14 വര്‍ഷം മുന്‍പ് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ അരുന്ധതി റോയ്‌ക്കെതിരെ യുഎപിഎ പ്രകാരമുള്ള നടപടികളുണ്ടാകാന്‍ കാരണമെന്ത്?
കശ്മീരിനെക്കുറിച്ച് 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബുക്കര്‍ പുരസ്‌കാര ജേതാവായ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന അനുമതി നല്‍കിയിരിക്കുകയാണ്. പൊതുവേദിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് നടപടി. കശ്മീര്‍ കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുവരേയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153A, 153 B, 505 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയതിന് ശേഷം ഇപ്പോള്‍ കേസില്‍ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെട്ടതെങ്ങനെ? എന്തായിരുന്നു അരുന്ധതി റോയിക്കും ഷെയ്ഖ് ഷൗക്കത്ത് ഹുസൈനും എതിരായ കേസ്? പരിശോധിക്കാം. ( Why UAPA has been invoked against Arundhati Roy)
2010 ലെ കേസ്
2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടന, ആസാദി ദ ഓണ്‍ലി വേ എന്ന പേരില്‍ നടത്തിയ കോണ്‍ഫറന്‍സിലെ പരാമര്‍ശത്തിലാണ് അരുന്ധതി റോയ്ക്കും ഒപ്പം പരുപാടിയില്‍ പങ്കെടുത്ത ഷൗക്കത്ത് ഹുസൈനും എതിരെ പരാതിയുയര്‍ന്നത്. 2010 ഒക്‌ടോബര്‍ 21ന് ന്യൂഡല്‍ഹിയിലെ കോപ്പര്‍നിക്കസ് മാര്‍ഗിലുള്ള എല്‍.ടി.ജി ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. സമ്മേളനത്തില്‍ സയ്യിദ് അലി ഷാ ഗീലാനി, അരുന്ധതി റോയ്, ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍, വരവര റാവു തുടങ്ങിയവരായിരുന്നു പ്രഭാഷകര്‍. തുഫൈല്‍ അഹമ്മദ് മട്ടൂ എന്ന 17 വയസ്സുകാരന്‍ കണ്ണീര്‍വാതക ആക്രമണത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ അശാന്തമായ പശ്ചാത്തലത്തിലായിരുന്നു പരിപാടി. കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തണമെന്ന് അരുന്ധതി പ്രസംഗത്തില്‍ സൂചിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കശ്മീരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുശില്‍ പണ്ഡിറ്റ് ഇവര്‍ക്കെതിരെ പരാതി സമര്‍പ്പിച്ചത്. ഇതില്‍ പിന്നീട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
എന്തുകൊണ്ട് യുഎപിഎ?
2010ല്‍ അരുന്ധതി റോയ്‌ക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആറില്‍ രാജ്യദ്രോഹകുറ്റം ചുമത്തുന്ന ഐപിസി സെക്ഷന്‍ 124 ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2022ല്‍ ഈ വകുപ്പ് പുനപരിശോധിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നിലവില്‍ വന്നതിനാല്‍ കോടതികള്‍ ഈ കേസ് പരിഗണിക്കാന്‍ യുഎപിഎ പോലൊരു വകുപ്പ് ആവശ്യമാകുമെന്ന നിലവന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അരുന്ധതിയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153A, 153 B, 505 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കി. പരമാവധി മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ഇവ. പക്ഷേ അനാവശ്യ കാലതാമസത്തിനോ നിശ്ചിത കാലയളവ് അവസാനിച്ചതിന് ശേഷമോ ആണ് കേസില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തുന്നതെങ്കില്‍ അവ പരിഗണിക്കാന്‍ കോടതിയ്ക്ക് കഴിയില്ലെന്ന് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 468 നിഷ്‌കര്‍ശിക്കുന്നതിനാല്‍ കേസില്‍ കോടതി ഇടപെടലുണ്ടാകാതെ വന്നു. കുറ്റം ചുമത്തിയെങ്കിലും നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ കോടതി കേസ് പരിഗണിക്കുന്നതിനായി യുഎപിഎ വകുപ്പ് ചുമത്തുക എന്ന സാധ്യത അവശേഷിക്കുകയായിരുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്‌തെന്ന പരാതികളെ അടിസ്ഥാനപ്പെടുത്തിയാണ് അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന അനുമതി നല്‍കിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. സാധാരണ ക്രിമിനല്‍ നിമയങ്ങളേക്കാള്‍ കേസുമായി മുന്നോട്ടുപോകാന്‍ ഭരണകൂടത്തിന് കൂടുതല്‍ അധികാരം നല്‍കുന്നത് കൂടിയാണ് യുഎപിഎ കേസുകള്‍.
Story Highlights : Why UAPA has been invoked against Arundhati Roy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here