പാരിസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീം ഫൈനലിൽ ? എന്താണ് വാസ്തവം
പാരിസിൽ ഒളിമ്പിക്സ് നടക്കുകയാണ്. ഇന്ത്യയിൽ നിന്ന് 117 പേരടങ്ങുന്ന സംഘമാണ് വിവിധയിനം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പാരിസിലെത്തിയിട്ടുള്ളത്. 2024 പാരിസ് ഒളിമ്പിക്സിൽ മലയാളിതാരങ്ങൾ ഉൾപ്പടെയുള്ള ഇന്ത്യയുടെ പുരുഷ റിലേ ടീം 4X400 മീറ്റർ റിലേയിൽ ഫൈനലിൽ കടന്നു എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “പാരീസ് ഒളിമ്പിക്‌സില്‍ നമ്മുടെ നിലമേല്‍ എന്ന കൊച്ചു ഗ്രാമത്തിനും ഇന്ത്യയെന്ന മഹാരാജ്യത്തിനും ഒരിക്കല്‍ കൂടി അഭിമാനമായി മാറി നിലമേല്‍ മുഹമ്മദ് അനസ് അടങ്ങുന്ന 4×400 മീറ്റര്‍ റിലേ ടീം ഫൈനലില്‍ കടന്നു” എന്ന അടിക്കുറിപ്പോടെയാണ് 4 മിനിറ്റ് 14 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. ബ്രിട്ടൻ, ജപ്പാൻ ടീമുകളെ മറികടന്ന് ഇന്ത്യൻ റിലേ ടീം അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്തുന്നതാണ് വൈറൽ വീഡിയോ.
അന്വേഷണം
കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഈ വീഡിയോ പാരീസ് ഒളിംപിക്സിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി. 2023 ഓഗസ്റ്റിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ പുരുഷ റിലേ ടീം ഏഷ്യൻ റെക്കോർഡ് ഭേദിച്ച് നടത്തിയ പ്രകടനത്തിൻ്റെ റിപ്പോർട്ടുകളാണ് ഇതിലൂടെ ലഭിച്ചത്.
മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ വാരിയത്തൊടി, രാജേഷ് രമേഷ് എന്നിവരടങ്ങിയ ടീം 2 മിനിറ്റ് 59.05 സെക്കൻ്റിൽ 4X400 മീറ്റർ റിലേ പൂർത്തിയാക്കുകയായിരുന്നു. അത്ലറ്റിക്സ് മീറ്റിൻ്റെ ഒന്നാം ഹീറ്റ്സിലായിരുന്നു ഈ മികച്ച പ്രകടനം. അമേരിക്കൻ ടീം രണ്ട് മിനിറ്റ് 58.47 സെക്കൻ്റിലാണ് അമേരിക്കൻ ടീം ഫൈനലിന് യോഗ്യത നേടിയത്. ജപ്പാൻ ടീം 2021 ൽ കുറിച്ച 2 മിനിറ്റ് 59.51 മിനിറ്റിൽ കുറിച്ച ഏഷ്യൻ റെക്കോർഡാണ് ഇന്ത്യൻ സംഘം പഴങ്കഥയാക്കിയത്. അന്ന് ഇന്ത്യൻ ടീം നടത്തിയ പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതോടൊപ്പം മത്സരത്തിൻ്റെ വീഡിയോ ദൃശ്യവും അദ്ദേഹം പങ്കുവച്ചു. മത്സരിച്ച താരങ്ങളുടെ പേരും പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പരാമർശിച്ചിരുന്നു.
പാരീസ് ഒളിംപിക്സിൽ റിലേ മത്സരങ്ങൾ അത്ലറ്റിക്സ് വിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഓഗസ്റ്റ് ഒൻപതിന് ഉച്ചയ്ക്ക് 2.35 നാണ് 4×400 മീറ്റർ റിലേ മത്സരത്തിൻ്റെ ഒന്നാം റൗണ്ട് മത്സരങ്ങൾ നടക്കുക. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ടീമുകളാണ് ഓഗസ്റ്റ് 11 ന് പുലർച്ചെ 12.42 ന് നടക്കുന്ന റിലേ മത്സരത്തിൽ പങ്കെടുക്കുക.
4X400 മീറ്റർ റിലേ മത്സരങ്ങൾക്ക് ഇന്ത്യയുടെ പുരുഷ ടീം രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഒളിംപിക്സ് വെബ്സൈറ്റിൽ നിന്ന് വ്യക്തമാണ്. ബഹാമസിൽ നടന്ന യോഗ്യതാ റൗണ്ടിൽ നിന്നാണ് ഇന്ത്യൻ ടീം പാരീസ് ഒളിംപിക്സ് യോഗ്യത നേടിയത്. 14 ടീമുകളാണ് പാരീസ് ഒളിംപിക്സിൽ റിലേ മത്സരത്തിൽ പങ്കെടുക്കുന്നതെന്നും ഒളിംപിക്സ് വെബ്സൈറ്റിൽ പറയുന്നു.
വൈറൽ വീഡിയോ പാരീസ് ഒളിംപിക്സിലെ 4×400 മീറ്റർ റിലേ മത്സരത്തിൽ നിന്നുള്ളതല്ല. ഹംഗറിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം 27 ന് നടന്ന ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിൻ്റെ ഹീറ്റ്സ് റൗണ്ടിൽ നിന്നുള്ളതാണ് ഈ വീഡിയോ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here