പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് ഒഴിവാക്കി; തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ
പാർട്ടി നടപടി നേരിട്ട പി.കെ ശശിയെ രണ്ടു പദവികളിൽ നിന്ന് കൂടി നീക്കി. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് നീക്കിയത്. പകരം സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്റാകും.
കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം സർക്കാർ തീരുമാനിക്കട്ടെയെന്നും പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
അഴിമതി നടത്തിയെന്ന അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് പി.കെ.ശശിയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയില്‍ നിന്നും ഒഴിവാക്കിയത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയെ കേസില്‍ കുടുക്കാനുള്ള ഗൂഢനീക്കവും ശശിയുടെ പുറത്തേക്കുള്ള വഴി എളുപ്പത്തിലാക്കി. ശശി കെ.ടി.ഡി.സി ചെയര്‍മാന്‍പദവും സി.ഐ.ടി.യു ജില്ലാ അധ്യക്ഷ പദവും ഒഴിയണമെന്ന ആവശ്യം പാലക്കാട് നേതൃത്വം ശക്തമാക്കിയിരുന്നു.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക പീഡന പരാതി നൽകിയതോടെ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു മുൻപു സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. തുടർന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ സീറ്റ് നിഷേധിച്ചു. ഇതിനു പകരമായാണ് കെടിഡിസി ചെയർമാൻ സ്ഥാനം നൽകിയത്.
Story Highlights : P.K. Sasi was removed from two positions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here