തെരഞ്ഞെടുപ്പിലെ വനിതാ ‘ചാവേറു’കള്‍.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ 50 ശതമാനമല്ല നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ത്രീ സാന്നിദ്ധ്യത്തിന്റെ കണക്ക്. അതിന് രാഷ്ട്രീയ നേതാക്കള്‍ കനിയുക തന്നെ വേണം. പ്രത്യേകിച്ച് യാതൊരു സംവരണവും ഇല്ലാത്തതുകൊണ്ടുതന്നെ ഇത് നേതാക്കള്‍ക്ക് തേന്നിയതുപോലെയാണ്.
2011 ലെ കണക്കെടുപ്പ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.34 കോടിയിലേറെയാണ് (കൃത്യമായി പറഞ്ഞാല്‍ 33406061). ഇതില്‍ പുരുഷന്മാരുടെഎണ്ണം 16027412 ഉം സ്ത്രീകളുടെ എണ്ണം 17378649 ഉം ആണ്. അതായത് ആകെ ജനസംഖ്യയില്‍ പുരുഷന്മാരില് കൂടുതലാണ് സ്ത്രീകളുടെഎണ്ണം. എന്നാലോ എണ്ണത്തില്‍ കൂടുതലുള്ള സ്ത്രീകളുടെ ശബ്ദമാകാന്‍ നിലവില്‍ നിയമസഭയിലുള്ളത് വിരലിലെണ്ണാവുന്നവര്‍, 140 ല്‍ 6 പേര്. വെറും 4 ശതമാനം. നാളെ തെരഞ്ഞെടുപ്പില്‍ ജയിച്ച് എത്തുന്നവര്‍ എത്ര പേരുണ്ടെന്നും കണ്ടറിയാം. പാര്ലമെന്റിലെങ്കിലോ 20 ല്‍ ഒരാള്‍ മാത്രം. എന്നിട്ടും പ്രാതിനിധ്യത്തിന്് വേണ്ടി സ്ത്രീകള്‍ പോലും സബ്ദമുയര്ത്തുന്നില്ലെന്നത് മറ്റൊരു വസ്തുത.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം നല്കുന്നതില് അഭിമാനത്തോടെ പറയുന്ന മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പടുപ്പില് ഇവരെ ഒഴിച്ച് നിര്‍ത്തുന്നു.. ഇനി നിയമസഭാ തെരഞ്ഞെടുപ്പിലും കൊണ്ടുവരേണ്ടി വരും 50 ശതമാനം സ്ത്രീ പ്രാതിനിധ്യം. എങ്കില്‍ മാത്രമേ അര്‍ഹമായ പ്രാധാന്യം ലഭിക്കൂ എന്നതാണ് നിലവിലെ സ്ഥിതി വിശേഷം. വര്‍ഷങ്ങളായി ഒരു ബില്‍ പാര്‍ലമെന്റില്‍ ഉറങ്ങുന്നുണ്ടല്ലോ. പാര്‍ലമെന്റിലേക്ക് സ്ത്രീകള്‍ക്ക് സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള സ്ത്രീ പ്രാതിനിധ്യബില്. അതെല്ലാം ചിതലരിക്കുകയേ ഉള്ളൂ സംശയം വേണ്ട.
ബിജെപി സ്ഥാനാര്‍ത്ഥികളായി രണ്ട് വനിതകള്‍. രേണു സുരേഷും ശോഭ സുനേന്ദ്രനും. ശോഭ സംസ്ഥാന മഹിളാ മോര്‍ച്ചാ മെമ്പറും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്. കേരളത്തില്‍ നിന്ന് നിര്‍വ്വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക വനിതയും ശോഭ തന്നെ. ശോഭ സുരേന്ദ്രന് ബിജെപി പാര്‍ടിയിലെ മികച്ച പ്രാസംഗികയും നേതാവുമെല്ലാമാണ്. എന്നാല്‍ ശോഭാ സുരേന്ദ്രന്റേതല്ലാതെ മറ്റൊരു വനിതാ നേതാവിന്റെ പേര് പാര്‍ടിയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടോ.
യുഡിഎഫില്‍ നിന്ന് നിലവില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് ബിന്ദു കൃഷ്ണയുടേയും ഷാനിമോള്‍ ഉസ്മാന്റെയും പേരുകളാണ്. ബിന്ദു കൃഷ്ണ മുകേഷിനെതിരെ കൊല്ലത്ത് മത്സരിക്കും. ഇന്നലെ വരെ സീറ്റുകള്‍ക്ക് വേണ്ടി കടിപിടി കൂടിയുരുന്ന ഇവര്‍ സ്വന്തം സീറ്റ് ഉറച്ചപ്പോള്‍ അതെല്ലാം നിര്‍ത്തി പൂച്ചക്കുഞ്ഞുങ്ങളായി. മന്ത്രി പി.കെ.ജയലക്ഷ്മി സിറ്റിങ് സീറ്റായ മാനന്തവാടിയില്‍നിന്ന് തന്നെ മത്സിച്ചേക്കും. 9 സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കാനുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇത് പ്രഖ്യാപിക്കുമ്പോഴറിയാം എത്ര പേര് ‘ചാവേര്‍’ ആണെന്ന്. ഇതില്‍ കൂടുതല്‍ കോണ്‍ഗ്രസില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല. ആര്.എം.പിയില്‍ നിന്ന് കെ.കെ.രമയും മത്സരിക്കുന്നുണ്ട്.
എന്നാല്‍ ഇതുവരെ നിയമസഭയിലേക്ക് ഒരു സ്ത്രീ പ്രതിനിധിയൊപ്പോലും നല്‍കാത്ത് മുസ്ലീം ലീഗിലും പൊട്ടിത്തെറികള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലീം ലീഗിലെ സ്ത്രീ സംഘടനകളും വനിതാ നേതാക്കളും ചെറുതായൊക്കെ ശബ്ദമുയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പ് തുടങ്ങുമ്പോള്‍ കേട്ടിരുന്ന നൂര്‍ബിനാ റഷീദിന്റെ ശബ്ദം ഇപ്പോള്‍ എങ്ങും കേള്‍ക്കുന്നില്ല. മുസ്ലീം ലീഗുകാരുടെ കയ്യില്‍നിന്ന് സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടും വെറുതെ തൊണ്ട പൊട്ടിക്കേണ്ടെന്ന് കരുതിയുമാകും പാവം നിര്‍ത്തിക്കളഞ്ഞത്. അല്ലെങ്കില്‍ മുസ്ലീം ലീഗ് വനിതകള്‍ക്ക് സീറ്റ് നല്‍കില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വനിതാ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിന്റെ പേര് വെച്ച് പോസ്റ്ററടിച്ചവരല്ലേ…
ഇടത് മുന്നണിയാണ് ഇത്തവണ സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഒന്നാമത്. സിപിഎം ല്‍ നിന്ന് 12 ഉം സിപിഐ ല്‍ നിന്ന് നാല് പേരും. ആകെ 16 പേര്. ഇനി പ്രഖ്യാപിക്കാനുള്ളത് ഏതാനും സീറ്റുകള്‍ മാത്രമാണ് അതില്‍ എന്തായാലും വനിതാ സ്ഥാനാര്ത്ഥികളുണ്ടാവാന് സാധ്യതയില്ല. എങ്കില്‍ ആകെ 140 സീറ്റുകളില്‍ 16 പേര് സ്ത്രീകള്‍. വെറും 11.42 ശതമാനം മാത്രം. ഇതില്‍ നിലവിലെ എംഎല്‍എ മാരും പുതുമുഖങ്ങളും മാധ്യമ പ്രവര്‍ത്തകയും വരെയുണ്ട്. മാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ആറന്മുളയില് പ്രചാരണം ആരംഭിച്ച് കഴിഞ്ഞു.
ഇനി ഇതില്‍ ആരെല്ലാം ജയിച്ചുകേറുമെന്നും എത്ര പേര് ചാവേറുകളായി കൊഴിഞ്ഞു വീഴുമെന്നും എത്ര വനിതാ മന്ത്രിമാര്‍ ഉണ്ടാകുമെന്നും കണ്ടുതന്നെയറിയാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here