Advertisement

മോശം ഭക്ഷണം നല്‍കിയത് ചോദ്യം ചെയ്തതിന് ബിഎസ്എഫ് പുറത്താക്കിയ ജവാന്‍ മോദിക്കെതിരെ മത്സരിക്കാനൊരുങ്ങുന്നു

March 30, 2019
Google News 0 minutes Read

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചതിന് ബിഎസ്എഫ് പുറത്താക്കിയ ജവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും. ഹരിയാനയിലെ റെവാരി സ്വദേശിയായ തേജ് ബഹദൂര്‍ യാദവാണ് പ്രധാനമന്ത്രിക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

മത്സരിക്കണമെന്ന ആവശ്യവുമായി നിരവധി പാര്‍ട്ടികള്‍ തന്നെ സമീപിച്ചുവെന്ന് തേജ് ബഹദൂര്‍ അവകാശപ്പെടുന്നു. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജയിക്കുകയോ തോല്‍ക്കുകയോ എന്നതല്ല ലക്ഷ്യം. സൈനിക വിഭാഗങ്ങളെ, പ്രത്യേകിച്ച് അര്‍ധ സൈനിക വിഭാഗങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തെളിയിക്കാനാണ് ശ്രമമെന്നും തേജ് ബഹദൂര്‍ പറഞ്ഞു.

ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത്. എന്നാല്‍, അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യം. പുല്‍വാമയില്‍ അടുത്തയിടെ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഇതുവരെ രക്തസാക്ഷികള്‍ എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2017 ലാണ് തേജിനെ ബിഎസ്എഫ് പുറത്താക്കുന്നത്. ജമ്മു കശ്മീരിലെ ക്യാമ്പില്‍ ജവാന്മാര്‍ക്ക് നല്‍ക്കുന്ന ഭക്ഷണത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഉടന്‍ വാരാണാസിയിലേക്ക് പോകുമെന്നും വിരമിച്ച സൈനികരുടെയും കര്‍ഷകരുടെയും പിന്തുണയോടെ പ്രചാരണം നടത്തുമെന്നും തേജ് വ്യക്തമാക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here