ഇടത് എംഎല്‍എമാരെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ 100 കോടി? കേരള രാഷ്ട്രീയത്തില്‍ കോഴ വിവാദം പുകയുമ്പോള്‍
എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് എംഎല്‍എ നൂറ് കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ് രാഷ്ട്രീയ കേരളത്തില്‍ നിലവില്‍ ചൂട് പിടിച്ചുകൊണ്ടിരിക്കുന്ന ചര്‍ച്ചാ വിഷയം. എന്‍ഡിഎ സഖ്യത്തെ പിന്തുണയ്ക്കുന്ന അജിത് പവാറിന്റെ പാളയത്തിലേക്ക് ചേക്കേറാന്‍ കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന രണ്ട് എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ ശ്രമിച്ചുവെന്നത് തന്നെയാണ് ഈ നീക്കത്തിന്റെ രാഷ്ട്രീയപ്രസക്തി. ഉത്തരേന്ത്യയില്‍ മാത്രം കണ്ടു വരുന്ന രാഷ്ട്രീയ കുതിര കച്ചവടവും എംഎല്‍എമാരെ ചാക്കിട്ട് പിടുത്തവും കേരളത്തിലേക്കും എത്തി എന്നതിന്റെ സൂചന കൂടിയാണ് കോഴ വാഗ്ദാനം. എംഎല്‍എമാരായ ആന്റണി രാജുവിനെയും, കോവൂര്‍ കുഞ്ഞുമോനെയുമാണ് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് സമീപിച്ചത്. ഇത് സംബന്ധമായ നിര്‍ണായക വിവരം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജുവും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
ചെങ്കൊടി പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നതെന്നും അതുകൊണ്ട് പച്ചിലകാട്ടി തന്നെ വിരട്ടാന്‍ നോക്കണ്ടെന്നും പറഞ്ഞ് വൈകാരികമായാണ് കോഴ ഇടപാടുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് കോവൂര്‍ കുഞ്ഞുമോന്‍ പ്രതികരിച്ചത്. എന്നാല്‍, ആന്റണി രാജുവാകട്ടെ വാര്‍ത്തകള്‍ നിഷേധിക്കുന്നില്ല.
Read Also: ‘ഇടത് എംഎൽഎമാരെ വില കൊടുത്ത് വാങ്ങാനാകില്ല, ഗവർണർ കാവിവത്ക്കരണം നടത്തുന്നു’; എം വി ഗോവിന്ദൻ
15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിനിടയിലാണ് കോഴ വാഗ്ദാനം നടന്നത്. ആരോപണം ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ട് എംഎല്‍എമാരെയും മുഖ്യമന്ത്രി വിളിപ്പിച്ചു. തലസ്ഥാനത്ത് വെച്ച് മുഖ്യമന്ത്രിയെ കണ്ട ആന്റണി രാജു മുഖ്യമന്ത്രിക്ക് മുന്നില്‍ ആരോപണം സ്ഥിരീകരിച്ചു. കോവൂര്‍ കുഞ്ഞുമോനെ, മുഖ്യമന്ത്രി കൊട്ടാരക്കര PWD റസ്റ്റ് ഹൗസിലേക്ക് വിളിപ്പിക്കുയായിരുന്നു. എന്നാല്‍ കുഞ്ഞുമോന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ആരോപണങ്ങള്‍ നിഷേധിച്ചു. മന്ത്രി മാറ്റം ആവശ്യപ്പെട്ട് കൂടികാഴ്ചക്ക് എത്തിയപ്പോള്‍ കോഴ ആരോപണം മുഖ്യമന്ത്രി NCP നേതാക്കളോട് പറഞ്ഞു. തോമസ് കെ .തോമസ് ആക്ഷേപം അപ്പാടെ നിഷേധിക്കുകയാണുണ്ടായത്. നിലപാടില്‍ ഉറച്ചു നിന്ന മുഖ്യമന്ത്രി മന്ത്രി മാറ്റം നടക്കില്ല എന്ന് തീര്‍ത്തു പറയുകയും ചെയ്തു.
കോഴ വിവാദം കൊഴുക്കുമ്പോള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. 2022 ല്‍ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ BJP സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിന് കേരളത്തില്‍ നിന്ന് ഒരു വോട്ട് കിട്ടിയിരുന്നു. സംസ്ഥാന നിയമ സഭയില്‍ ബിജെപിക്ക് പ്രാതിനിധ്യമില്ല. ഇടതു വലത് മുന്നണികള്‍ യശ്വന്ത് സിന്‍ഹയെ യാണ് പിന്തുണച്ചത്. എന്നിട്ടും ബിജെപി പക്ഷത്തേക്ക് ഒരു വോട്ട് വീണത് മുന്നണികളെ ഞെട്ടിച്ചിരുന്നു. വോട്ടുചോര്‍ച്ചയും കോഴ വാഗ്ദാനവും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചകളാണ് ഇടതുമുന്നണിയില്‍ ഇപ്പോള്‍ നടക്കുന്നത്. ചോര്‍ച്ച മുന്നണിയില്‍ നിന്ന് തന്നെയാണോ എന്ന് സംശയവും ബലപ്പെടുന്നുണ്ട്.
തനിക്കെതിരായ കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവെന്നാണ് തോമസ് കെ തോമസ് പറയുന്നത്.100 കോടി വാഗ്ദാനം ചെയ്ത് കൂടെ കൂട്ടാനുള്ള ആളുണ്ടോ ആന്റണി രാജുവെന്ന് അദ്ദേഹം ചോദിക്കുന്നു. ആരോപണത്തില്‍ മുഖ്യമന്ത്രിയും പിസി ചാക്കോയും മറുപടി പറയണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണം. കേരളത്തില്‍ 100 കോടി കൊടുത്ത് എംഎല്‍എ വാങ്ങിയിട്ട് എന്തിനാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. ഇതെങ്ങോട്ടാണ് പോകുന്നതെന്ന് മനസ്സിലാകുന്നുണ്ടെന്നും എ കെ ശശീന്ദ്രനെ നില നിര്‍ത്താന്‍ ഇല്ലാത്ത ആരോപണം ഉന്നയിക്കുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. പരസ്യമായി തോമസ് കെ തോമസിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കോഴ വാഗ്ദാനം ആയുധമാക്കാനാവും് മന്ത്രി എ.കെ ശശീന്ദ്രന്റെ നീക്കവും. ബിജെപി സഖ്യത്തിലുള്ള ചേരിയിലേക്ക് പോകാന്‍ ആണ് ശ്രമിച്ചതെന്നും ഇത് നേരത്തെ അറിഞിട്ട് മുഖ്യമന്ത്രി എന്ത് നിലപാട് എടുത്തുവെന്നുമാണ് വിഡി സതീശന്റെ ചോദ്യം.
കോഴ ആരോപണം ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ നിഷേധിച്ചില്ല. മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോയതെന്നാണ് ടിപി രാമകൃഷ്ണന്റെ പ്രതികരണം. എന്നാല്‍, ഇടത് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങാനാവില്ലെന്നാണ് എം വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. തോമസ് കെ തോമസിന്റെ കോഴ ആരോപണം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. ഇതൊന്നും പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ല. വസ്തുതയുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Thomas K Thomas allegedly offered Rs 100 cr to two LDF MLAs to switch allegiance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here