മേഘാലയ ഖനി അപകടം; തൊഴിലാളികളുടെ മൃതദേഹം പുറത്തെത്തിക്കുന്നതില്‍ ആശങ്ക
മേഘാലയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം പുറത്തെത്തിക്കുന്നതില്‍ ആശങ്ക. കഴിഞ്ഞ ദിവസം കണ്ടെത്തിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം ഇതു വരെയും ഫലം കണ്ടില്ല. അതേസമയം മറ്റൊരു തൊഴിലാളിയുടെ അസ്ഥികൂടവും മുങ്ങല്‍ വിദഗ്ധര്‍ ഖനിയില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
മേഘാലയിലെ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം മുങ്ങല്‍ വിദഗ്ധര്‍ ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹം പുറത്തെത്തിക്കാന്‍ വിദഗ്ധ സംഘത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അഴുകിയ മൃതദേഹം പുറത്ത് എത്തിക്കുന്നതിനിടെ മാംസഭാഗം വിട്ടുപോകാന്‍ സാധ്യത ഉണ്ടെന്നാണ് അധികൃതരുടെ നിഗമനം. അതിനാല്‍ മൃതദേഹം എങ്ങനെ പുറത്ത് എത്തിക്കണമെന്ന കാര്യത്തിന്‍ ആശങ്കയിലാണ് മേഘാലയ സര്‍ക്കാര്‍.
മൃതദേഹം തിരിച്ചറിയുന്നതിന് ബന്ധുക്കള്‍ക്ക് ചിത്രങ്ങള്‍ കൈമാറിട്ടുണ്ട്. ഖനിയില്‍ നിന്ന് തൊഴിലാളികളുടേതെന്ന് കരുതുന്ന അസ്ഥികൂടവും കണ്ടെത്തി. ഖനിയില്‍ രാസ വസ്തുവായ സള്‍ഫറിന്റെ സാന്നിധ്യം ഉള്ളതിനാലാണ് മൃതദേഹം വേഗത്തില്‍ അഴുകിയതെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ, ഖനിയിലെ ജലം വറ്റിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 35 ദിവസങ്ങള്‍ക്ക് മുമ്പാണ് മേഘാലയിലെ ജയന്ത് ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here