ഹണിയെ ലൈംഗികമായി അധിക്ഷേപിക്കുന്ന ഒരു വാക്ക് ഞാന്‍ പറഞ്ഞതായി കാണിക്കാമോ? വെല്ലുവിളിയുമായി രാഹുല്‍ ഈശ്വര്‍
ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് തനിക്ക് അഭിപ്രായമുണ്ടെന്നും വിമര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍. ഹണി റോസിന്റെ പരാതിയെ നിയമപരമായി നേരിടുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെന്നും രാഹുല്‍ ഈശ്വര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഗാന്ധിജിയും മദര്‍ തെരേസയും വരെ വിമര്‍ശിക്കപ്പെടുന്ന നാട്ടില്‍ ഹണി റോസിനെ മാത്രം വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. ഹണി റോസിന്റെയും അമല പോളിന്റേയുമൊക്കെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ട്വന്റിഫോറിലെ ചര്‍ച്ചാ പരിപാടിയായ എന്‍കൗണ്ടര്‍ പ്രൈമില്‍ പങ്കെടുത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Rahul Easwar on honey rose’s complaint against him)
നടി ഹണി റോസിനെ താന്‍ ലൈംഗികമായി അധിക്ഷേപിച്ച ഒരു വാക്കെങ്കിലും കാണിച്ചുതന്നാല്‍ വിചാരണകൂടാതെ ജയിലിലേക്ക് പോകാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഒരാള്‍ ഇടുന്ന വസ്ത്രത്തെ വിമര്‍ശിക്കരുതെന്നത് ഇടത് ലിബറല്‍ കാഴ്ചപ്പാടാണ്. താന്‍ അതിനോട് യോജിക്കുന്നില്ല. നിവിന്‍ പോളിയ്‌ക്കെതിരെയും ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെയും വ്യാജ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ആണുങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍ ഇവിടെ ആരുമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താന്‍ ബോബി ചെമ്മണ്ണൂരിനെയും വിമര്‍ശിച്ചിട്ടുണ്ട്. ഹണി റോസ് മാത്രം വിമര്‍ശനത്തിന് അതീതയല്ല. അവര്‍ക്കും കുടുംബത്തിനും ദുഃഖമുണ്ടായെന്നറിഞ്ഞതില്‍ വിഷമമുണ്ട്. എങ്കിലും മുന്‍പ് പറഞ്ഞ അഭിപ്രായങ്ങളില്‍ മാറ്റമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ദിവസമെണ്ണി കാത്തിരുന്നോളൂ; മെസി മലയാളനാട്ടിലെത്തുക ഒക്ടോബര്‍ 25ന്; ആരാധകര്‍ക്ക് കാണാനും അവസരം
രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്ന ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഉടന്‍ കേസെടുത്തേക്കുമെന്നാണ് വിവരം. സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വരന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കുവാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വരനെതിരെ കൂടി പരാതി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വാദം കേള്‍ക്കും.
Story Highlights : Rahul Easwar on honey rose’s complaint against him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here