Advertisement

രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോള്‍ ലീഗില്‍ നഷ്ടങ്ങളുടെ കഥയുമായി ഗീതു

January 10, 2025
Google News 3 minutes Read
sports

ഇന്ത്യയില്‍ പ്രോ ഇന്റര്‍നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ലീഗ് 15ന് തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയയില്‍ വനിതാ ചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ ലഭിച്ച ക്ഷണം നിരസിക്കേണ്ടിവന്ന അനുഭവവുമായി ഒരു മലയാളി വനിത. ഒപ്പം ആഗോള സാമ്പത്തിക മാന്ദ്യം മൂലം കളിക്കാരുടെ എണ്ണം കുറയ്ക്കാന്‍ ക്ലബുകള്‍ നിര്‍ബന്ധിതരായപ്പോള്‍ അമേരിക്കന്‍ വനിതാ ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ലീഗില്‍ അവസരം നഷ്ടപ്പെട്ട കഥയും മുന്‍ ഇന്ത്യന്‍ നായിക ഗീതു അന്ന രാഹുല്‍ (ജോസ് ) ഓര്‍ക്കുന്നു.

2008-09 ല്‍ ഓസ്‌ടേലിയന്‍ വിമന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ചാംപ്യന്‍സ് ലീഗില്‍ (മൂന്ന്, രണ്ട്, ഒന്ന് ഡിവിഷന്‍, പിന്നെ ചാംപ്യന്‍സ് ലീഗ്) കളിക്കാന്‍ ഡാന്‍ഡനോങ് റേഞ്ചേഴ്‌സ് ക്ഷണിച്ചു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസവും ഉറപ്പു നല്‍കി. പക്ഷേ, റയില്‍വേസിലെ ജോലി ഉപേക്ഷിച്ചു പോയിട്ട് രക്ഷപ്പെടാതെ വന്നാലോ എന്ന ആശങ്ക. പിന്‍തിരിപ്പിക്കാന്‍ ഒട്ടേറെ പേരുണ്ടായിരുന്നു. സുവര്‍ണാവസരം പാഴാക്കരുതെന്ന് പറയാന്‍ അധികമാരുമില്ലായിരുന്നു. അതുവരെ നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന അപ്പ ജോസ്, തലേവര്‍ഷം അന്തരിച്ചു. ഇരുപത്തിമൂന്നു തികയാത്ത വനിതാ താരത്തിന് സ്വന്തമായൊരു തീരുമാനമെടുക്കുവാന്‍ കഴിയില്ലായിരുന്നു.

‘അപ്പ ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അനുമതി നല്‍കിയേനെ. അപ്പയുടെ ആകസ്മിക വേര്‍പാട് വീട്ടില്‍ സൃഷ്ടിച്ച പ്രതിസന്ധിയും പ്രശ്‌നമായി’ – ഗീതു പറഞ്ഞു. പിന്നീട്, 2011 ല്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് ആയ എന്‍.ബി.എ.യുടെ വനിതാ വിഭാഗത്തില്‍ (ഡബ്ല്യു.എന്‍.ബി.എ) കളിക്കാന്‍ ട്രയല്‍സില്‍ പങ്കെടുത്തു. സാന്‍ അന്റോണിയോ സില്‍വര്‍ സ്റ്റാര്‍സ്, ലൊസാഞ്ചലസ് സ്പാര്‍ക്‌സ്, ഷിക്കാഗോ സകൈസ് ടീമുകളുടെ ട്രൈ ഔട്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പക്ഷേ, നിര്‍ഭാഗ്യം തുടര്‍ക്കഥയായി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബുകള്‍ കളിക്കാരുടെ എണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ഗീതുവിന് അവസരം നഷ്ടമായി.

Read Also: ഇന്റര്‍നാഷനല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗിന് വേദി: കേരളവും പരിഗണനയില്‍| 24 Exclusive

രാജ്യാന്തര ബാസ്‌ക്കറ്റ്‌ബോള്‍ സംഘടന ഫിബയുടെ ഏഷ്യയിലെ ടോപ് സ്‌കോറര്‍ എന്ന ലേബലില്‍ ആണ് ഗീതുവിനെ യു.എസ് ക്ലബുകള്‍ ട്രൈ ഔട്ടിന് ക്ഷണിച്ചത്. ലൊസാഞ്ചലസില്‍ ട്രൈ ഔട്ടില്‍ ഗീതുവിന്റെ പ്രകടനം ഇഷ്ടപ്പെട്ട്, ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബേ ബ്രയന്റിന്റെ പിതാവ് ജോ ബ്രയന്റ് അനുമോദിച്ചത് ഓര്‍ക്കുന്നു.’സ്‌കോളര്‍ഷിപ്പ് എടുത്ത് ഏതാനും മാസം ലൊസാഞ്ചലസില്‍ നില്‍ക്കാന്‍ അദ്ദേഹം ഒത്തിരി നിര്‍ബന്ധിച്ചതാണ്. ഭാവിയില്‍ അവസരം കൈവരുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, എന്തോ, എനിക്കതു സാധിച്ചില്ല’.ഗീതു ഓര്‍ത്തെടുത്തു.

2006 ജൂലൈ മാസം ഓസ്‌ട്രേലിയയില്‍ രണ്ടാം ഡിവിഷന്‍ ലീഗില്‍ റിങ് വുഡ് ഹോക്ക്‌സ് ടീമില്‍ കളിച്ചപ്പോള്‍ വിദേശ ബാസ്‌ക്കറ്റ്‌ബോള്‍ ക്ലബിനു കളിച്ച ആദ്യ ഇന്ത്യക്കാരിയായി. പ്രഫഷണല്‍ ലീഗ് കളിച്ച ആദ്യ ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ താരവും. ആ മാസം തന്നെ ‘പ്‌ളെയര്‍ ഓഫ് ദ് മന്ത്’ആയി. ജൂലൈയില്‍ റിങ് വുഡ് നാലു മത്സരം ജയിച്ചപ്പോള്‍ ടോപ് സ്‌കോറര്‍. 2008-09 സീസണില്‍ ടോപ് സ്‌കോററും ടോപ് റീബൗണ്ടറും. ഇതോടെ ലോകത്തിലെ മികച്ച ലീഗുകളില്‍ സ്ഥാനമുള്ള ഓസ്‌ട്രേലിയന്‍ വിമന്‍സ് നാഷനല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗില്‍ (ഡബ്ല്യു.എന്‍.ബി.എല്‍) ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ ഗീതു ഡാന്‍ഡെനോങ് റേഞ്ചേഴ്‌സുമായി കരാര്‍ എഴുതി. ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം. പക്ഷേ, അവസരം പ്രയോജനപ്പെടുത്താനായില്ല.

ഓസ്‌ട്രേലിയയിലെ ബിഗ് ഫൈവ് സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ റിങ് വുഡിനു കളിച്ചപ്പോള്‍ 2008 ലെ ഏറ്റവും മൂല്യമുള്ള താരമായി തിരഞ്ഞെടുക്കപ്പെട്ട ഗീതുവിന് ആ സമ്മാനം സ്വീകരിക്കും മുമ്പ് മടങ്ങേണ്ടിവന്നു. എന്നാല്‍ സമ്മാനം സൂക്ഷിച്ചുവച്ച റിങ് വുഡ് കോച്ച് ടീം മോര്‍ട്ടിന്‍, 2017-18 ല്‍ ടീമിനൊപ്പം കേരളത്തില്‍ ഹൂപ്പത്തണില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഗീതുവിനു കൈമാറി. ഓസ്‌ട്രേലിയന്‍ ക്ലബ് ഗീതു അന്ന ജോസ് എന്ന കളിക്കാരിയുടെ മൂല്യം എത്രയെന്ന് അറിഞ്ഞുവെന്നതിന്റെ ഏറ്റവും വലിയ തെളിവ്. പക്ഷേ, ഇന്ത്യ, എന്തിന് കേരളം ഈ സൂപ്പര്‍ താരത്തിന് ഇനിയും വേണ്ട അംഗീകാരമോ ആദരമോ നല്‍കിയിട്ടില്ല. ഈ കളിക്കാരിയുടെ അനുഭവസമ്പത്തും പ്രതിഭയും രാജ്യാന്തര ബാസ്‌ക്കറ്റ് ബോള്‍ ലീഗ് ഇന്ത്യയില്‍ തുടങ്ങുന്ന അവസരത്തിലെങ്കിലും നമ്മള്‍ തിരിച്ചറിയണം. ഇല്ലെങ്കിലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാസ്‌ക്കറ്റ്‌ബോള്‍ കളിക്കാരിയെന്നു ചരിത്രം രേഖപ്പെടുത്തും.

Story Highlights : Geethu Anna Rahul, one of the best basketball player in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here