നിത്യഹരിത നായകന്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷം
നിത്യഹരിത നായകന്‍ പ്രേംനസീര്‍ ഓര്‍മ്മയായിട്ട് 30 വര്‍ഷം. ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ പരിവേഷം ലഭിച്ച നസീര്‍ 1989 ജനുവരി 16 നാണ് അന്തരിച്ചത്. 62 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു നിത്യഹരിതനായകന്‍ കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.
ചിറയിന്‍കീഴ് ആക്കോട് ഷാഹുല്‍ ഹമീദിന്‍റെയും അസുമ ബീവിയുടെയും മകനായി 1929 ഡിസംബര്‍ 16 നാണ് പ്രേം നസീറിന്റെ ജനനം. ശാര്‍ക്കര ദേവി ക്ഷേത്രത്തിന് സമീപമുള്ള ശ്രീചിത്തിര വിലാസം സ്‌കൂളിലാണ് പ്രാഥമി ക വിദ്യാഭ്യാസം നടത്തിയത്. അബ്ദുല്‍ ഖാദര്‍ എന്ന പേര് മാറ്റി പ്രേം നസീര്‍ എന്ന് പുനര്‍നാമകരണം നടത്തിയത് തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു.
മൂന്ന് പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്നു നസീറിന്റെ ചലച്ചിത്രജീവിതം. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളില്‍ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍.
107 ചിത്രങ്ങളില്‍ ഷീലയുടെ കൂടെ നായകനായി അഭിനയിച്ചു. 672 മലയാള ചിത്രങ്ങളിലും 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നട ചിത്രങ്ങളിലും നായകനായി അഭിനയിച്ചിട്ടുണ്ട്. 107 ചിത്രങ്ങളില്‍ ഒരേ നായികക്കൊപ്പം നായകനായി അഭിനയച്ചതില്‍ ഗിന്നസ് റെക്കോഡും നേടി. 1978 ല്‍ പ്രദര്‍ശിക്കപ്പെട്ട 41 ചലച്ചിത്രങ്ങളില്‍ നായകവേഷം അവതരിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷണ്‍ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി. പ്രേം നസീറും യേശുദാസും ഒരു ഉത്തമ നടൻ-ഗായക ജോഡിയായിരുന്നു. ഇവർ ഒരുമിച്ചുള്ള സംഗീതങ്ങൾ മലയാള സിനിമാചരിത്രത്തിൽ അനശ്വരമായി നിലകൊള്ളുന്നു. 1990 ൽ പുറത്തിറങ്ങിയ ‘കടത്തനാടൻ അമ്പാടി’ എന്ന ചിത്രമാണ് നസീറിന്റെ ഒടുവിലത്തെ പടം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here