8000 കിലോ മീറ്റര്‍ വരെ കണ്ണെത്തും, ശത്രുപക്ഷത്തെ ഇലയനക്കം പോലും പിടിക്കും റഷ്യയുടെ വൊറോണിഷ് റഡാര്‍ വാങ്ങാൻ ഇന്ത്യ
8000 കിലോ മീറ്റര്‍ അകലെ നിന്നുള്ള ഏത് ആക്രമണത്തേയും തിരിച്ചറിയാം, ഒരേസമയം 500 ഒബ്ജക്ടുകൾ ട്രാക്ക് ചെയ്യാം, ചൈന, ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ മഹാസമുദ്ര മേഖലയടക്കം ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാക്കാൻ കെൽപ്പുള്ള റഡാര്‍. റഷ്യയുമായി അതീവ നിര്‍ണായകമായ ഇടപാട് ഫലം കണ്ടാൽ ശത്രുപക്ഷത്തെ ഇലയനക്കം പോലും ഇന്ത്യക്ക് പുഷ്പം പോലെ തിരിച്ചറിയാനാകും.
നാല് ബില്യണ്‍ ഡോളര്‍ അഥവാ 3 ലക്ഷം കോടി മുടക്കി ഭീമന്‍ റഡാര്‍ സംവിധാനമായ വൊറോണിഷ് റഷ്യയില്‍നിന്ന് വാങ്ങാനുള്ള നീക്കമാണ് നടക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ റഷ്യൻ സന്ദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച് റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടന്നിരുന്നു. റഷ്യന്‍ കമ്പനിയായ അല്‍മാസ് അന്റെയ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച റഡാര്‍ സംവിധാനമാണ് വെറോണിഷ്. 8000 കിലോ മീറ്റര്‍ പരിധിയില്‍നിന്നുള്ള ഏത് തരത്തിലുള്ള ആക്രമണത്തെയും തിരിച്ചറിയാൻ ഈ സംവിധാനത്തിന് സാധിക്കും. ബലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഭൂഖണ്ഡാന്തര മിസൈലുകള്‍ തുടങ്ങിയവ നിരീക്ഷിക്കാനാകും. വൊറോണിഷിന്റെ നിരീക്ഷണ പരിധി 10,000 കിലോ മീറ്ററായി വര്‍ധിപ്പിക്കാനാകും. എങ്കിലും കൃത്യമായ വിവരങ്ങള്‍ക്ക് പരമാവധി ലംബമായി 8000 കിലോ മീറ്ററും തിരശ്ചീനമായി 6000 കിലോ മീറ്ററുമാണ് നിരീക്ഷണപരിധി.
Read Also: മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ലോകത്തുള്ള ഏത് സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകളേയും കണ്ടെത്താനുള്ള ശക്തമായ റഡാര്‍ സംവിധാനമാണ് വൊറോണിഷ് എന്നാണ് റഷ്യ അവകാശപ്പെടുന്നത്. അടുത്തിടെയാണ് ചൈനയുടെ സ്റ്റൈൽത്ത് ഫൈറ്റര്‍ ജെ- 35 എ വാങ്ങാൻ പാകിസ്താൻ നീക്കം നടത്തുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നത്. ചൈന സ്വന്തമായി വികസിപ്പിച്ച യുദ്ധവിമാനമാണ് ജെ-35എ. വിമാനവാഹിനികളില്‍ നിന്നുള്‍പ്പെടെ പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ശേഷിയുണ്ട് ഇതിന്. അത്യാധുനിക ഏവിയോണിക്‌സ് സംവിധാനങ്ങളുള്ള ജെ-35എയിൽ റഡാര്‍ നിരീക്ഷണത്തില്‍പ്പെടാതെ പറക്കാന്‍ കഴിയുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുണ്ടെന്നാണ് ചൈനയുടെ അവകാശ വാദം. ഈ സാഹചര്യത്തിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് സ്വന്തമാക്കുന്ന വൊറോണിഷിന്റെ സവിശേഷതകൾ ചര്‍ച്ചയാകുന്നത്.
വൊറോണിഷിന് 8000 കിലോ മീറ്റര്‍ നിരീക്ഷണ പരിധിയുള്ളതിനാൽ ഭൂഖണ്ഡാന്തര മിസൈലുകളെ നേരത്തെ കണ്ടെത്താന്‍ സാധിക്കും. ഭൂമിക്ക് സമീപത്തുള്ള ബഹിരാകാശ വസ്തുക്കളടക്കം റഡാറിന്റെ നിരീക്ഷണ പരിധിയിൽ ഉൾപ്പെടും. ഇത് ബഹിരാകാശ ഗവേഷണങ്ങളിലും ഇന്ത്യക്ക് മുതൽക്കൂട്ടാകും.
കഴിഞ്ഞ മാസമാണ് ഇന്ത്യയും റഷ്യയും തമ്മിൽ ഇക്കാര്യത്തിൽ ചര്‍ച്ചകൾ ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൊറോണിഷ് റഡാര്‍ സംവിധാനത്തിന്റെ 60% ഭാഗങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള താത്പര്യവും ഇന്ത്യ പ്രകടിപ്പിച്ചിരുന്നു. ഇതിന് ഏതെങ്കിലും ഇന്ത്യൻ കമ്പനിയുമായി റഷ്യന്‍ കമ്പനിയായ അല്‍മാസ് അന്റെയ് സഹകരിക്കേണ്ടി വരും.
റഷ്യയുമായുള്ള ചര്‍ച്ചകൾ ഫലം കണ്ടാൽ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാകും റഡാര്‍ വിന്യസിക്കുക. ഇന്ത്യയുടെ നിര്‍ണായകമായ പല പ്രതിരോധ സാങ്കേതിക വിദ്യകളുടെ പരീക്ഷണ മേഖലയാണ് ചിത്രദുര്‍ഗ ജില്ല. വൊറോണിഷ് റഡാര്‍ വിന്യാസത്തിനായുള്ള സര്‍വേ നടപടികള്‍ നേരത്തെ തന്നെ പൂര്‍ത്തിയായതായാണ് വിവരങ്ങൾ.
വൊറോണിഷ് സംവിധാനം സ്വന്തമാക്കുന്നത് പ്രതിരോധമേഖലയിൽ ഇന്ത്യയുടെ സുപ്രധാന കുതിച്ചുചാട്ടമാകും. ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള ഭീഷണികളുടെ പ്രതിരോധം തന്നെയാണ് ഇതിൽ നിര്‍ണായകം. ദക്ഷിണേഷ്യയിലെ വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടെ മേഖലയിൽ മേൽക്കോയ്മ നേടാനും ഇത് ഇന്ത്യയെ സഹായിക്കും.
റഷ്യയെ സംബന്ധിച്ചിടത്തോളം ഈ ഇടപാട് തങ്ങളുടെ ഒരു പ്രധാന പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, പാശ്ചാത്യ ഉപരോധങ്ങളാൽ ബുദ്ധിമുട്ടുന്ന സമയത്ത് വൻ സാമ്പത്തിക നേട്ടമാണ്. അതേസമയം, ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ റഷ്യ, നൂതന സൈനിക സാങ്കേതിക വിദ്യകൾക്ക് വിപണി കണ്ടെത്തുന്നതിൽ വിജയിക്കുമ്പോൾ അത് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ പ്രചാരണത്തിൻ്റെ മുനയൊടിക്കുന്നതാണ്. പ്രത്യേകിച്ചും അമേരിക്കയ്ക്ക് ഇത് തിരിച്ചടിയാകും.
റഷ്യയിൽ നിന്ന് ഇന്ത്യ റഡാർ സംവിധാനം വാങ്ങുന്നത് കേവലം ഒരു സൈനികശക്തി നവീകരിക്കാൻ മാത്രമല്ല. അതിനുമപ്പുറം ഒരു രാഷ്ട്രീയ പ്രസ്താവനയാണത്. ഈ കരാറുമായി മുന്നോട്ട് പോകുന്നതിലൂടെ, റഷ്യയെ ഒറ്റപ്പെടുത്താനുള്ള പാശ്ചാത്യ ശ്രമങ്ങളെ ഇന്ത്യ പരസ്യമായി ധിക്കരിക്കുകയും പാശ്ചാത്യ സമ്മർദങ്ങൾ അവഗണിച്ച് തങ്ങളുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ പിന്തുടരുമെന്ന സൂചന നൽകുകയുമാണ് ഇന്ത്യ ചെയ്യുന്നത്.
Story Highlights : India to buy Russia’s Voronezh radar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here