കൊച്ചിയിലെ ഓട്ടോക്കാരുടെ ഗുണ്ടായിസം ഗായിക സയനോരയോടും

പുലര്‍ച്ചെ എറണാകുളം റെയില്‍വേസ്റ്റേഷനിലെത്തിയ ഗായിക സയനോരയ്ക്കെതിരെ ഓട്ടോക്കാരുടെ ഗുണ്ടായിസം. ഓണ്‍ലൈന്‍ ടാക്സിയായ യൂബര്‍ വിളിച്ചതാണ് ഓട്ടോക്കാരെ ചൊടിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മലബാര്‍ എക്സ്പ്രസ്സില്‍ സയനോര കണ്ണൂര് നിന്ന് എറണാകുളത്ത് എത്തിയത്. സാധാരണ ടാക്സിയില്‍ കൊച്ചിയിലെ വീട്ടിലേക്ക് പോകാറുണ്ടായിരുന്ന സയനോര യൂബര്‍ ടാക്സി ലഭ്യമായതോടെ അതില്‍ യാത്ര തുടങ്ങാനൊരുങ്ങവെയാണ് ഓട്ടോക്കാരെത്തി ബഹളം വച്ചത്. ടാക്സി ഡ്രൈവറെ കോളറില്‍ പിടിച്ച് പുറത്തിറക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍മാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് സയനോര പറയുന്നു.

യൂബര്‍ ടാക്സി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറ്റരുതെന്നാണ് ഡ്രൈവര്‍ന്മാര്‍ ആക്രോശിച്ചത്. ഇവര്‍ കയ്യേറ്റം ചെയ്യാനാരംഭിച്ചതോടെ സയനോര ബഹളം വച്ചു. തുട്ര‍ന്ന് മറ്റ് യാത്രക്കാരും എത്തി. തുടര്‍ന്ന് യൂബര്‍ ടാക്സിയില്‍ തന്നെയാണ് സയനോര യാത്ര തുടര്‍ന്നത്. പുലര്‍ച്ചെ ഉണ്ടായ ഈ സംഭവം വളരെയധികം പേടിപ്പിച്ചുവെന്ന് സയനോര പറയുന്നു. രാവിലെ ഫെയ്സ് ബുക്ക് ലൈവിലൂടെ സയനോര തന്നെയാണ് ഇക്കാര്യം പുറംലോകവുമായി പങ്കുവച്ചത്.

ഇന്‍ഫോ പാര്‍ക്കിലെ പെണ്‍കുട്ടിയ്ക്കെതിരെ ഇതുപോലെ മോശമായി പ്രതികരിച്ച ഓട്ടോ ഡ്രൈവര്‍മാരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. അന്ന് ആ പെണ്‍കുട്ടി സംഭവം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വീഡിയോയില്‍ ഉണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തിരുന്നു.

ubar sayanora