കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍
കല്യാൺ ജ്വല്ലറിയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഘത്തിലെ രണ്ടുപേരെ ആന്ധ്ര പൊലീസ് പിടികൂടി. രണ്ടുകിലോയോളം സ്വർണാഭരണങ്ങൾ ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇവരെ ഉടൻ തമിഴ്നാട് പൊലീസിന് കൈമാറും.
കോയമ്പത്തൂരിനടുത്തുള്ള ചാവടിയിൽ വെച്ച് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ച സംഭവത്തിലാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. കവർച്ച ആസൂത്രണം ചെയ്ത ഫിറോസിന്റെ അമ്മയും സഹോദരനുമാണ് തിരുപ്പതി റെയിൽവെ സ്റ്റേഷനിൽ വച്ച് പിടിയിലായത്. ഫിറോസിനെ കഴിഞ്ഞ ദിവസം ആന്ധ്രപൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാളിൽ നിന്ന് മോഷണ വസ്തുക്കൾ ഒന്നും കണ്ടെടുത്തിരുന്നില്ല. ഫിറോസിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സഹോദരൻ അഹമ്മദ് സലീം, അമ്മ ഷമ എന്നിവരെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് തിരുവളളൂർ സ്വദേശികളാണ് ഇവർ. അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ഇവരുടെ കൈവശമുണ്ടായിരുന്നു. ഫിറോസിന്റെ നിർദ്ദേശ പ്രകാരമാണ് ഇവർ മോഷണ മുതൽ കൈവശം വെച്ചത്. പന്ത്രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് കസ്റ്റഡിയിലുളള ഫിറോസ് ആന്ധ്ര പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിലുളള രണ്ടുപേർ കോടതിൽ കീഴടങ്ങിയെന്നാണ് സൂചന. കസ്റ്റഡിയിലുളളവരെ ഉടൻ വിട്ടുകിട്ടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. ഈമാസം ഏഴാംതിയതിയാണ് ജ്വല്ലറിയുടെ വാഹനം തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ച് ആഭരണം കവർച്ച ചെയ്തത്.
Read More: കല്യാണ്‍ ജ്വല്ലേഴ്സില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here