‘ഞാൻ സുഖമായിരിക്കുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല’; വാർത്തകളിൽ പ്രതികരിച്ച് രത്തൻ ടാറ്റ
മുൻ ടാറ്റ സൺസ് ഗ്രൂപ്പ് ചെയർമാൻ രത്തൻ നേവൽ ടാറ്റ ആശുപത്രിയിൽ. രക്തസമ്മർദ്ദത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 86 കാരനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യവസ്ഥകളെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം നടന്നു. രത്തൻ ടാറ്റ ഗുരുതരാവസ്ഥയിൽ ഐസിയുവിലാണെന്ന വാർത്തയടക്കം സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു. എന്നാൽ തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി രത്തന്‍ ടാറ്റ തന്നെ രംഗത്തെത്തി. പ്രായത്തിന്റേതായ പതിവ് വൈദ്യപരിശോധനയ്ക്ക് വിധേയനായതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
Thank you for thinking of me 🤍 pic.twitter.com/MICi6zVH99
— Ratan N. Tata (@RNTata2000) October 7, 2024
”എന്റെ ആരോഗ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. വിഷമിക്കേണ്ട കാര്യമില്ല. ഞാൻ സുഖമായിരിക്കുന്നു,പ്രായാധിക്യ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട് സാധാരണയായി നടക്കുന്ന മെഡിക്കൽ ചെക്കപ്പുകളാണ് ഇപ്പോൾ നടന്നുവരുന്നത്. എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി… മാധ്യമങ്ങളും പൊതുജനങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്” അദ്ദേഹം എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടു.
ടാറ്റ ഗ്രൂപ്പ് സ്ഥാപകനായ ജംഷഡ്ജി ടാറ്റയുടെ കൊച്ചുമകനായ രത്തന്‍ ടാറ്റ 1937 ഡിസംബര്‍ 28നാണ് ജനിച്ചത്. 1990 മുതല്‍ 2012 വരെ ടാറ്റ സണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 2016 ഒക്ടോബര്‍ മുതല്‍ 2017 ഫെബ്രുവരി വരെ ടാറ്റ സണ്‍സിന്റെ ഇടക്കാല ചെയര്‍മാനായും രത്തന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Story Highlights : Former Tata Sons Group Chairman Ratan Tata clarified his medical condition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here