Advertisement

ഇത്തിരി ഉപ്പും മുളകും കൂട്ടി ബാലുവിന്റെ വിശേഷങ്ങള്‍

April 20, 2017
Google News 2 minutes Read
biju sopanam interview

ബിജു സോപാനം/ ബിന്ദിയ മുഹമ്മദ്‌

കാവാലം നാടക കളരിയുടെ വിശാലതയിൽ നിന്ന് മലയാളികളുടെ മിനിസ്‌ക്രീനിലേക്ക്….ബിജു സോപാനം എന്ന മലയാളികളുടെ പ്രിയപ്പെട്ട ബാലു പ്രേക്ഷകരുമായി പങ്കുവെക്കുന്നു തന്റെ അഭിനയ ജീവിതത്തിലെ മുഹൂർത്തങ്ങളെ കുറിച്ചും.

ഉപ്പും മുളകും ഇപ്പോൾ ഏറ്റവും റേറ്റിങ്ങ് ഉള്ള സീരിയലാണ്. എന്ത് തോന്നുന്നു ??

വളരെ സന്തോഷമുണ്ട്. ഒരു സീരിയലിലെയും അഭിനേതാക്കൾക്ക് കിട്ടാത്ത തരത്തിലുള്ള സ്വീകാര്യത ഞങ്ങൾക്ക് കിട്ടി. ഇതിന്റെ ക്രെഡിറ്റ് ഡയറക്ടർ ആർ.ഉണ്ണികൃഷ്ണനാണ്. അഭിനയമല്ല സാറിന് വേണ്ടത് മറിച്ച് കഥാപാത്രങ്ങളായി ജീവിക്കുകയാണ്. അത് ചെയ്യാൻ സാധിച്ചു.

ബാലു എന്ന കഥാപാത്രവും ബിജു സോപാനം എന്ന വ്യക്തിയും തമ്മിലുള്ള സാമ്യം…..

ബാലു എന്ന കാഥാപാത്രം കുട്ടിക്കളി ഉള്ള ആളാണ്, എന്നാൽ ഇടക്ക് സീരിയസ്സാണ്, വീട്ടുകാർക്ക് വേണ്ടി എത്രവേണെങ്കിലും കഷ്ടപ്പെടാൻ ഉള്ള മനസ്സുണ്ട്. അങ്ങനെ സമൂഹത്തിലെ എല്ലാ തരം ആൾക്കാരെയും പ്രതിനിധാനം ചെയ്യുന്ന ക്യാരക്ടറാണ്.

ബാലു എന്ന കഥാപാത്രം ചെറിയ രീതിയിൽ എന്റെ ജീവിതവുമായി സാമ്യം ഉണ്ട്. ഭാര്യയുമായുള്ള തമാശയും പിണക്കവും, മകളുമായുള്ള കളിയും ചിരിയും, ഇതൊക്കെ എന്റെ ജീവിതത്തിലും ഉണ്ട്. അതിൽ ചില സാമ്യതകൾ ഉണ്ട്. അല്ലാതെ ബാലുവിനെ പോലെ ജോലിയിൽ അലസനല്ല ഞാൻ.

പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു ബാലുവിന്റെ ‘യോ യോ’ ബാലു….

mudiyan with balu

അത് ഞാൻ നാടകത്തിൽ നിന്ന് വന്നത് കൊണ്ടായിരിക്കാം. താള ബോധം ഇല്ലാതെ അവിടെ പറ്റില്ല; താളാദിഷ്ടിതമാണ് എല്ലാം. ഒരോ ചലനങ്ങളും താളത്തിനനുസരിച്ച് വേണം ചെയ്യാൻ. എല്ലാവർക്കും ഒരു താളമുണ്ട്. നമ്മുടെ ഹൃദയത്തിന്റെ മിടിപ്പ് പോലും താളത്തിലാണ്. അതേ താളം തന്നെ ഒരു നടന് വേണം. അത് സ്വായക്തമാക്കാൻ ശ്രമിക്കുന്നു. റിഷി (ഉപ്പും മുളകിലെ റിഷി) യും എന്നെ സഹായിച്ചിട്ടുണ്ട്.

ബാലു എന്നത് ഒരു ഹാസ്യ കഥാപാത്രമാണ്. തമാശ പറഞ്ഞ്, കളിച്ച് ചിരിച്ച് ഇരിക്കുന്ന ഒരു സാധാരണ മനുഷ്യൻ. ഇനി സിനിമയിൽ ആണെങ്കിലും സീരിയലിൽ ആണെങ്കിലും കഥാപാത്രങ്ങൾ വരുമ്പോൾ ഇത്തരത്തിലുള്ളത് മാത്രം ലഭിക്കുകയുള്ളൂ എന്ന് പേടി ഉണ്ടോ ??

balu with neelu

ഇല്ല. ഉപ്പും മുളകും എന്ന സീരിയലിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് അത്. ഇതിൽ ഓരോ എപ്പിസോഡും ഓരോ തരത്തിൽ ഉള്ള ബാലുവാണ്. മാനറിസം തന്നെ പലതാണ്. ഒരു എപ്പിസോഡിൽ ‘യോ യോ’ ബാലുവായി വന്നു, മറ്റൊന്നിൽ ഭയങ്കര ഇമോഷണലായി വന്നു. അങ്ങനെ വ്യത്യസ്തമായി ഓരോ എപ്പിസോഡും ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. അതുകൊണ്ട് തന്നെ ടൈപ്കാസ്റ്റ് ചെയ്യപ്പെടും എന്ന പേടി ഇല്ല.

സെറ്റിൽ ഏറ്റവും അടുപ്പം ആരോടാണ് ??

എല്ലാവരുടെ അടുത്തും ഒരേ പോലെയാണ്. അങ്ങനെ ഒരാളോട് മാത്രം കൂടുതൽ അടുപ്പം ഒന്നുമില്ല.

ഇനി എങ്ങനെയുള്ള വേഷം ചെയ്യാനാണ് താൽപര്യം ??

balu

ഏത് വേഷം കിട്ടിയാലും ചെയ്യും, അങ്ങനെ സ്വപ്‌നം ഒന്നും ഇല്ല. ഇത്തരത്തിലുള്ള വേഷം വേണമെന്നോ അങ്ങനെ ഒന്നുമില്ല. ഏത് വേഷം കിട്ടിയാലും മാക്‌സിമം നന്നാക്കാൻ ശ്രമിക്കും. പോസിറ്റീവ് ആയാലും, നെഗറ്റീവ് ആയാലും സ്വീകരിക്കും.

കാവാലത്തിന്റെ നാടകത്തിലൂടെയാണല്ലോ അഭിയത്തിലേക്ക് വന്നത്…

22 വർഷമായി ഞാൻ കാവാലം സാറിന്റെ കൂടെ. അദ്ദേഹം മരിച്ചതിന് ശേഷവും ഞാൻ മധ്യമവ്യാഴം എന്ന നാടകം കോഴിക്കോട് അവതരിപ്പിച്ചു. ഇനി ഉജ്ജയിനിയിൽ നാടകം ഉണ്ട്.

ഇപ്പോൾ നാടകത്തിലും, സീരിയലിലും സജീവമാണ്. ഇനി സിനിമ കൂടി വന്നാൽ മൂന്നും ഒരുമിച്ച് കൊണ്ടുപോവാൻ സാധിക്കുമോ ? ഏതെങ്കിലും ഒരു മേഖല വിടേണ്ടി വന്നാൽ ??

ഒന്ന് കളഞ്ഞ് മറ്റൊന്ന് ചെയ്യില്ല. അഭിനയിക്കുക എന്നതാണ് എന്റെ താൽപര്യം. അത് സിനിമയാണോ, സീരിയലാണോ, നാടകമാണോ എന്ന വ്യത്യാസം ഒന്നുമില്ല. ഒരു കലാകാരൻ എന്ന നിലയിൽ ഏത് മേഖലയാണെങ്കിലും എനിക്ക് പ്രശ്‌നമല്ല. സിനിമയിൽ അവസരം കിട്ടുകയാണെങ്കിൽ നല്ലത് ഇല്ലെങ്കിൽ ഇല്ല.

ഉത്ഘാടനങ്ങൾക്കും മറ്റും ‘ഉപ്പും മുളകും’ കുടുംബത്തെ ഒരുമിച്ചാണ് എല്ലാവരും വിളിക്കുന്നത്. എന്ത് തോന്നുന്നു ??

family

പലരും പറയുന്നത് ‘ഉപ്പും മുളകും’ ശൈലിയിൽ വരാൻ തന്നെയാണ്. ബിജു എന്ന വ്യക്തിയെ കാണാനല്ല, മറിച്ച് ബാലുവിനെ കാണാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ അധിക കാലം ബാലുവായി മാത്രം എന്നെ പ്രസന്റ് ചെയ്യാൻ എനിക്ക് താൽപരിയമില്ല. നമ്മുടെ വ്യക്തിത്വം മാറി നിന്നിട്ടാണ് ബാലു ആവുന്നത്. ബിജു എന്ന രീതിയിൽ എന്നെ പരിപാടികൾക്ക് വിളിച്ചിട്ടുമില്ല, അങ്ങനെ ഞാൻ നിന്നിട്ടുമില്ല. സ്‌കൂളുകളിലും കോളേജുകളിലും ഒക്കെ നാടകത്തെ കുറിച്ച് ക്ലാസ്സ് എടുക്കാൻ പോവുന്നുണ്ട്. അപ്പോൾ ബാലു അല്ല മറിച്ച് ബിജു ആയിട്ടാണ് പോവുന്നത്. ആളുകൾക്ക് ബാലുവിനോട് കൂടുതൽ ഇഷ്ടം തോന്നുന്നത് ഈ സീരിയലിന്റെ വിജയമായി കാണുന്നു.

ഓണത്തെ കുറിച്ച്….

ഞാൻ പണ്ടേ തൊട്ട് കാവാലം സാറിന്റെ കൂടെ ആയിരുന്നത് കൊണ്ട് ഓണം എപ്പോഴും മിസ്സ് ചെയ്യുമായിരുന്നു. സാറിന്റെ കൂടെ നിരവധി ദേശീയ-അന്തർദേശീയ ഫെസ്റ്റിവലുകളിൽ ഞാൻ പോയിട്ടുണ്ട്. അപ്പോൾ ഓണത്തിന് പല ദേശത്തായിരിക്കും. ഇടക്ക് വീട്ടിൽ ഉണ്ടാവും. ഓണത്തിനെ കുറിച്ച് അതുകൊണ്ട് കൂടുതൽ ഓർമ്മകൾ ഒന്നുമില്ല.

വീട്ടിൽ ഉള്ളപ്പോൾ എല്ലാനരും ഒത്തുകൂടും, പൂക്കളം ഇടും, സദ്യ ഒരുക്കും. തിരുവോണം ഭാര്യയുടെ വീട്ടിൽ ആയിരിക്കും. നാലാം ഓണത്തിന്റെ അന്ന് അമ്മയുടെ വീട്ടിൽ പോവും.

biju sopanam interview |balu | uppum mulakum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here