‘കുടുംബസമേതം കുടുംബശ്രീ’: രക്ഷാപ്രവർത്തനത്തിനും വീടുകൾ വൃത്തിയാക്കാനും മുന്നിട്ടിറങ്ങി കുടുംബശ്രീ
അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയിലകപ്പെട്ട കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ പെട്ടു പോയവർക്ക് രക്ഷയായത് ആറാട്ടുപുഴ 6, 7, 8, 13 വാർഡുകളിലെ മത്സ്യതൊഴിലാളികളാണ്. ആയിരകണക്കിന് ജീവനുകളാണ് അന്നവർ രക്ഷിച്ചത്. പ്രളയജലമിറങ്ങിത്തുടങ്ങിയതോടെ വീടുകൾ വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്ന വനിതകളിൽ ഭൂരിഭാഗവും മൽസ്യതൊഴിലാളികളുടെ ഭാര്യമാരാണ്. കുടുംബസമേതം തന്നെ, പ്രളയക്കെടുതിയിലകപ്പെട്ടവരെ സഹായിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇവർ. പള്ളിപ്പാട് പഞ്ചായത്തിലെ വീടുകൾ വൃത്തിയാക്കാനാണ് ഇവരെത്തിയത്.
രജിത, സരളാ, രാധ, രോഹിണി, സുപ്രിയ, ബിന്ദു, ഷൈജ, സബീന,ലൈസ, ഗീത, ഷൈനി ,അമ്പിളി, സാലി ,ഹിമ, സരള, ഹസീന, സോളി, മാലിനി, അമ്മിണി തുടങ്ങിയവരുടെ എല്ലാം ഭർത്താക്കന്മാർ നിരവധി ആളുകളെയാണ് രക്ഷിച്ചത്. തങ്ങളുടെ സഹജീവികൾ ദുരിതമനുഭവിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ തങ്ങൾക്കാവില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ഇവരിൽ പലരും തങ്ങളുടെ വീടുകളിൽ സ്വന്തം ചിലവിൽ ഗർഭിണികളടക്കം നിരവധിയാളുകൾക്ക് അഭയം നൽകിയിട്ടുണ്ട്.
സുനാമിയെ ധൈര്യത്തോടെ നേരിട്ടവരാണ് തങ്ങളെന്ന ആത്മവിശ്വാസം അവരുടെ വാക്കുകളിൽ സ്ഫുരിക്കുന്നു.
മതിയായ ആരോഗ്യ ബോധവത്കരണവും ബൂട്ട്സും മറ്റ് ആവശ്യമായ സാമഗ്രികൾ അടക്കം നൽകിയാണ് കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ ഇവരെ രംഗത്തിറക്കിയിരിക്കുന്നത്.
തങ്ങളെക്കൊണ്ടാവും വിധം ദുരിതങ്ങളിലകപ്പെട്ടവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി സഹാനുഭൂതിയുടെ പുത്തൻ മാതൃകകൾ സൃഷ്ടിച്ചിരിക്കുകയാണ് കുടുംബശ്രീ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here