Advertisement

അരി തന്ന് സഹായിക്കണം എന്ന് ഇന്ത്യയോട് അപേക്ഷ, മ്യാൻമർ അതിർത്തിയിൽ ‘അരാക്കൻ’ സൈന്യത്തിന്റെ അടി, ആകെ വിയർത്ത് ബം​ഗ്ലാദേശ്

2 days ago
Google News 2 minutes Read
bangladesh

ഷെയ്ഖ് ഹസീന സ‍ര്‍ക്കാരിനെ അട്ടിമറിച്ച് ബം​ഗ്ലാദേശിൽ അധികാരം പിടിച്ചെടുത്ത ഇടക്കാല സ‍ര്‍ക്കാറിന് അടിപതറുകയാണോ? സാമ്പത്തിക പ്രതിസന്ധി വരിഞ്ഞുമുറുകുന്നതിടെ ആഭ്യന്തര പ്രശ്നങ്ങൾക്കും തീപിടിക്കുന്നത് ബം​ഗ്ലാദേശിന് താങ്ങാവുന്നതിനപ്പുറമായിക്കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുമായുള്ള ബന്ധത്തിൽ വീണ വിള്ളൽ വകവെക്കാതെ ഇന്ത്യയോട് മുഹമ്മദ് യൂനസ് സ‍ര്‍ക്കാര്‍ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് . കടുത്ത ഭക്ഷ്യക്ഷാമത്തിനും പണപ്പെരുപ്പത്തിനും ഇടയിൽ അടിയന്തരമായി കുറഞ്ഞ നിരക്കിൽ 50,000 ടണ്‍ അരി വേണമെന്നാണ് ബം​ഗ്ലാദേശിന്റെ ആവശ്യം.

നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം 11. 48 ലക്ഷം ടണ്ണായി കുറഞ്ഞു. അരിഭക്ഷണത്തെ കൂടുതലായി ആശ്രയിക്കുന്ന രാജ്യത്ത് അരിയുടെ ശേഖരം വെറും 7.42 ലക്ഷം ടൺ മാത്രമാണ്. ഇതോടെയാണ് പരിഹാരത്തിനായി ബം​ഗ്ലാദേശ് ഇന്ത്യയെ ആശ്രയിക്കുന്നത്. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ് ബംഗ്ലാദേശില്‍. ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ലഭിച്ചിരുന്ന വൈദ്യുതിക്കും മുടക്കം വന്നിരുന്നു. രാജ്യത്തെ തൊഴില്‍ മേഖലയിലെ വിദേശ നിക്ഷേപം പരിമിതപ്പെടുകയും കയറ്റുമതി താഴുകയും ചെയ്തു. ഇവയ്ക്കെല്ലാം പുറമെയാണ് ആഭ്യന്തര സുരക്ഷ അപകടത്തിലാകുന്നത്. അതിനിടയിൽ മ്യാൻമറിലെ വിമത സൈനിക വിഭാ​ഗമായ അരാക്കൻ ആ‍ർമിയുടെ മുന്നേറ്റവും ബം​ഗ്ലാദേശിന് തലവേദനയാവുകയാണ്.

ബം​ഗ്ലാദേശ് അതിർത്തിയിലെ അവസാന പട്ടണവും അതീവ തന്ത്രപ്രധാന കേന്ദ്രവുമായ മൗങ്‌ഡോ മ്യാൻമർ പട്ടാളമായ ടാറ്റ്മാഡോയിൽ നിന്ന് അരാക്കൻ സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു. നിലവിൽ ബംഗ്ലാദേശ് അതിർത്തിയിലെ മ്യാൻമറിന്റെ 271 കിലോമീറ്ററോളം അരാക്കൻ സൈന്യത്തിന്റെ കൈവശമാണെന്നാണ് റിപ്പോ‍ർട്ടുകൾ. ടെക്നാഫ് മേഖലയുടെ ചില ഭാഗങ്ങൾ പിടിച്ചെടുത്ത് സെന്റ് മാർട്ടിൻസ് ദ്വീപിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് അരാക്കൻ ആ‍ർമി.

Read Also: 8000 കിലോ മീറ്റ‍ര്‍ വരെ കണ്ണെത്തും, ശത്രുപക്ഷത്തെ ഇലയനക്കം പോലും പിടിക്കും റഷ്യയുടെ വൊറോണിഷ് റഡാ‍ര്‍ വാങ്ങാൻ ഇന്ത്യ

അതിനിടെ, അരാക്കൻ സൈന്യത്തിന് ഇന്ത്യയുടെ സഹായം ലഭിക്കുന്നുണ്ടെന്ന വ്യാഖ്യാനങ്ങളും വരുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് കലാടൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്പോ‍ർട്ടിന്റെ ഭാ​ഗമായി മിസോറാമിൽനിന്നുള്ള രാജ്യസഭാ എംപി അരാക്കൻ സേനാ മേധാവികളെ കണ്ടതാണ് ഇതോടൊപ്പം ചേ‍ർത്തുവായിക്കുന്നത്.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബുദ്ധിസ്റ്റ് സായുധ സംഘടനയാണ് അരാക്കൻ ആർമി. റാഖൈൻ പ്രവിശ്യയിലെ ഭൂരിഭാ​ഗം പ്രദേശങ്ങളും അരാക്കൻ ആ‍ർമിയുടെ അധീനതയിലാണ്. 2021ൽ ജനകീയസർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ ജനകീയപ്രക്ഷോഭങ്ങളും അവ‍ർക്ക് കരുത്തുപകർന്നിട്ടുണ്ട്. രാഘൈൻ നിവാസികളുടെ സ്വയംഭരണമാണ് ലക്ഷ്യമെന്ന് പറയുമ്പോഴും മ്യാൻമർ പട്ടാളമായ ടാറ്റ്മാഡോയ്‌ക്കെതിരെ നേടിയ വൻവിജയം അരാക്കൻ ആ‍ർമിയെ അതിർത്തി കടന്ന് ചിറ്റഗോംഗിലെ മതപീഡനം നേരിടുന്ന ബുദ്ധരേയും ഹിന്ദുക്കളെയുമൊക്കെ രക്ഷിക്കാൻ പ്രേരിപ്പിക്കുമോ എന്ന് കണ്ടറിയണം.

വിമത സേനകൾക്ക് സൗകര്യം ചെയ്ത് കൊടുത്തും മറ്റും മ്യാൻമറിലെ അസ്ഥിരമായ സ്ഥിതി വിശേഷങ്ങൾ ചൈന എന്നും മുതലെടുത്തിട്ടുണ്ട്. സമാധാനപ്രക്രിയയ്ക്ക് മുൻകൈയെടുത്ത് രാജ്യത്ത് മുൻതൂക്കം നിലനിർത്താനുള്ള ശ്രമത്തിലാണ് ചൈന. ഇത്തരത്തിൽ മ്യാൻമറിലെ സൈനിക സ‍ർക്കാറിലും വിമത സംഘങ്ങളിലും വള‍ർന്നുവരുന്ന ചൈനീസ് മേൽക്കൈ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ അരാക്കൻ സേനയ്ക്ക് ആയുധങ്ങളും രഹസ്യവിവരങ്ങളും കൈമാറുകയും പരിശീലനം നൽകുകയും ചെയ്യുന്നുണ്ടെന്നാണ് മ്യാൻമർ സൈന്യവുമായി ബന്ധപ്പെട്ടവരിൽ നിന്ന് ആരോപണമുയരുന്നത്. ഇതിന് തക്കതായ തെളിവുകളുമില്ല, ഇന്ത്യ ഈ ആരോപണം അം​ഗീകരിച്ചിട്ടുമില്ല. അതേസമയം, മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോ​ഗിക നിലപാട്.

നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കും ആഭ്യന്തരപ്രശ്നങ്ങൾക്കുമിടയിൽ ബം​ഗ്ലാദേശ് പാകിസ്ഥാനോട് കൂടുതൽ അടുക്കുന്നതും മ്യാൻമർ അതി‍ർത്തിയിൽ നിന്ന് പടരുന്നുപിടിക്കുന്ന ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അസ്ഥിരതയും ഇന്ത്യയെ വിഷയത്തിൽ ഇടപെടാൻ നി‍‍ർബന്ധിതരാക്കുമെന്ന വ്യഖ്യാനങ്ങളും വരുന്നുണ്ട്.

രാഘൈനുകാർക്ക് വേണ്ടിയാണ് പോരാടുന്നതെന്നും റോഹിം​ഗ്യങ്ങൾക്ക് എതിരല്ലെന്നും അരാക്കൻ ആർമി പറയുന്നുണ്ട്. എന്നാൽ, അവ‍ർ പിടിച്ചെടുത്ത സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് റോഹിംഗ്യകളെയാണ് പുറത്താക്കിയിട്ടുള്ളത്. സൈന്യത്തിന്റെ കൂട്ടക്കൊലയിലും അക്രമത്തിലും ഭയന്ന് 2017-ഓടെ രാഘൈനിൽ നിന്നും ബംഗ്ലാദേശിലേക്ക് കടന്നത് ലക്ഷക്കണക്കിന് റോഹിംഗ്യകളാണ്. അരാക്കൻ സേനയ്‌ക്കെതിരായ സൈനികനീക്കത്തിൽ റോഹിംഗ്യകൾ സൈന്യത്തോടൊപ്പം നിന്നതായും ആരോപണമുണ്ട്.

മ്യാൻമർ-ബംഗ്ലാദേശ് അതിർത്തിയിൽ ജിഹാദി സംഘങ്ങൾ ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കും എതിരെ ക്രൂരതകൾ അഴിച്ചു വിടുന്നതായി അരാക്കൻ സേന ആരോപിച്ചിരുന്നു. അതിർത്തിയിലെ റോഹിം​ഗ്യൻ സംഘടനകൾ കൊലപാതകങ്ങളും ബലാത്സംഗങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടത്തുന്നുണ്ടെന്നും ചില സംഘടനകൾക്ക് ജമാഅത്തെ ഇസ്ലാമിയുമായും അൽഖ്വയിദയുമായും ബന്ധമുണ്ടെന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളേയും ആക്രമിക്കാൻ മൗങ്ഡോ പട്ടണത്തിലെ മുസ്ലിങ്ങളെ ഇളക്കിവിടുന്നതായും അവർ ആരോപിച്ചിരുന്നു. ഇത്തരം സംഘങ്ങൾ വളർന്നു വരുന്നതിന് ബംഗ്ലാദേശ് ഒത്താശ ചെയ്യുന്നുവെന്നാണ് അരാക്കൻ സേനയുടെ ആരോപണം.

Story Highlights : Bangladesh has requested India to help with rice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here