെങ്കിൽ ജുവനൈൽ നിയമത്തിന്റെ ആനുകൂല്യം പോലും കിട്ടി എന്ന് വരില്ല. അറിയേണ്ടതൊക്കെ കുട്ടികളെ അറിയിക്കുക തന്നെ വേണം. അത് തന്നെയാണ് നമ്മുടെ ഉത്തരവാദിത്തം.

NO COMMENTS