ചെറുകിട വ്യാപാരികളെ നികുതി പരിധിയില്‍ നിന്നും ഒഴിവാക്കില്ല; ജിഎസ്ടി കൗണ്‍സിലിനെ സര്‍ക്കാര്‍ നിലപാടറിയിച്ചു
സംസ്ഥാനത്തെ ചെറുകിട വ്യാപാരികളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജി എസ് ടി കൗണ്‍സിലിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ചരക്ക് സേവന നികുതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിറ്റുവരവ് പരിധി 40 ലക്ഷം രൂപയായി നിലനിര്‍ത്താന്‍ കൗണ്‍സില്‍ തിരുമാനം കേരളം തള്ളി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തിരുമാനം തിരിച്ചടിയാകും. 24 എക്‌സ്‌ക്ലൂസീവ്
നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ചെറുകിട വ്യാപാരികളുടെ ജി എസ് ടി നടപ്പാക്കിയത് മുതലുള്ള ആവശ്യം. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം എടുക്കാന്‍ കഴിഞ്ഞ ജി എസ് ടി കൗണ്‍സില്‍ തീരുമാനിയ്ക്കുകയും ചെയ്തു. വിറ്റുവരവ് പരിധി 40 ലക്ഷം രൂപയായി ഉയര്‍ത്താനാണ് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയത്. ഇരുപതിലധികം സംസ്ഥാനങ്ങള്‍ ഇതിനകം പരിധി ഉയര്‍ത്താനുള്ള തീരുമാനവും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വ്യത്യസ്തമായ നിലപാട് ജി എസ് ടി കൗണ്‍സിലിനെ അറിയിച്ചത്.
നികുതി പരിധി 40 ലക്ഷം ആക്കുന്നില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. തുക ഉയര്‍ത്തിയാല്‍ 60 ശതമാനത്തോളം പേര്‍ നികുതിപരിധിക്ക് പുറത്താവുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നികുതിവരുമാനത്തെ ഇത് വലിയ രീതിയില്‍ ബാധിക്കും എന്നും സംസ്ഥാന ജി എസ ടി. വകുപ്പ് ജി എസ് ടി കൗണ്‍സിലിനെ അറിയിച്ചു. ജി എസ് ടി രജിസ്‌ട്രേഷനുള്ള 2.64 ലക്ഷം വ്യാപാരികളാണ് സംസ്ഥാനത്തുള്ളത്. ഇവരില്‍ 60 ശതമാനത്തോളം പേരുടെയും വാര്‍ഷിക വിറ്റുവരവ് 40 ലക്ഷം രൂപയില്‍ താഴെയാണ്. ഇത്രയധികംപേര്‍ നികുതിവലയ്ക്ക് പുറത്തായാല്‍ സംസ്ഥാനത്തിന് വര്‍ഷം കുറഞ്ഞത് 300 കോടി രൂപയുടെ നഷ്ടമുണ്ടാവും. ഡിസംബറില്‍ 1530 കോടി രൂപയായിരുന്നു കേരളത്തിന്റെ ജി.എസ്.ടി. വരുമാനം. അതേസമയം, ഒന്നരക്കോടിരൂപവരെ വിറ്റുവരവുള്ളവര്‍ക്ക് കോംപോസിഷന്‍ നിരക്ക് ബാധകമാക്കണമെന്ന കേന്ദ്രതീരുമാനം കേരളം അംഗീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here