Advertisement

ശബരിമലയിൽ മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം

December 27, 2020
Google News 2 minutes Read

ശബരിമലയിൽ മണ്ഡലകാല ഉത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. 41 ദിവസത്തെ മണ്ഡല കാലത്തിനു സമാപനം കുറിച്ച് ഇന്നലെരാത്രി 9മണിക്ക് ഹരിവരാസനം പാടി നട അടച്ചു. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.

ഭക്ത ജനത്തിരക്കില്ലാതെയുള്ള കൊവിഡ് പശ്ചാത്തല തീർത്ഥാടനത്തിനാണ് പരിസമാപ്തിയായത്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി തുടക്കത്തിൽ തീർഥാടകരുടെ എണ്ണം ആയിരമായി പരിമിതപ്പെടുത്തിയിരുന്നു. പിന്നീട് ബന്ധപ്പെട്ട കമ്മിറ്റികളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രണ്ടായിരമായും തുടർന്ന് മൂവായിരമായും ഭക്തരുടെ എണ്ണം വർധിപ്പിച്ചു. മണ്ഡല പൂജയ്ക്കും മകരവിളക്കിനും അയ്യായിരവുമാക്കി. കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് നിലയ്ക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്കും തുടർന്ന് സന്നിധാനത്തേക്കും പ്രവേശിപ്പിച്ചത്. ഇതിനായി നിലയ്ക്കലിൽ ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയിരുന്നു. ഇതിന് പുറമേ ഭക്തരെത്തുന്ന സ്ഥലങ്ങളെല്ലാം കൃത്യമായ ഇടവേളകളിൽ അണുനശീകരണവും നടത്തി. തീർത്ഥാടകർക്കും സന്നിധാനത്ത് സേവനമനുഷ്ടിച്ച ഏതാനും ജീവനക്കാർക്കും കൊവിഡ് ബാധിച്ചെങ്കിലും ആശങ്കകളില്ലാതെ മണ്ഡലകാലം പൂർത്തിയായെന്നാണ് ദേവസ്വം ബാർഡിന്റെ വിലയിരുത്തൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻ കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 മുതൽ 2021 ജനുവരി 19 വരെയാണ് മകരവിളക്ക് ഉത്സവ കാലം. ഡിസംബർ 31 മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടാകും. ജനുവരി 14 നാണ് മകരവിളക്ക്.

Story Highlights – Devotional conclusion to the Mandalakala festival at Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here