Advertisement

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിൽ വാദം കേൾക്കില്ല, അതിജീവിതയുടെ ഹർജി തള്ളി

6 hours ago
Google News 2 minutes Read
court order

നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നു. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാ​ദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചത്.

കേസിൽ അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. തന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയത്.

Read Also: രാഹുൽ ഗാന്ധി വയനാട് ജയിച്ചത് വർഗീയ വോട്ട് നേടി; വിവാദ പരാമർശവുമായി എ വിജയരാഘവൻ

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസിലെ പ്രധാന സാക്ഷികളിലൊരാളായ ബാലചന്ദ്രകുമാർ അന്തരിച്ചിരുന്നു.

Story Highlights : Actress assault case; No hearing in open court, survivors plea dismissed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here