‘തിരുമ്പി വന്തിട്ടേ’ ധോണി; താരമായി ചഹലും
നെല്‍വിന്‍ വില്‍സണ്‍
ധോണി വിമര്‍ശകര്‍ക്ക് ഇനി വിശ്രമിക്കാം. പൂര്‍വ്വാധികം തലയെടുപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ‘തല’ മെല്‍ബണില്‍ താരമായി, വിജയശില്‍പ്പിയായി. ധോണി യുഗം കഴിഞ്ഞെന്ന് വിലയിരുത്തിയവര്‍ക്ക് ഇനി അല്‍പ്പം വിശ്രമമാകാമെന്നാണ് ധോണിയുടെ ഇന്നിംഗ്‌സുകള്‍ വ്യക്തമാക്കുന്നത്.
മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തീരത്ത് അടുപ്പിച്ച മുന്‍ നായകന്‍ തന്നെയാണ് പരമ്പരയിലെ താരം. ‘ലോകകപ്പ് ക്രിക്കറ്റില്‍ ധോണിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമോ’ എന്ന ചോദ്യമായിരുന്നു ഏകദിന പരമ്പരയ്ക്ക് മുന്‍പ് കായിക പ്രേമികള്‍ക്കിടയില്‍ ഇടം പിടിച്ചതെങ്കില്‍ മെല്‍ബണില്‍ മൂന്നാമത്തെ ഏകദിനം കഴിയുമ്പോള്‍ ആ ചോദ്യത്തിന് പ്രസക്തിയില്ലാതാകുന്നു.
മെല്‍ബണ്‍ ഏകദിനത്തില്‍ 87 റണ്‍സാണ് ധോണി പുറത്താകാതെ നേടിയത്. ഓസീസ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ധോണിയുടെ കരുത്തിലാണ് വിജയം സ്വന്തമാക്കിയതും പരമ്പര നേടിയതും. 114 പന്തില്‍ നിന്ന് ആറ് ഫോറുകള്‍ അടക്കമാണ് ധോണിയുടെ 87 റണ്‍സ് നേട്ടം. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണായത് ധോണിയുടെ ഇന്നിംഗ്‌സ് തന്നെയാണ്.
ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ നാല് റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അതിദയനീയമായി പരാജയത്തിലേക്ക് നീങ്ങിയപ്പോള്‍ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യന്‍ തോല്‍വിയുടെ ആഘാതം കുറച്ചത് ധോണിയാണ്. 96 പന്തില്‍ നിന്ന് 51 റണ്‍സാണ് ധോണി ആദ്യ ഏകദിനത്തില്‍ നേടിയത്. ഒടുവില്‍ ഇന്ത്യ തോല്‍വി വഴങ്ങിയത് 34 റണ്‍സിനും. നൂറിലേറെ റണ്‍സിന് ഇന്ത്യ തോല്‍വി വഴങ്ങുമെന്ന് എല്ലാവരും ഉറപ്പിച്ച സാഹചര്യത്തിലാണ് രോഹിത് ശര്‍മ്മയ്ക്ക് പിന്തുണ നല്‍കി ധോണി നിലയുറപ്പിച്ചത്. എന്നാല്‍, ആ ഇന്നിംഗ്‌സ് ഏറെ ക്രൂശിക്കപ്പെട്ടു. ധോണി പാഴാക്കിയ പന്തുകളുടെ എണ്ണം പറഞ്ഞായിരുന്നു വിമര്‍ശകര്‍ അദ്ദേഹത്തെ ക്രൂശിലേറ്റിയത്. ലോകകപ്പിലേക്ക് ധോണി ഒരു അനിവാര്യ ഘടകമല്ലെന്നും അദ്ദേഹത്തെ ടീമില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍, വിമര്‍ശകര്‍ക്ക് ചുട്ടമറുപടി നല്‍കിയ രണ്ടാം ഏകദിനത്തിലെ ധോണിയുടെ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.
രണ്ടാം ഏകദിനത്തില്‍ പുറത്താകാതെ 54 പന്തില്‍ നിന്ന് 55 റണ്‍സാണ് ധോണിയുടെ സംഭാവന. മൂന്നാം ഏകദിനത്തിലും ധോണി ഈ മികവ് ആവര്‍ത്തിച്ചു. മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 193 റണ്‍സ് നേടിയാണ് ധോണി പരമ്പരയിലെ താരമായിരിക്കുന്നത്. ഇതോടെ വിമര്‍ശകര്‍ക്ക് ധോണി കണക്കിന് മറുപടി നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ധോണി വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
മെല്‍ബണില്‍ ധോണിയുടെ നേട്ടം ഓസ്‌ട്രേലിയയില്‍ 1000 ഏകദിന റണ്‍സ് കുറിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം ധോണിക്ക് സ്വന്തം. മെല്‍ബണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ വ്യക്തിഗത സ്‌കോര്‍ 34 റണ്‍സ് ആയപ്പോഴാണ് ധോണി ഈ നാഴികകല്ല് പിന്നിട്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരാണ് സമാന നേട്ടം കൈവരിച്ച ആദ്യ മൂന്ന് സ്ഥാനക്കാര്‍. നേരത്തെ സിഡ്‌നിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 10,000 ഏകദിന റണ്‍സുകള്‍ തികയ്ക്കുന്ന താരമെന്ന നേട്ടവും ധോണി സ്വന്തമാക്കിയിരുന്നു.
മെല്‍ബണില്‍ ഇന്ത്യ വിജയമുറപ്പിക്കുന്നതില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയ താരമാണ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. മെല്‍ബണ്‍ ഏകദിനത്തില്‍ 42 റണ്‍സ് വഴങ്ങി ചഹല്‍ സ്വന്തമാക്കിയത്. ആറ് വിക്കറ്റുകള്‍. ഇത് ഏകദിനത്തിലെ ചഹലിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. മെല്‍ബണില്‍ ആറ് വിക്കറ്റ് നേടിയതോടെ ഏകദിനത്തിലും ട്വന്റി 20 യിലും ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ബോളറായി ചഹല്‍ മാറി. ശ്രീലങ്കന്‍ താരം അജാന്ത മെന്‍ഡിസാണ് ആദ്യം ഈ നേട്ടത്തിലെത്തുന്ന ബോളര്‍.
ഓസീസിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ബോളിംഗ് പ്രകടനമാണ് ചഹല്‍ കാഴ്ച വച്ചത്. 2007 ല്‍ മുരളി കാര്‍ത്തിക് 27 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഓസീസിനെതിരെ ഒരു ഇന്ത്യന്‍ ബോളറുടെ മികച്ച പ്രകടനം. 2004 ല്‍ അജിത് അഗാര്‍ക്കറും ഓസീസിനെതിരെ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ബോളറാണ് ചഹല്‍. ഇന്ത്യയ്ക്ക് പുറത്ത് രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന (ഏകദിനത്തില്‍) ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഏകദിനത്തില്‍ ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ചഹല്‍ സ്വന്തമാക്കി. മെല്‍ബണ്‍ ഏകദിനത്തിലെ താരവും ചഹല്‍ തന്നെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here