വിജയമുറപ്പിച്ച് അമിത് ഷായും സ്മൃതിയും; നെഞ്ചിടിപ്പോടെ കോൺഗ്രസ്

gujarat_rajya_sabha_poll

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ബിജെപി നേതാക്കളായ അമിത് ഷായും സ്മൃതി ഇറാനിയും. ഇനി അറിയേണ്ടത് കോൺഗ്രസിന് നിർണ്ണായകമായ അഹമ്മദ് പട്ടേലിന്റെ ഫലമാണ്.

182 അംഗ നിയമസഭയിൽ 176 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തിയ രാവിലെ 10 മണിയ്ക്ക് ആരംഭിച്ച തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30ഓടെയാണ് അവസാനിച്ചത്.

വോട്ടെടുപ്പ് പൂർത്തിയായതോടെ വിജയം തങ്ങൾക്കെന്ന വാദവുമായി ഇരുപാർട്ടികളും രംഗത്തെത്തി. എന്നാൽ വോട്ട് ചോർച്ചയാണ് കോൺഗ്രസ് നേരിടുന്ന വലിയ പ്രശ്‌നം.

കോൺഗ്രസ് തോൽക്കുമെന്നും തോൽക്കുന്ന പാർട്ടിയ്ക്ക് വോട്ട് ചെയ്യാനില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ഉടൻതന്നെ വിമത നേതാവ് ശങ്കർസിംഗ് വഗേല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയും തന്റെ സുഹൃത്തുമായ അഹമ്മദ് പട്ടേലിന് താൻ വോട്ട് ചെയ്തില്ലെന്നും വഗേല പറഞ്ഞു.

വഗേലയ്‌ക്കൊപ്പമുള്ള മറ്റ് വിമത എംഎൽഎമാരും ബിജെപിയ്ക്ക് വോട്ട് ചെയ്തുവെന്നാണ് സൂചന.

രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയെന്നും സൂചനയുണ്ട്. കൂറുമാറിയ എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം വോട്ട് ചെയ്ത ശേഷം ബിജെപി പ്രതിനിധി ബാലറ്റ് പേപ്പർ ഉയർത്തി അമിത്ഷായെ കാണിച്ചെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ഇത് സംബന്ധിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അറിയിച്ചു.

NO COMMENTS