Advertisement

ഒടുവില്‍ പി പി ദിവ്യ കീഴടങ്ങി; പൊലീസ് ചോദ്യം ചെയ്യുന്നു

18 hours ago
Google News 3 minutes Read
PP Divya surrendered in case related to naveen babu death

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. പയ്യന്നൂരില്‍ വച്ചാണ് പി പി ദിവ്യ കീഴടങ്ങിയത്. കോടതി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന ഘട്ടത്തിലാണ് ദിവ്യയുടെ കീഴടങ്ങല്‍. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് തന്നെ ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. (PP Divya surrendered in case related to naveen babu death)

അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്ത് വരികയാണ്. ദിവ്യ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കമ്മിഷണര്‍ വിശദീകരിച്ചു. കണ്ണപുരത്തുവച്ചാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. എസിപി രത്‌നകുമാറിന് മുന്നിലാണ് ദിവ്യ കീഴടങ്ങിയത്. ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കും. ദിവ്യ ഇന്ന് റെഗുലര്‍ ജാമ്യാപേക്ഷ കൂടി സമര്‍പ്പിച്ചേക്കാനാണ് സാധ്യത. ദിവ്യയെ ഉടന്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ എത്തിക്കുമെന്നാണ് വിവരം.

Read Also: ‘കോടതി വിധി സ്വാഗതം ചെയ്യുന്നു; പി പി ദിവ്യയെ അറസ്റ്റ് ചെയ്യണം’; കെ പി ഉദയഭാനു

ദിവ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ദിവ്യയുടെ പ്രവൃത്തി ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത് ക്ഷണിക്കാതെയാണ്. എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടിയിലേക്ക് എത്തിയത്. പിപി ദിവ്യയുടെ പ്രസംഗം ആസൂത്രിതമാണെന്ന് കോടതി നിരീക്ഷിച്ചു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് കോടതി പറഞ്ഞു.

ദിവ്യയുടെ നടപടികള്‍ ആസൂത്രിതം എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. ദിവ്യ സാക്ഷികളെ സ്വാധീനിച്ചേക്കാം. പ്രഥമദൃഷ്ട്യ ദിവ്യക്കെതിരെ ഗൗരവമുള്ള കേസ് നില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാന്‍ ആകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കേസ് ഗൗരവമുള്ളതെന്ന് കോടതിയുടെ നിരീക്ഷണം. 38 പേജുള്ള വിധിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.

Story Highlights : PP Divya surrendered in case related to naveen babu death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here