രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര സർക്കാരിന് പുതിയ തിയതി നൽകി ആർഎസ്എസ്
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് കേന്ദ്ര സർക്കാരിൽ ഇപ്പോൾ സമ്മർദ്ദം ചെലുത്തേണ്ടതില്ലെന്ന നിലപാടിൽ ആർഎസ്എസ്. 2025ൽ രാമക്ഷേത്രം നിർമ്മാണം പൂർത്തിയാക്കുന്നതോടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കുമെന്നായിരുന്നു ജനറൽ സെക്രട്ടറി ഭയ്യാ ജോഷിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. സുപ്രീം കോടതി വിധിക്ക് ശേഷം മാത്രമെ രാമക്ഷേത്ര നിർമ്മാണത്തെ കുറിച്ച് സർക്കാർ ആലോചിക്കുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനോട് ചേർന്ന് നിൽക്കുന്നതാണ് ആർ എസ് എസ് നേതൃത്വത്തിൻറെ ഇപ്പോഴത്തെ അഭിപ്രായം.
രാമക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര സർക്കാരിന് പുതിയ തിയതി നൽകിയിരിക്കുകയാണ് ആർ എസ് എസ്. കുഭമേളക്കിടെ നടന്ന പരിപാടിയിലാണ് അയോധ്യ രാമക്ഷേത്ര നിർമ്മാണം സംബന്ധിച്ച ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാ ജോഷിയുടെ പരാമർശം. 1952ൽ സോമനാഥ് ക്ഷേത്രം നിർമ്മിച്ചപ്പോൾ വികസന കാര്യത്തിൽ രാജ്യം വലിയ കുതിച്ച് ചാട്ടമുണ്ടാക്കി, അത് പോലെ 2025ൽ രാമക്ഷേത്രം സാധ്യമായാൽ വികസന കുതിപ്പ് ഇനിയുമുണ്ടാകുമെന്നായിരുന്നു ഭയ്യാ ജോഷി പറഞ്ഞത്.
2019ൽ ബിജെപി അധികാരത്തിലെത്തിയാലും ക്ഷേത്ര നിർമ്മാണ കാര്യത്തിൽ തീരുമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രസ്താവന. സുപ്രീം കോടതി വിധിക്ക് ശേഷം രാമക്ഷേത്ര നിർമ്മാണത്തിൽ തീരുമാനമുണ്ടാകുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഉത്തർ പ്രദേശിൽ മാത്രം രാമക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമാക്കിയാൽ മതിയെന്ന നിലപാടും ബി ജെ പിക്കുണ്ടെന്നാണ് സൂചന. കഴിഞ്ഞ മധ്യപ്രദേശ്, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ രാമക്ഷേത്ര വിഷയം ചർച്ചയാക്കിയത് ഗുണം ചെയ്തില്ലെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. പ്രസ്താവന ചർച്ചയായതോടെ 2025ൽ അവസാനിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഭയ്യാ ജോഷി വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here