Advertisement

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ ശക്തമായ നടപടി സ്വീകരിച്ച സര്‍ക്കാരിന് അഭിവാദ്യങ്ങള്‍’; പ്രശംസയുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി

9 hours ago
Google News 3 minutes Read
cpim pathanamthitta secretary praises government for P P divya's arrest

കണ്ണൂര്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കവേ അറസ്റ്റ് ചെയ്യാത്തത് സാധാരണ നടപടി മാത്രമാണെന്നാണ് ഉദയഭാനുവിന്റെ വാദം. നവീന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ശക്തമായി വാദിച്ചിരുന്നുവെന്നും ഇതില്‍ നടപടിയെടുത്ത സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിക്കുന്നതായും കെ പി ഉദയഭാനു ഫേസ്ബുക്കില്‍ കുറിച്ചു. (cpim pathanamthitta secretary praises government for P P divya’s arrest)

വസ്തുതകള്‍ മറച്ചുവച്ച് കോണ്‍ഗ്രസും ബിജെപിയും സംഭവത്തില്‍ കള്ളപ്രചരണം നടത്തുന്നുവെന്നും ഇത് ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും കെ പി ഉദയഭാനു അഭ്യര്‍ത്ഥിച്ചു. നവീന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാരും സി. പി. ഐ (എം) എടുത്ത നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നും പാര്‍ട്ടി നവീന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി.

Read Also: യാത്രയയപ്പ് കഴിഞ്ഞ ശേഷം നവീന്‍ ബാബു തന്നെ കാണാനെത്തി, തെറ്റുപറ്റിയെന്ന് പറഞ്ഞു; കളക്ടറുടെ മൊഴി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം –

ശക്തമായ നടപടി സ്വീകരിച്ച സര്‍ക്കാരിന് അഭിവാദ്യങ്ങള്‍.

അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബത്തിന്റയും സുഹൃത്തക്കളുടെയും സഖാക്കളുടെയും ദുഃഖത്തില്‍ പാര്‍ട്ടി പങ്കു ചേര്‍ന്നു കൊണ്ട്
മികച്ച രീതിയില്‍ സര്‍ക്കാര്‍ സേവനം നടത്തി വന്ന ഏറ്റവും നല്ല ഉദ്യോഗസ്ഥനായിരുന്ന നവീന്‍ ബാബു വിന്റെ മരണത്തെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സി. പി. ഐ (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടത്.
സി. പി. ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാകട്ടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.പി. ദിവ്യയെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റാനും തീരുമാനിച്ചു.
പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും എടുത്തു.
അന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കുകയും ചെയ്തു.
ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന് ജില്ലാക്കോടതിയെ സമീപിച്ചു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സാധാരണ പോലീസ് അറസ്റ്റ് ചെയ്യാറില്ല.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉടനെ ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുന്‍കൂര്‍ ജാമ്യാപക്ഷേയെ സര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ക്കുകയാണ് ചെയ്തത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് കൂടി പരിഗണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതെന്നത് വസ്തുതയാണ്. നവീന്‍ ബാബുവിന്റെ മരണം മുതല്‍ സി.പി.ഐ (എം) നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ്. മുഖ്യമന്ത്രി സ. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി സ. എം.വി ഗോവിന്ദന്‍ മാസ്റ്ററും കുടുംബത്തോടൊപ്പമാണ് തങ്ങളെന്ന് പല തവണ ആവര്‍ത്തിച്ചു പറയുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പാര്‍ട്ടിയും സര്‍ക്കാരും ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നതാണ്.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ച് കൊണ്ട് കോണ്‍ഗ്രസും ബി.ജെ പിയും ചില മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനും സി. പി. ഐ (എം)നും എതിരെ നീചമായ കള്ളപ്രചരണം സംഘടിപ്പിക്കുകയാണ്.
ഈ കള്ള പ്രചരണങ്ങളെ അവഞ്ജയോട് തള്ളിക്കളയണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
നവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാരും സി. പി. ഐ (എം) എടുത്ത നടപടികള്‍ അഭിനന്ദനാര്‍ഹമാണ്.
അഭിവാദനങ്ങളോടെ,
കെ. പി. ഉദയഭാനു
സെക്രട്ടറി

Story Highlights : cpim pathanamthitta secretary praises government for P P divya’s arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here