Advertisement

സിറിയയിലെ വിമത നീക്കം; എച്ച്ടിഎസിന്റെ സ്ഥാപകൻ; ആരാണ് ജുലാനി?

December 9, 2024
Google News 2 minutes Read

സിറിയയിൽ അധികാരം പിടിച്ചെടുത്ത വിമതസംഘമായ ഹയാത്ത് തഹ്‌രീർ അൽഷാം അഥവാ എച്ച്ടിഎസിനെ നയിക്കുന്നത് അബു മുഹമ്മദ് അൽ-ജുലാനി എന്ന 42കാരനാണ്. ആരാണ് ജുലാനി? എന്താണ് ജുലാനിയുടെ പശ്ചാത്തലം? സിറിയയിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അബു മുഹമ്മദ് അൽ-ജുലാനി എന്ന നാൽപത്തിരണ്ടുകാരൻ ഹയാത്ത് തഹ്‌രീർ അൽഷാം അഥവാ എച്ച്ടിഎസ് സ്ഥാപിച്ചത്.

സിറിയയിൽ ബഷാർ അൽ അസദിന്റെ പിതാവായ ഹാഫിസ് അൽ അസദിന്റെ ഭരണകാലത്ത് ജയിൽ അടയ്ക്കപ്പെടുകയും പിന്നീട് സൗദിയിൽ അഭയം തേടുകയും ചെയ്ത അറബ് ദേശീയവാദിയായ ഹുസൈൻ അൽ ഷറായുടെ മകനാണ് അബു മുഹമ്മദ് അൽ ജുലാനി എന്നു വിളിപ്പേരുള്ള അഹമദ് ഹുസൈൻ അൽ ഷറാ. 1982-ൽ സൗദിയിലെ റിയാദിൽ ജനിച്ച ജുലാനി ഏഴാം വയസ്സിൽ കുടുംബത്തിനൊപ്പം സിറിയയിലെ ദമാസ്‌ക്കസിലേക്ക് തിരിച്ചെത്തുകയായിരുന്നു.

2001 സെപ്റ്റംബർ 11ലെ ആക്രമണങ്ങൾക്ക് പിന്നാലെയാണ് തീവ്രവാദ ആശയങ്ങളിൽ ജുലാനി ആകൃഷ്ടനായത്. അമേരിക്ക ഇറാഖിനെ ആക്രമിച്ചതിനെ തുടർന്ന് 2003-ൽ ജുലാനി ഇറാഖിലെത്തി അൽ ഖ്വയ്ദയിൽ ചേർന്നു. 2006-ൽ അമേരിക്കയുടെ പിടിയിലായ ജുലാനി അഞ്ചു വർഷക്കാലം ജയിലായിരുന്നു. 2011 മാർച്ചിൽ സിറിയയിൽ ബഷാർ അൽ അസദിനെതിരെയുള്ള പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജുലാനി സിറിയയിലേക്ക് മടങ്ങി, ജബത്ത് അൽ നുഷ്‌റ എന്ന പേരിൽ അൽ ഖ്വയ്ദയുടെ ഘടകം സ്ഥാപിക്കുകയായിരുന്നു.

അബു ബകർ അൽ ബാഗ്ദാദിയുമായി യോജിച്ച് പ്രവർത്തിച്ചെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തെ തുടർന്ന് 2013ൽ ബന്ധം ഉപേക്ഷിച്ച് അൽ ഖ്വയ്ദയുടെ അയ്മാൻ അൽ സവാഹിരിയോട് ഐക്യപ്പെട്ടു. 2016ൽ ഗ്രൂപ്പിനെ ജബത് ഫത്തേ അൽ ഷാം എന്ന് പുനർനാമകരണം ചെയ്യുകയും 2017-ൽ പല വിഭാഗങ്ങളുമായി ചേർന്ന് എച്ച് ടി എസ് രൂപീകരിക്കുകയും ചെയ്തു. തുടർന്ന് അൽ ഖ്വയ്ദയിൽ നിന്ന് അകന്ന് മിതവാദി പ്രതിച്ഛായയിലേക്ക് മാറിയ ജുലാനി ഒരു രാഷ്ട്രീയ നേതാവിന്റെ കുപ്പായം അണിയുകയായിരുന്നു.

നീളൻ കുപ്പായവും താടിയും ഉപേക്ഷിച്ചു. സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുന്നുണ്ടെങ്കിലും ആത്യന്തികമായി ജുലാനിയുടെ ലക്ഷ്യം അൽ ഖ്വയ്ദയുടേത് തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story Highlights : Who Is Abu Mohammad al-Jolani, Leader of Syrian Rebel Offensive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here