48 ദിവസം, 7 നേതാക്കള്‍; ബിജെപിയുടെ ശബരിമല സമരം വിജയമോ?
സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ നാല്‍പത്തിയെട്ട് ദിവസങ്ങളായി നടന്ന ബിജെപിയുടെ നിരാഹാര സമരത്തിന് ‘കൊട്ടും ഘോഷവു’മില്ലാതെ ഇന്ന് അവസാനം. ഉദ്ദേശിച്ച കാര്യങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കാതെയാണ് സമരത്തില്‍ നിന്നും ബിജെപി പിന്‍വാങ്ങുന്നത്.
നിരാഹാര സമരത്തിന് നാല് കാരണങ്ങളായിരുന്നു പ്രധാനമായും നിരത്തിയത്:
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക,
സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക,
കെ സുരേന്ദ്രനെതിരെയുള്ള കള്ള കേസെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക,
ആചാരം സംരക്ഷിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
എന്നാല്‍ ഏഴ് പേര്‍ നാല്‍പത്തിയെട്ട് ദിവസം ‘മാറി, മാറി’ കിടന്നിട്ടും ഈ ആവശ്യങ്ങള്‍ ഒന്നും തന്നെ പൂര്‍ണ്ണമായും നടപ്പിലായില്ല. ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നു. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഇപ്പോഴും കേസ് നിലനില്‍ക്കുന്നു. സുരേന്ദ്രനെതിരെ കേസെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായില്ല. ശബരിമലയില്‍ 51 സ്ത്രീകള്‍ പ്രവേശിച്ചതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ആചാര സംരക്ഷണം നടന്നതുമില്ല. സമരം പലഘട്ടങ്ങളിലും വിജയമായിരുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞത്.
ഡിസംബര്‍ മൂന്നിനാണ് സെക്രട്ടേറിയേറ്റ് പടിയ്ക്കല്‍ ബിജെപി നിരാഹാര സമരത്തിന് തുടക്കമിട്ടത്. ആദ്യം നറുക്കുവീണത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്. എട്ടു ദിവസം നിരാഹാരം കിടന്ന് പാര്‍ട്ടിയോടുള്ള കൂറ് എ എന്‍ രാധാകൃഷ്ണന്‍ കാത്തു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് രാധാകൃഷ്ണനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നാലെ സി.കെ പത്മനാഭന്‍ സമരപന്തലിലെത്തി. പത്മനാഭന്‍ സമരം തുടരുന്നതിനിടെയാണ് ശബരിമല കര്‍മ്മസമിതി അംഗം വേണുഗോപാലന്‍ നായര്‍ സമര പന്തലിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ മരിച്ചു. അതിന്റെ പേരിലൊരു ഹര്‍ത്താലിനും കേരളം സാക്ഷിയായി. പത്ത് ദിവസം സമരം തുടര്‍ന്ന പത്മനാഭന്റെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.
തുടര്‍ന്ന് വന്നത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബിജെപിയുടെ തീപ്പൊരി നേതാവിന്റെ സമരം എട്ടു ദിവസം നീണ്ടു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ശോഭാ സുരേന്ദ്രനേയും സമരപ്പന്തലില്‍ നിന്നും ആശുപത്രിയിലെത്തിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജന്റേതായിരുന്നു അടുത്ത ഊഴം. മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തിയുള്ള ശിവരാജന്റെ പ്രതികരണം ഇതിനിടെ വിവാദമായി. ഏഴ് ദിവസം ശിവരാജന്‍ സമരം തുടര്‍ന്നു. ആരോഗ്യം മോശമായതോടെ ശിവരാജനും ആശുപത്രിയില്‍.
ശിവരാജന് പകരം സമരപന്തലിലെത്തിയത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം വേലായുധന്‍. ആറ് ദിവസമാണ് വേലായുധന്‍ നിരാഹാരം കിടന്നത്. പിന്നാലെ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി രമയെത്തി. പതിനൊന്നു ദിവസം വി ടി രമ നിരാഹാരമനുഷ്ടിച്ചു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് രമയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെതായിരുന്നു അവസാന ഊഴം.
ബിജെപിക്ക് തുടക്കത്തില്‍ ലഭിച്ച ജനപിന്തുണ കുറഞ്ഞുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമരരപന്തലിലേക്ക് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയെത്തി. തുടര്‍ന്ന് കേട്ടത് ഞായറാഴ്ച സമരം അവസാനിപ്പിക്കുമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രഖ്യാപനമാണ്. തോറ്റു പിന്മാറുകയാണെന്ന് ജനങ്ങള്‍ക്ക് തോന്നാത്തവിധത്തിലായിരുന്നു അവസാന നിമിഷങ്ങളില്‍ സമരപന്തലില്‍ നേതാക്കളുടെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here