Advertisement

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം; ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്

December 27, 2019
Google News 1 minute Read

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് ഉപദേശം തേടിയത്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താതെ കുറ്റപത്രം പൂർണമാകില്ലെന്ന് ക്രൈംബ്രാഞ്ച്. കുറ്റപത്രം വിഭജിച്ച് സമർപ്പിക്കുന്നതിനെ കുറിച്ചാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.

കേസിൽ തുടരന്വേഷണം നടത്താൻ കോടതിയോട് അനുമതി തേടുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കുന്നതിനാണ് തുടരന്വേഷണം. കേസിൽ നിലവിൽ ഉദ്യോഗസ്ഥർ സാക്ഷിപ്പട്ടികയിലാണ് ഉള്ളത്. ആകെ 52 പ്രതികളാണ് കേസിലുള്ളത്.

കഴിഞ്ഞ ദിവസം പുറ്റിങ്ങൽ വെടിക്കെട്ടപകടം അന്വേഷിച്ച ജസ്റ്റിസ് പി എസ് ഗോപിനാഥൻ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടം നടന്ന് മൂന്ന് വർഷം പിന്നിട്ടതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിനെ തുടർന്ന് കമ്മീഷൻ വിമർശനം നേരിട്ടിരുന്നു.

Read Also : പുറ്റിങ്ങൽ വെടിക്കെട്ടപകടം; ജസ്റ്റിസ് ഗോപിനാഥൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

പുറ്റിങ്ങൽ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് 103 സിറ്റിംഗുകളും 173 സാക്ഷി വിസ്താരവുമാണ് കമ്മീഷൻ നടത്തിയത്. 266 രേഖകളും അന്വേഷണ കമ്മീഷന്റെ പരിഗണനയ്ക്ക് വന്നു. 4779 പേജ് വരുന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു പി എസ് ഗോപിനാഥൻ കമ്മീഷൻ കടന്നു പോയത്. റിപ്പോർട്ട് സമർപ്പിക്കേണ്ട കാലാവധി അവസാനിച്ചശേഷം കമ്മീഷൻ സർക്കാരിനോട് സമയം നീട്ടി ചോദിച്ചിരുന്നു.

2016 ഏപ്രിൽ പത്തിനാണ് പുറ്റിങ്ങൽ വെടിക്കെട്ട് അപകടം ഉണ്ടാകുന്നത്. സംഭവത്തിൽ 111 പേർ കൊല്ലപ്പെടുകയും 350 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Story Highlights- Puttingal, Disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here