Advertisement

‘തീയറി ഓഫ് തള്ളി വാങ്ങൽ’ വക്താക്കൾ വായിച്ചറിയാൻ

July 16, 2017
Google News 4 minutes Read
dileep

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ജാമ്യം തുടര്‍ച്ചായി രണ്ടാം തവണയും ജാമ്യം നിഷേധിച്ച സാഹചര്യത്തെ അതെല്ലാം മാധ്യമ സൃഷ്ടിയാണ് യഥാര്‍ത്ഥത്തില്‍ തള്ളിവാങ്ങലാണ്  കോടതിയില്‍ നടന്നതെന്നുമുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ കടുക്കുകയാണ്. ജാമ്യം തള്ളി വാങ്ങുകയാണ് അവിടെ നടന്നതെന്നാണ് അഭിഭാഷകര്‍ അടക്കം എഴുതുന്ന പോസ്റ്റുകള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.  പോസ്റ്റുകളെല്ലാം  എന്നാല്‍ ഈ കേസില്‍ ജാമ്യം തള്ളി വാങ്ങാനാണെങ്കില്‍  മജിസ്‌ട്രേറ്റിന്റെ വസതിയിലും പിന്നെ ഒരു കീഴ്‌ക്കോടതിയിലും ഒന്നിലധികം ദിവസങ്ങളിൽ തന്റെ വിലയേറിയ സമയം വെറുതെ പാഴാക്കുകയും പുറത്തുനിൽക്കുന്ന  മാധ്യമങ്ങളുടെ മുന്നിൽ നിന്നും തന്റെ വാദങ്ങളെ കുറിച്ച് മേനി പറയുകയും ചെയ്ത ശേഷം ജാമ്യം കിട്ടുമെന്ന് ശുഭാപ്തിവിശ്വാസം ഉണ്ടെന്നു ആവർത്തിച്ച് പറഞ്ഞത് എന്തിനാണെന്ന് മാത്രം ഇവര്‍ വ്യക്തമാക്കുന്നില്ല. ഈ വാദങ്ങളെ കീറി മുറിച്ച് ക്രോസ് വിസ്താരം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

‘തീയറി ഓഫ് തള്ളി വാങ്ങൽ’ വക്താക്കൾ വായിച്ചറിയാൻ

മാധ്യമപ്രവർത്തനത്തെ കുറിച്ചുള്ള ശാസ്ത്രീയ വശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റുകൾ രാവിലെ രണ്ടെണ്ണം വൈകിട്ട് രണ്ടെണ്ണം എന്ന അളവിൽ വായിക്കുന്നുണ്ട്. അത്തരം ക്ലാസ്സുകൾ നയിക്കുന്ന ലാടവൈദ്യൻ മുതൽ ചിലപ്പോ വക്കീൽ വരെയുള്ളവർക്കൊക്കെ വയറു നിറച്ചും നന്ദി ! ഇപ്പൊ അതിന്റെ കൂടെ ജാമ്യഅപേക്ഷ ”തള്ളി വാങ്ങുന്ന പ്രക്രിയ”യെ കുറിച്ചുള്ള സമ്പൂർണ്ണ വിവരണം കൂടി ചിലർ സമർപ്പിക്കുന്നത് കണ്ടു. ഈ ചിലർക്കൊക്കെ അങ്ങനെ എന്തും പറയാം. പക്ഷെ ”തള്ളി വാങ്ങൽ” പ്രക്രിയയെ കുറിച്ച് നിയമം പഠിച്ച ചില സുഹൃത്തുക്കൾ എഴുതുന്നത് കണ്ടപ്പോൾ സഹതാപം തോന്നുന്നു. സാധാരണ ഇത്തരം ”തള്ളി വാങ്ങൽ” മഹത്തരമായ ഒരു അഭിഭാഷകവൃത്തി ആണെന്ന് ഞാൻ കരുതുന്നില്ല. നിയമപഠനത്തിന്റെ ചൂട് മാറാതെ കോടതിയെ ലക്ഷ്യം വച്ചെത്തുന്ന ജൂനിയറിൽ ജൂനിയറായ നിയമ ബിരുദധാരികളെയാണ് കേസ് വിളിക്കുമ്പോൾ ഇരിക്കുന്ന ബഞ്ചിൽ നിന്നും ഒന്നെഴുന്നേറ്റു നില്ക്കാൻ സാധാരണ നിയോഗിക്കാറ്. കക്ഷിയുടെ പോക്കറ്റിന്‌ ഖനം കൂടുതലാണെങ്കിൽ ഒന്നോ രണ്ടോ വർഷം പ്രാക്ടീസ് ഉള്ളവരെയോ തലമുടി അൽപ്പം നരച്ചവരെയോ ഈ ക്രിയയ്ക്ക് അയക്കും. കാരണം ഫീസ് ആയി നന്ദി മാത്രം പോരല്ലോ … ദിലീപിന് ജാമ്യം നിഷേധിച്ച കാര്യം ഇത്ര ആഘോഷിക്കേണ്ട വാർത്തയോ വിശേഷമോ അല്ല എന്ന മുൻവിവരണത്തോടെ മാധ്യമപ്രവർത്തനത്തിന്റെ മൂല്യച്ചുതികളെ പഴിക്കുന്നവർ – അഭിഭാഷകർ- ആദ്യം ചെയ്യേണ്ടത് ഒരു വെറും ”തള്ളി വാങ്ങലിന്” വേണ്ടി മജിസ്‌ട്രേറ്റിന്റെ വസതിയിലും പിന്നെ ഒരു കീഴ്‌ക്കോടതിയിലും ഒന്നിലധികം ദിവസങ്ങളിൽ തന്റെ വിലയേറിയ സമയം വെറുതെ പാഴാക്കുകയും പുറത്തുനിൽക്കുന്ന മൂല്യച്യുതി സംഭവിച്ച മാധ്യമങ്ങളുടെ മുന്നിൽ നിന്നും തന്റെ വാദങ്ങളെ കുറിച്ച് മേനി പറയുകയും ചെയ്ത ശേഷം ജാമ്യം കിട്ടുമെന്ന് ശുഭാപ്തിവിശ്വാസം ഉണ്ടെന്നു ആവർത്തിച്ചു പറഞ്ഞു കൊണ്ട് , തനിക്കു കിട്ടിയ ചാൻസിൽ ടി വിയിലും വാർത്തയിലും അതിനെ ആഘോഷമാക്കിയ കേരളത്തിലെ ഏറ്റവും സീനിയർ അഭിഭാഷകനായ രാം കുമാറിനെ ഒന്ന് പിടിച്ചു ഗുണദോഷിക്കുന്നതാണ്.ദിലീപിന്റെ അറസ്റ്റും അത് കഴിഞ്ഞുള്ള തെളിവെടുപ്പിലും കേരളത്തിലെ ടെലിവിഷൻ മാധ്യമങ്ങൾ നടത്തുന്ന ”വള്ളം കളി” മോഡൽ റിപ്പോർട്ടിംഗ് ഉചിതമല്ല തന്നെ. പലതും ജനിച്ചു പോയ ഒരു മനുഷ്യന്റെ -അതിനി ഒരു കൂട്ട ബലാത്സംഗം ആസൂത്രണം ചെയ്ത വ്യക്തി ആണെങ്കിൽ കൂടി – ഏറ്റവും പ്രഥമമായ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റം തന്നെ എന്നതിൽ മാധ്യമപ്രവർത്തകരിൽ ബഹുഭൂരിപക്ഷത്തിനും തർക്കമില്ല. വൈകുന്നേരങ്ങളിൽ മാധ്യമ കോടതികളിലെ വിചാരണയിൽ മിതത്വം വേണമെന്നും ഞങ്ങൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. അതൊക്കെ ഒരു തിരുത്തൽ പ്രക്രിയയിൽ കൂടി കടന്നു പോകേണ്ട മത്സര കാലത്തിന്റെ ദൂഷ്യങ്ങൾ തന്നെ. ആശുപത്രികളിൽ പോയി കേസ് പിടിക്കുക , സ്വന്തം കക്ഷിയുടെ രേഖകൾ മറുഭാഗത്തിനു മറിച്ചു നൽകുക, കേസ്സുകളിൽ ഉൾപ്പെട്ടു വരുന്ന വസ്തുക്കൾ ചുളുവിന്‌ ഒതുക്കിയെടുക്കുക തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത തന്തയില്ലായ്മയും പന്നത്തരങ്ങളും കാണിക്കുന്ന അഭിഭാഷകരുടെ പേരിൽ നിങ്ങളിലെ നല്ലവർ കൂടി പഴി കേൾക്കേണ്ടി വരുന്നത് പോലെ തന്നെ ആ പഴിയും ഞങ്ങളിലെ ബഹുഭൂരിപക്ഷവും കേൾക്കാം.

പക്ഷെ മജിസ്‌ട്രേറ്റ് കോടതിയിൽ ഇങ്ങനെ ‘എടുത്താൽ പൊങ്ങാത്ത’ വലിയ കേസുകൾക്ക് ജാമ്യം കിട്ടില്ല എന്ന് സംശയമില്ലാതെ പോസ്റ്റുകൾ എഴുതുന്ന അഭിഭാഷകരോട് സഹതാപം ഉണ്ട്. അങ്ങനെ ജാമ്യം കിട്ടാത്ത സാഹചര്യം മജിസ്‌ട്രേട്ട് കോടതിയിൽ ഉണ്ടെങ്കിൽ :-

1 . രാം കുമാർ വക്കീൽ അങ്കമാലി കോടതിയിൽ കപ്പലണ്ടി വാങ്ങാൻ വന്നതാണോ ?

2. ആ കോടതിയിലെ മജിസ്‌ട്രേറ്റ് രണ്ടര ദിവസം ജാമ്യ വാദം കേട്ടത് വെറുതെ സമയം പോകാതെ ബോറടിച്ച് ഇരുന്നത് കൊണ്ടാണോ ?

3 . ദിലീപിന് ജാമ്യം നിഷേധിച്ച അഞ്ചു മണി വരെ ഈ പോസ്റ്റ് എഴുത്തുകാർക്ക് ടൈപ്പ് ചെയ്യാനുള്ള വിരൽ മൂക്ക് ചൊറിയാൻ കൊണ്ട് പോയതാണോ ?

4 . മജിസ്ടേറ്റിനു അധികാരമില്ലങ്കിൽ ‘എടുത്താൽ പൊന്താത്ത വകുപ്പുകൾ’ ഉള്ള കേസിനൊക്കെ കേരളത്തിലെ സകലമാന മജിസ്‌ട്രേറ്റുമാരും നൽകിയ ജാമ്യമൊക്കെ റദ്ദാക്കാൻ ‘തീയറി ഓഫ് തള്ളി വാങ്ങൽ’ വക്താക്കൾ പരാതി നൽകുമോ ?

5. Sukumari vs State Of Kerala on 23 November, 2000 എന്ന കേസിൽ തീർപ്പ് കൽപ്പിച്ച് എനിക്ക് ഗുരുതുല്യനായ ഹൈക്കോടതി ജസ്റ്റിസ് രാജേന്ദ്രബാബു നൽകിയ ഉത്തരവ് ഇനി ഫ്രീസറിൽ വയ്ക്കണോ ?

6. ‘മൂല്യച്യുതി ബാധിച്ചു’ എന്ന് നിങ്ങൾ പറയുന്ന ഈ മാധ്യമങ്ങൾക്കു മുന്നിൽ നിന്നും കേസിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സീനിയർ അഭിഭാഷകനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിലിനെ സമീപിക്കുമോ ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പണിയിൽ കൂടുതൽ ശ്രദ്ധിക്കണം എന്നാണ് അർഥം. മാധ്യമപ്രവർത്തനത്തിൽ ധാരാളം പൊളിച്ചെഴുത്തുകൾ / സ്വയം തിരുത്തലുകൾ ആവശ്യമുള്ളതിനാൽ ഞാനും അതിനായി മടങ്ങട്ടെ. പരസ്പരം സമയം കളയണ്ട ; അല്ലെ വക്കീലേ ?

facebook post of Aravind V

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here