ആവശ്യങ്ങള്‍ അംഗീകരിച്ചു; നിപ്പ വൈറസ് കാലത്ത് സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു
നിപ്പ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരുടെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്നലെ പ്രിന്‍സിപ്പലിനെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ചിലത് അഗീകരിച്ചതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.
മെഡിക്കല്‍ കോളെജ് പിന്‍സിപ്പല്‍ ഡോ വി ആര്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. മെയ് 22 മുതല്‍ 31 വരെ മെഡിക്കല്‍ കോളെജ് ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് മെഡിക്കല്‍ കോളെജിലും അനുബന്ധ സ്ഥാപനങ്ങളിലും കരാറടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ജോലി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ജൂണ്‍1 മുതല്‍ 6 വരെ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്നവരുടെ ആവശ്യങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.
ഡിസംബര്‍ 31ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ട 45 താല്‍ക്കാലിക ജീവനക്കാര്‍ കഴിഞ്ഞ 15 ദിവസത്തോളമായി സമരത്തിലായിരുന്നു. ഇവരെ ഒഴിവാക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പലുമായി നടത്തിയ ആദ്യ ചര്‍ച്ച പരാജയപ്പെട്ടു. തുടര്‍ന്ന് ജീവനക്കാര്‍ സമരം ശക്തമാക്കി. ഇതിന് പിന്നാലെ അധികൃതര്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ക്ഷണിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here