Advertisement

എച്ച്എംപി വൈറസിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല; വിദഗ്ധര്‍ പറയുന്ന 4 കാരണങ്ങള്‍

January 7, 2025
Google News 2 minutes Read
Should we be worried about HMPV?

ചൈനയില്‍ എച്ച്എംപിവി അതിവേഗം പടരുന്നത് ലോകം ജാഗ്രതയോടെ നിരീക്ഷിച്ചുവരുന്നതിനിടെ ഇന്ത്യയിലും അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഒട്ടേറെ സംശയങ്ങള്‍ക്ക് വഴി വച്ചിരുന്നു. എച്ച്എംപിവി മറ്റൊരു കൊവിഡ് കാലം സൃഷ്ടിച്ചേക്കുമോ എന്നതായിരുന്നു പ്രധാന സംശയം. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു. ചൈനയില്‍ പടരുന്ന വൈറസിന്റെ അതേ വകഭേദം തന്നെയാണ് ഇവിടെയും റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കാന്‍ ആരോഗ്യവിദഗ്ധര്‍ പറയുന്ന 4 കാരണങ്ങള്‍ പരിശോധിക്കാം. (Should we be worried about HMPV?)

ഇത് പുതിയതല്ല

എച്ച്എംപിവി ബാധ ലോകത്ത് പതിറ്റാണ്ടുകളായി പലയിടങ്ങളിലായി മുന്‍പും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. കൊവിഡ് ലോകത്തിന് പുതിയ അനുഭവമായിരുന്നെങ്കില്‍ എച്ച്എംപിവി ഇങ്ങനെയല്ലെന്ന് ദി ഗാര്‍ഡിയനുവേണ്ടി ഹെലന്‍ ഡേവിഡ്‌സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2001ലാണ് എച്ച്എംപിവി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാലാവസ്ഥയ്ക്കനുസരിച്ച് വരുന്ന രോഗം

മഞ്ഞുകാലത്തോ ശരത് കാലത്തിലെ ചില പ്രത്യേക അവസ്ഥയിലോ ആണ് എച്ച്എംപിവി വ്യാപനം കൂടുതലായി നടക്കുന്നതെന്ന് ഫ്‌ളിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ എപ്പിസ്റ്റമോളജിസ്റ്റ് ജാക്വിലിന്‍ സ്റ്റീഫന്‍ പറയുന്നു. പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ സാധാരണയായി ദിവസങ്ങളോളമോ ഒരാഴ്ചയോ വരെ നീണ്ടുനില്‍ക്കാം

Read Also: നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ നയന്‍താരയ്ക്ക് പുതിയ കുരുക്ക്; ചന്ദ്രമുഖിയുടെ നിര്‍മാതാക്കളും നോട്ടീസയച്ചു

രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവ്

സാധാരണ പനിയുടെയോ ന്യുമോണിയയുടേയോ ലക്ഷണങ്ങള്‍ തന്നെയാണ് എച്ച്എംപിവി ബാധിച്ചാലുണ്ടാകുക. പനി, ചുമ, തൊണ്ടവേദന, ശ്വാസമെടുക്കുമ്പോഴുള്ള ബുദ്ധിമുട്ട് ഇവയാണ് ലക്ഷണങ്ങള്‍. ഇവ കടുക്കാനും ജീവന് ഭീഷണിയാകാനും സാധ്യത വളരെ കുറവാണെന്ന് ആര്‍എംഐറ്റി യൂണിവേഴ്‌സിറ്റി ഇമ്മ്യുണോളജി പ്രൊഫസര്‍ വാസോ അപ്പോസ്‌റ്റോപൗലൊസ് പറഞ്ഞു. ബ്രോങ്കൈറ്റിസും ന്യുമോണിയയുമായി മാറാമെന്നതാണ് ഈ രോഗത്തിന്റെ റിസ്‌ക് എന്നിരിക്കിലും ഇത് അപൂര്‍വം കേസുകളില്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. അതിവേഗം രോഗം പകരുന്നത് ആരോഗ്യമേഖലയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്നുവെന്നതാണ് ആഗോളതലത്തില്‍ നേരിയ ആശങ്കയുണ്ടാക്കുന്നത്.

ചൈനയിലെ വൈറസ് വ്യാപനം ഭയക്കേണ്ടെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍

ചൈനയില്‍ എച്ച്എംപിവി വൈറസ് ബാധയുടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ചൈനയില്‍ ഒരു അസാധാരണ സാഹചര്യമില്ലെന്നാണ് ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യസംഘടനയും പറയുന്നു. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ചൈനയില്‍ അപകടാവസ്ഥയില്ലെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Story Highlights : Should we be worried about HMPV?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here