‘മോദി ചായവിറ്റിട്ടില്ല, ‘ചായവില്‍പ്പനക്കാരനാ’യത് ജനങ്ങളില്‍ നിന്നും സഹാനുഭൂതി നേടാന്‍’: പ്രവീണ്‍ തൊഗാഡിയ
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാല്‍പത്തി മൂന്ന് വര്‍ഷത്തെ സൗഹൃദമുണ്ടെങ്കിലും ഒരിക്കല്‍ പോലും അദ്ദേഹം ചായവില്‍ക്കുന്നത് കണ്ടിട്ടില്ലെന്ന് മുന്‍ വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ജനങ്ങള്‍ക്ക് മുന്നില്‍ മോദി ചായവില്‍പ്പനക്കാരനായത് സഹാനുഭൂതി നേടുന്നതിനാണെന്നും തൊഗാഡിയ പറഞ്ഞു. ചായവില്‍പ്പനക്കാരന്‍ എന്ന നരേന്ദ്ര മോദിയുടെ ഇമേജ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപി അനുഭാവ തംരംഗത്തിന് ഇടയാക്കിയിരുന്നു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് ബിജെപിയുടേയോ ആര്‍എസ്എസിന്റേയോ ലക്ഷ്യമല്ലെന്നും തൊഗാഡിയ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തിനിടെ രാമക്ഷേത്രം പണിയില്ലെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി വ്യക്തമാക്കിയതാണ്. ഇതിലൂടെ ഇന്ത്യയിലെ 125 കോടിയോളം വരുന്ന ജനങ്ങളെ ബിജെപിയും ആര്‍എസ്എസും കബളിപ്പിക്കുകയാണ്. എന്നാല്‍ ഹിന്ദു ജനങ്ങള്‍ അത് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഫെബ്രുവരി ഒന്‍പതിന് ഹിന്ദുക്കളുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിക്കുമെന്നും തൊഗാഡിയ പ്രത്യാശ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് തൊട്ടടുത്ത ദിവസം തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും തൊഗാഡിയ വ്യക്തമാക്കി.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നില്ല. കാരണം രാമക്ഷേത്രം അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അത് പരിഹരിക്കപ്പെട്ടാല്‍ ആര്‍എസ്എസിനും ബിജെപിക്കും ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റൊന്നും ഉണ്ടാകില്ലെന്നും തൊഗാഡിയ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here